Connect with us

Kozhikode

കുന്ദമംഗലം സീറ്റ് മാറ്റം: തീരുമാനം നീളുന്നു

Published

|

Last Updated

കുന്ദമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പണം അടുത്തെത്തിയിട്ടും കുന്ദമംഗലം സീറ്റ് ആര്‍ക്ക് നല്‍കണമെന്ന തീരുമാനം വൈകുന്നത് യു ഡി എഫ് അണികളെ നിരാശരാക്കുന്നു. ഏറെക്കാലമായി ലീഗിന്റെ കൈവശമുള്ള സീറ്റ്, ബാലുശ്ശേരിയുമായി വെച്ചുമാറാനുള്ള നീക്കമാണ് എങ്ങുമെത്താതെ നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഈയൊരു ചര്‍ച്ച ആരംഭിച്ചിരുന്നുവെങ്കിലും തീരുമാനത്തിലെത്താന്‍ കഴിയാത്തത് യു ഡി എഫിനെ കുഴക്കുകയാണ്.
എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എം എല്‍ എ പി ടി എ റഹീം മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇടതുമുന്നണി ഔദ്യോഗികമായി റഹീമിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സീറ്റ് നിലനിര്‍ത്താനുള്ള മുന്നൊരുക്കങ്ങളിലാണ് ഇദ്ദേഹമുള്ളത്. ലീഗ് വിട്ട് വന്ന ഒരാളെന്ന നിലയില്‍ റഹീമിനെതിരില്‍ ഒരു ലീഗുകാരന്‍ തന്നെ മത്സരിക്കണമെന്ന ആഗ്രഹമാണ് മുസ്‌ലിം ലീഗുകാര്‍ക്കുള്ളത്.
സീറ്റ് ലഭിക്കുന്നതിന് മണ്ഡലം ലീഗ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. നീണ്ടകാലം സംവരണ സീറ്റായിരുന്ന ഇവിടെ അഖിലേന്ത്യാ ലീഗിന്റെ നേതാവായിരുന്ന കെ പി രാമന്‍ മാസ്റ്റര്‍ ഹാട്രിക്ക് വിജയം നേടുകയും പിന്നീട് എല്‍ ഡി എഫിന്റെ കുത്തകസീറ്റായി അറിയപ്പെട്ടിരുന്ന മണ്ഡലത്തില്‍ സി പി എമ്മിന്റെ സമുന്നത നേതാവായിരുന്ന സി പി ബാലന്‍ വൈദ്യരെയും പെരിഞ്ചേരി കുഞ്ഞനെയും തുടര്‍ച്ചയായി രണ്ട് തവണ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച യു സി രാമന്‍ പരാജയപ്പെടുത്തിയതും ഉയര്‍ത്തിക്കാട്ടിയാണ് ലിഗുകാര്‍ സീറ്റിന് വേണ്ടി വാദിക്കുന്നത്. വിജയസാധ്യതയുണ്ടായിട്ടും കഴിഞ്ഞ തവണ മണ്ഡലം മാറിവന്ന റഹീമിനോട് ദയനീയമായി രാമന്‍ പരാജയം ഏറ്റുവാങ്ങിയത് ചൂണ്ടിക്കാണിച്ചും ജനറല്‍ സീറ്റായി മാറിയതിനാല്‍ പ്രമുഖനായ നേതാവിനെ രംഗത്തിറക്കി ജില്ലയിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ കുന്ദമംഗലം പിടിച്ചെടുത്താല്‍ പാര്‍ട്ടിക്ക് കൂടുതല്‍ ശക്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് സീറ്റിന് വാദിക്കുന്നത്. ഇതിനിടയില്‍ കുന്ദമംഗലം സീറ്റ് ജനതാദളിന് നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. യുവ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലീം മടവൂരിന്റെ പേരും ഇവിടേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
എന്നാല്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയാല്‍ ഏതെങ്കിലും ഗ്രൂപ്പിനായിരിക്കും മണ്ഡലം ലഭിക്കുകയെന്നും ഇത് വിജയത്തെ ബാധിക്കുമെന്നും മത്സര രംഗത്ത് വരാന്‍ വേണ്ടി ചില കേന്ദ്രങ്ങള്‍ സംസ്ഥാന നേതൃത്വത്തിലെ ചിലരെ സ്വാധീനിച്ച് നടത്തുന്ന നീക്കമാണ് സീറ്റ് വെച്ചുമാറലിന് പിന്നിലുള്ളതെന്ന് പറയുന്നവരും ഏറെയാണ്. കഴിഞ്ഞ തവണയില്‍ നിന്ന് വിത്യസ്തമായി യു ഡി എഫിന് അനുകൂല ഘടകമാണിപ്പോഴെന്നും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളില്‍ നിന്ന് വിത്യസ്തമായി എല്‍ ഡി എഫിന്റെ വോട്ടുകള്‍ കുറഞ്ഞതായും എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥി വന്നാല്‍ വിജയം ഉറപ്പാണെന്നും ഇതിന് വേണ്ടിയുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നും യു ഡി എഫുകാര്‍ പറയുന്നു.
2011ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ടി എ റഹീം 3269 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 66,169 വോട്ടാണ് അദ്ദേഹം നേടിയത്. എതിരാളി യു സി രാമന് 62,900 വോട്ടും ബി ജെ പി സ്ഥാനാര്‍ഥി സി കെ പത്മനാഭന് 17,123 വോട്ടും ലഭിച്ചു. 2001ല്‍ 3711 വോട്ടിന്റെയും 2006ല്‍ 297 വോട്ടിന്റെയും ലീഡിലാണ് രാമന്‍ വിജയിച്ചിരുന്നത്. നിക്ഷ്പക്ഷ വോട്ടുകള്‍ കൂടുതലുള്ള മണ്ഡലമായതിനാല്‍, സ്വത്രന്ത്ര ചിഹ്ന്‌നത്തിലായിരുന്നു രാമന്റെ വിജയം. കഴിഞ്ഞ തവണ പി ടി എ റഹീം മത്സരിച്ചതും സ്വതന്ത്രചിഹ്നത്തിലായിരുന്നു.
ഏഴ് പഞ്ചായത്തായിരുന്നു ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നത്. 2011ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഒളവണ്ണ കുന്ദമംഗലത്തേക്കും മുക്കം തിരുവമ്പാടി മണ്ഡലത്തിലേക്കും കുരുവട്ടൂര്‍ പഞ്ചായത്ത് എലത്തൂര്‍ മണ്ഡലത്തിലേക്കും മാറിയതോടെ ആറ് പഞ്ചായത്തായി ചുരുങ്ങി. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും മിക്ക പഞ്ചായത്തുകളിലും നല്ല പ്രതി ഛായയുണ്ടാക്കിയിരുന്നു. ചാത്തമംഗലം, ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകള്‍ എല്‍ ഡി എഫിന് മുന്‍തൂക്കമുള്ള പഞ്ചായത്താണ്. കുന്ദമംഗലം, പെരുവയല്‍ പഞ്ചായത്തുകളില്‍ യു ഡി എഫിനാണ് സ്വാധീനമുള്ളത്. ഇടതും വലതും ഒപ്പമായതിനാല്‍ മാവൂരില്‍ നറുക്കെടുപ്പിലൂടെ യു ഡി എഫിലെ സി മുനീറത്ത് പ്രസിഡന്റാകുകയായിരുന്നു. പെരുമണ്ണ യു ഡി എഫിനൊപ്പമായിരുന്നു നേരത്തെയുണ്ടാരുന്നത്.
ബി ജെ പി അമിത പ്രതീക്ഷ നല്‍കുന്ന മണ്ഡലങ്ങളിലൊന്നായാണ് കുന്ദമംഗലം. ഇവര്‍ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസും മറ്റും തുറന്ന് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇത്തവണയും സി കെ പത്മനാഭനാകും ബി ജെ പി സ്ഥാനാര്‍ഥി.

Latest