പ്രവചനാതീതം തിരുവമ്പാടി…

Posted on: March 15, 2016 12:44 pm | Last updated: March 15, 2016 at 12:44 pm

കോഴിക്കോട്:വര്‍ഷങ്ങളുടെ കഠിന പ്രയത്‌നത്താല്‍, മണ്ണില്‍ പൊന്ന് വിളയിച്ച്, കാട് നാടാക്കി മാറ്റിയ പ്രദേശമാണ് തിരുവമ്പാടി. മലയോര- കുടിയേറ്റ കര്‍ഷകരുടെ ഹൃദയ ഭൂമികയായ ഇവിടെ മുസ്‌ലിം, ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. മലയോര ജനത നിലനില്‍പ്പിനായി പോരാടുന്ന ഒരു പ്രത്യേക സാഹചര്യത്തില്‍ തിരുവമ്പാടിയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഇത്തവണ സംസ്ഥാനതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഗാഡ്കില്‍ – കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന മണ്ണില്‍ നിന്ന് കുടിയറക്കപ്പെടുമോയെന്ന വിട്ടുമാറാത്ത ഭീതി, കര്‍ഷകരുടെ ഭൂമിക്ക് നികുതി സ്വീകരിക്കാത്ത അവസ്ഥ, പ്രധാന വരുമാന മാര്‍ഗമായ റബ്ബറിന്റെയും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടെയും വിലത്തകര്‍ച്ചയില്‍ തളര്‍ന്ന സാമ്പത്തിക രംഗം, നിരവധി ക്വാറികളും മറ്റും പ്രവര്‍ത്തിച്ചിരുന്ന ഇവിടെ നിര്‍മാണ മേഖലകളിലെ നിയന്ത്രണങ്ങള്‍ കാരണം ഭൂരിഭാഗവും അടച്ച്പൂട്ടിയ സാഹചര്യം. ഏറെ സങ്കീര്‍ണായ ഒരു സാഹചര്യത്തിനിടെ, യു ഡി എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തോടെയുണ്ടായ കോലാഹലങ്ങളും കൂടിയായപ്പോള്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉരുക്കുകോട്ടയായ ഇത്തവണ മത്സരം പ്രവചനാതീതമായിരിക്കുകയാണ്.
സിറ്റിംഗ് എം എല്‍ എ സി മോയിന്‍ കുട്ടിയെ പിന്‍വലിച്ച് വി എം ഉമ്മര്‍ മാസ്റ്ററെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ മലയോര കര്‍ഷക സമിതിയും താമരശ്ശേരി രൂപതയും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകനായ, മണ്ഡലത്തില്‍ നിന്നുള്ള ഒരാളെ മാത്രമേ യു ഡി എഫ് സ്ഥാനാര്‍ഥിയായി അംഗീകരിക്കുവെന്നാണ് ഇവര്‍ പറയുന്നത്. യു ഡി എഫ് സ്ഥാനാര്‍ഥിയെ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുന്നു. എന്നാല്‍ ക്രൈസ്തവ സമുദായത്തില്‍പ്പെട്ടയാളെ സ്ഥാനാര്‍ഥിയാക്കണമെന്ന രഹസ്യ അജന്‍ഡയുടെ ഭാഗമായാണ് മലയോര കര്‍ഷക സമിതിയുടെ പ്രതിഷേധമെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. തീരുമാനിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ ചില നേതാക്കന്‍മാര്‍ ലീഗ് സ്ഥാനാര്‍ഥിക്ക് എതിരായ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്ന ആരോപണം ഉണ്ടെങ്കിലും യു ഡി എഫ് സംവിധാനത്തെ ഒറ്റക്കെട്ടായി വി എം ഉമ്മറിന് പിന്നില്‍ അണിനിരത്താനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്.
യു ഡി എഫിനുള്ളിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന എല്‍ ഡി എഫ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ എം എല്‍ എ ജോര്‍ജ് എം തോമസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഗിരീഷ് ജോണ്‍ എന്നിവരുടെ പേരുകളാണ് എല്‍ ഡി എഫില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. നേരത്തെ എം ല്‍ എയായ സമയത്ത് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും വലിയ തോതിലുള്ള വ്യക്തിബന്ധങ്ങളുമാണ് ജോര്‍ജ് എം തോമസിന് അനുകൂലമായുള്ളത്. എന്നാല്‍ സഭാ നേതൃത്വവുമായും മുസ്‌ലിം സംഘടനകളുമായുമുള്ള അടുത്ത ബന്ധവും യു ഡി എഫിന് സ്വാധീനമുള്ള പുതുപ്പാടി സ്വദേശി എന്നതും യുവനേതാവായ ഗിരീഷിനും സാധ്യത കല്‍പ്പിക്കുന്നു.
1977ലെ അടിയന്തരാവസ്ഥക്ക് ശേഷമാണ് തിരുവമ്പാടി നിയമസഭാ മണ്ഡലം നിലവില്‍വന്നത്. 39 വര്‍ഷത്തെ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ യു ഡി എഫിന്റെ ശക്തികേന്ദ്രമാണ് തിരുവമ്പാടിയെന്ന് നിസ്സംശയം പറയാം. മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി സിറിയക് ജോണാണ് ആദ്യ എം എല്‍ എ. 1977, 1980, 1982 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ടിക്കറ്റിലും കോണ്‍ഗ്രസ് യുനൈറ്റഡിന്റെ സ്ഥാനാര്‍ഥിയായും സ്വതന്ത്രനായും സിറിയക് ജോണ്‍ തിരുവമ്പാടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ കോണ്‍ഗ്രസിലെ പി വി ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. 1991മുതലാണ് മുസ്‌ലിം ലീഗ് തിരുവമ്പാടിയില്‍ മത്സരിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഇങ്ങോട്ടുള്ള 25 വര്‍ഷത്തില്‍ 20 വര്‍ഷവും ലീഗ് പ്രതിനിധികള്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറി. 1991ലും 1996ലും എ വി അബ്ദുറഹ്മാന്‍ ഹാജിയും 2001ല്‍ സി മോയിന്‍ കുട്ടിയും ജയിച്ചു.
എന്നാല്‍ 2006ലെ യു ഡി എഫ് വിരുദ്ധ തരംഗത്തില്‍ തിരുവമ്പാടിയും ഒലിച്ചുപോയി. ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ ആദ്യമായി ഒരാള്‍ മലയോര, കുടിയേറ്റ മണ്ണില്‍ നിന്നും ജയിച്ചുകയറി. സി പി എമ്മിലെ കരുത്തനായ മത്തായി ചാക്കോയാണ് മുസ്‌ലിം ലീഗിലെ മായിന്‍ ഹാജിയെ കീഴടക്കി തിരുവമ്പാടിയില്‍ ചെങ്കോടി പാറിച്ചത്. എന്നാല്‍ മത്തായി ചാക്കോയുടെ ആകസ്മിക മരണം തിരുവമ്പാടിയിലെ ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിച്ചു. ഇരുമുന്നണിയും പതിനെട്ടടവും പയറ്റിയ, സംസ്ഥാനം ഉറ്റുനോക്കിയ 2007ലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മണ്ഡലം നിലനിര്‍ത്തി. 250 വോട്ടിന് മുസ്‌ലിം ലീഗിലെ വി എം ഉമ്മര്‍ മാസ്റ്ററെ സി പി എം സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസ് മറികടക്കുകയായിരുന്നു. എന്നാല്‍ 2011ലെ ജോര്‍ജ് എം തോമസിനെ മുട്ടുകുത്തിച്ച് ലീഗിന്റെ മുന്‍ പോരാളി സി മോയിന്‍ കുട്ടി മണ്ഡലം തിരിച്ചുപിടിച്ചു.
2011ല്‍ യു ഡി എഫ് ജയിച്ചെങ്കിലും മണ്ഡലത്തിലെ രാഷ്ട്രീയ ബലാബലത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. മുമ്പ് പതിനായിരക്കണക്കിന് വോട്ടിന് യു ഡി എഫ് ജയിച്ചിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ ഒന്ന് രണ്ട് തിരഞ്ഞെടുപ്പുകളിലായി ഇരുമുന്നണിയും തമ്മിലുള്ള വിത്യാസം 8000 വോട്ടിന് താഴെയാണ്. നേരത്തെ തിരുവമ്പാടി മണ്ഡലത്തിന്റെ ഭാഗമായ യു ഡി എഫ് ശക്തികേന്ദ്രമായ താമരശ്ശേരി പഞ്ചായത്ത് കൊടുവള്ളി മണ്ഡലത്തിലേക്ക് മാറിയതും എല്‍ ഡി എഫിന് സ്വാധീനമുള്ള മുക്കം തിരുവമ്പാടിയുടെ ഭാഗമായതുമാണ് ഇതിന് പ്രധാന കാരണം.
മുക്കം മുനിസിപ്പാലിറ്റിയും കാരശ്ശേരി, കൊടിയത്തൂര്‍, കോടഞ്ചേരി, കൂടരഞ്ഞി, പുതുപ്പാടി, തിരുവമ്പാടി എന്നീ ആറ് പഞ്ചായത്തുകളും ചേര്‍ന്നതാണ് തിരുവമ്പാടി നിയമസഭാ മണ്ഡലം. ഇതില്‍ 2014ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പ്രകാരം യു ഡി എഫിനും 2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രകാരം എല്‍ ഡി എഫിനുമാണ് മുന്‍തൂക്കം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുക്കം മുനിസിപ്പാലിറ്റിയും പുതുപ്പാടി, കൊടിയത്തൂര്‍, കാരശ്ശേരി, തിരുവമ്പാടി എന്നീ നാല് പഞ്ചായത്തുകളും എല്‍ ഡി എഫ് പിടിച്ചപ്പോള്‍ കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫ് ജയിച്ചത്. യു ഡി എഫ് ജയിച്ച രണ്ട് പഞ്ചായത്തുകളിലാണ് മലയോര കര്‍ഷക സമിതിക്കും താമരശ്ശേരി രൂപതക്കും വ്യക്തമായ സ്വാധീനമുള്ളതെന്നത് ശ്രദ്ധേയമാണ്. എങ്കിലും പാര്‍ട്ടി വോട്ടുകള്‍ക്ക് ഒരു പോറലും ഏറ്റിട്ടില്ലെന്നും സ്ഥാനാര്‍ഥിക്കെതിരെ കടുത്ത എതിര്‍പ്പുകളുണ്ടായിട്ടും കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് മുന്നിലെത്തിയത് ഇതിന് തെളിവാണെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. പുതുപ്പാടി, കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം, തിരുവമ്പാടി പഞ്ചായത്തുകളില്‍ മുസ്‌ലിം ലീഗിന് മികച്ച അടത്തിറയുള്ളതും അവര്‍ക്ക് പ്രതീക്ഷയേറ്റുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കടുത്ത മത്സരം നടക്കുമെങ്കിലും ജയിച്ചു കയറാമെന്ന ഉറച്ച പ്രതീക്ഷ എല്‍ ഡി എഫ് നേതാക്കളും പങ്കുവെക്കുന്നു. എതായാലും ജില്ലയിലെ മറ്റ് മണ്ഡലങ്ങളെയും സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് തിരുവമ്പാടിയിലെ തിരഞ്ഞെടുപ്പ് രംഗം ഇത്തവണ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.