കളിപ്പാട്ടുകള്‍ പാടി ഒടുവില്‍ പുസ്തകവുമിറക്കി റസലും റാസിയും

Posted on: March 15, 2016 11:13 am | Last updated: March 15, 2016 at 11:13 am

mlp1കാളികാവ്: കണ്ടതിനെ കുറിച്ചെല്ലാം പാടി നടന്ന റാസിക്കും റസലുമിപ്പോള്‍ രണ്ട് കൊച്ചു ഗ്രന്ഥ കര്‍ത്താക്കളായി മാറിയിരിക്കുന്നു. തങ്ങളുടെ പാട്ടുകളും കവിതകളും പുസ്തകരൂപത്തിലായതിന്റെ ആഹ്ലാദത്തിലാണ് ഇരുവരും.

മഴവില്ലിനെ സ്‌നേഹിക്കുന്ന റസലിന്റെ പുസ്തകത്തിനും പേര് മഴവില്ല് കാണം എന്നാണ്. റാസിയുടെ പുസ്തകത്തിന്റെ പേര് മരത്തിന്റെ ഇലകള്‍ എന്നാണ്. അമ്പലക്കടവിലെ വള്ളിക്കാപറമ്പന്‍ ഫസലുദ്ദീന്റെ മകനായ റാസി അമ്പലക്കടവ് എ എം എല്‍ പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ഇളയ സഹോദരന്‍ റസല്‍ എല്‍ കെ ജിയിലും. ഇരുവര്‍ക്കും വ്യത്യസ്ത സിദ്ധികളുണ്ട്. നിഷ്‌കളങ്കതയും തമാശയും കണ്ടതും കേട്ടതുമായ യാഥാര്‍ഥ്യങ്ങള്‍ കൂട്ടിയിണക്കിയ സാഹിത്യ നിര്‍മിതി മാതാപിതാക്കളുടെ പ്രോത്സാഹനവും ഒപ്പം ചിത്രങ്ങളും ചേര്‍ന്നപ്പോള്‍ മനോഹരങ്ങളായ രണ്ട് പുസ്തകങ്ങളായി മാറുകയായിരുന്നു.
മലയാള സാഹിത്യത്തിന് കളിപ്പാട്ടുകള്‍ എന്ന പുതിയ ശാഖ തന്നെ ഈ കുരുന്നുകള്‍ സംഭാവന ചെയ്തിരിക്കുകയാണ്. ഫുട്‌ബോളിനെ അതിരറ്റ് സ്‌നേഹിക്കുന്ന റാസി മരത്തിന്റെ ഇലകളില്‍ ‘യേസ് ഫുട്‌ബോള്‍ ‘ തലക്കെട്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് പാടുന്ന കവിതയുണ്ട്. പന്ത്‌കൊണ്ട് വിസ്മയ പ്രകടനം നടത്താനും റാസിക്ക് സാധിക്കും. ഇതേ പുസ്തകത്തില്‍ ഇന്ത്യ നല്ല ഇന്ത്യ എന്ന കവിതയും റാസി പാടിയിട്ടുണ്ട്. മഴവില്ല് കാണാം വായിക്കുമ്പോള്‍ അമേരിക്കയെ കുറിച്ച് റസല്‍ പാടുന്നു ‘ടിഷ്‌ക്കാം ടിഷ്‌ക്കാം അമേരിക്ക, ബോംബിടുന്ന അമേരിക്ക’ എന്നാണ്. പാട്ടിലൂടെ അമേരിക്കയുടെ യുദ്ധ കൊതിക്കെതിരെയുള്ള രോക്ഷമാണ് റസല്‍ വ്യക്തമാക്കുന്നത്.
കുട്ടികള്‍ പാടുന്ന പാട്ടുകളത്രയും എഡിറ്റ് ചെയ്തത് ഉമ്മ ഫഅ്മിതയാണ്. കോടതി ജീവനക്കാരനായ ഫസലുദ്ദീന്‍ മൊബൈലില്‍ പകര്‍ത്തിയും കേട്ടെഴുതിയുമാണ് കുരുന്നു പ്രതിഭകളുടെ രചനകള്‍ പുസ്തക രൂപത്തിലാക്കിയത്. കുട്ടികള്‍ക്ക് വേണ്ട പ്രോത്സഹാനങ്ങള്‍ ചെയ്താല്‍ അവരില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ പുറത്തുവരുമെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ഫസലുദ്ദീന്‍ പറയുന്നു