Connect with us

Kerala

സി പി എം അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറാകുന്നു

Published

|

Last Updated

തിരുവനന്തപുരം: സി പി എമ്മിന്റെ അന്തിമസ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുന്നതിനുള്ള ജില്ലാസെക്രട്ടേറിയറ്റ് യോഗങ്ങള്‍ തുടങ്ങി. സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിച്ച സ്ഥാനാര്‍ഥികളുടെ പേരുകള്‍ ജില്ലാസെക്രട്ടേറിയറ്റുകളില്‍ അവതരിപ്പിച്ചു. ഇനിയും തീരുമാനമാകാത്ത മണ്ഡലങ്ങളിലേക്ക് പുതിയ പേരുകള്‍ നിര്‍ദേശിക്കുന്നുണ്ട്. ജില്ലകളിലെ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാക്കി നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് വീണ്ടും ചേരും.
തിരുവനന്തപുരം ജില്ലാസെക്രട്ടേറിയറ്റ് ഇന്നലെ യോഗം ചേര്‍ന്നെങ്കിലും മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകാഭിപ്രായമായില്ല. പാറശാല മണ്ഡലത്തില്‍ സി കെ ഹരീന്ദ്രനെ മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും നെയ്യാറ്റിന്‍കര, അരുവിക്കര, വര്‍ക്കല മണ്ഡലത്തില്‍ ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവന്നു. പാറശാലയില്‍ ആനാവൂര്‍ നാഗപ്പനെയാണ് സ്ഥാനാര്‍ഥിയായി നേരത്തെ പരിഗണിച്ചത്.
എന്നാല്‍, ആനാവൂരിന് ജയ സാധ്യതയില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്ന് മറ്റൊരാളെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയാവുന്നതിനാല്‍ തത്സ്ഥാനത്തേക്ക് പരിഗണിക്കുന്നതും ആനാവൂരിനെ തഴയാന്‍ കാരണമായി. ഇതോടെയാണ് സി കെ ഹരീന്ദ്രന് നറുക്കുവീണത്.
നെയ്യാറ്റിന്‍കര ഏരിയാ സെക്രട്ടറിയായിരുന്ന ഹരീന്ദ്രന്‍ ജില്ലയില്‍ പാര്‍ട്ടിയുടെ പരിചയസമ്പന്നനായ നേതാവാണ്. നെയ്യാറ്റിന്‍കരയില്‍ യുവനേതാക്കളായ കെ ആന്‍സലന്‍, ബെന്‍ ഡാര്‍വിന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. നാടാര്‍ സമുദായത്തിന് പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സെല്‍വരാജിനെ തളക്കാന്‍ നാടാര്‍ സമുദായപ്രതിനിധി തന്നെ വേണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കെ അന്‍സലന്‍ സി പി എം ഏരിയാ സെക്രട്ടറിയും ബെന്‍ ഡാര്‍വിന്‍ ജില്ലാ പഞ്ചായത്ത് അംഗവും ഡിവൈഎഫ്‌ഐ നേതാവുമാണ്.
വര്‍ക്കലയില്‍ നേരത്തെ ആനത്തലവട്ടം ആനന്ദന്റെ പേര് പറഞ്ഞുകേട്ടെങ്കിലും ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി ബിജു, വി ജോയി എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്. അരുവിക്കരയില്‍ നേരത്തെ പരിഗണിച്ചിരുന്ന പി ബിജുവിന് പകരം യുവനേതാക്കളായ എം ഷിജുഖാന്‍, എ എ റഹിം, അഡ്വ.എ റഷീദ് എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നു. ഇവരില്‍ എ എ റഹിം കഴിഞ്ഞതവണ വര്‍ക്കലയില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അരുവിക്കരയില്‍ മുസ്‌ലീം സ്ഥാനാര്‍ഥിയെയും വര്‍ക്കലയില്‍ ഈഴവ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥിയെയും പരിഗണിക്കാനാണ് പ്രാഥമിക ധാരണ.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍. കഴക്കൂട്ടത്ത് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനേയും നേമത്ത് വി ശിവന്‍കുട്ടിയേയും വട്ടിയൂര്‍ക്കാവില്‍ ടിഎന്‍ സീമ, കാട്ടാക്കടയില്‍ ഐ ബി സതീഷ്, വാമനപുരത്ത് ഡി കെ മുരളി, ആറ്റിങ്ങലില്‍ ബി സത്യന്‍ എന്നിവരേയും മത്സരിപ്പിക്കാന്‍ നേരത്തെ ധാരണയായിരുന്നു.
കഴിഞ്ഞ തവണ ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന എ കെ ബാലനെ തരൂരില്‍ വീണ്ടും മത്സരിപ്പിക്കാനും തീരുമാനമായി. കോങ്ങാട് സിറ്റിംഗ് എം എല്‍ എ കെ വി വിജയദാസ് തന്നെ വീണ്ടും മത്സരിക്കും. തൃത്താലയിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കഴിഞ്ഞില്ല. പാലക്കാട് സീറ്റില്‍ എന്‍ എന്‍ കൃഷ്ണദാസും, ഷൊര്‍ണൂരില്‍ പി കെ ശശിയും ഒറ്റപ്പാലത്ത് സുബൈദ ഇസ്ഹാഖുമായിരിക്കും സ്ഥാനാര്‍ഥികള്‍. ആലത്തൂര്‍ കെ ഡി പ്രസേനന്‍, നെന്മാറ കെ ബാബു എന്നിവരെയും നിശ്ചയിച്ചു
കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ളസ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായി. കൂത്തുപറമ്പും, കണ്ണൂരും, ഇരിക്കൂറും, അഴീക്കോടും ഒഴിച്ചിട്ട് തയാറാക്കിയ പട്ടികയില്‍ വലിയ മാറ്റങ്ങളില്ല. തലശ്ശേരിയില്‍ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീറിനെ മത്സരിപ്പിക്കും. സിറ്റിംഗ് എം എല്‍ എമാരായ ഇ പി ജയരാജന്‍(മട്ടന്നൂര്‍), ടി വി രാജേഷ്(കല്യാശേരി) സി കൃഷ്ണന്‍(പയ്യന്നൂര്‍), ജയിംസ് മാത്യു(തളിപ്പറമ്പ്) എന്നിവര്‍ വീണ്ടും മത്സരിക്കും.
കഴിഞ്ഞ തവണ പേരാവൂരില്‍ മത്സരിച്ച കെ കെ ശൈലജ തന്നെ അവിടെ ഇത്തവണയും മത്സരിക്കും. കോഴിക്കോട് ജില്ലയില്‍ രണ്ട് സീറ്റ് ഒഴിച്ചിട്ട് പട്ടിക തയാറായി. കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ്കുമാറും, കുന്ദമംഗലത്ത് പി ടി എ റഹിമും, ബാലുശേരിയില്‍ പുരുഷന്‍ കടലുണ്ടിയും, കൊയിലാണ്ടിയില്‍ കെ ദാസനും, പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണനും കുറ്റിയാടിയില്‍ കെ കെ ലതികയുമായിരിക്കും സ്ഥാനാര്‍ഥികള്‍. തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസായിരിക്കും മത്സരിക്കുക.
കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായില്ല. ഈ രണ്ട് സീറ്റിലും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാകും സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനമുണ്ടാകുക. മുഹമ്മദ് റിയാസ്, സി പി മുസാഫര്‍ അഹമ്മദ്, എം മെഹബൂബ് എന്നിവരില്‍ രണ്ട് പേരാകും ബേപ്പൂരും കോഴിക്കോട് സൗത്തിലും മത്സരിക്കുകയെന്നാണ് സൂചന. കൊടുവള്ളിയില്‍ ലീഗ് വിമതന്‍ കാരാട്ട് റസാഖിനെ എല്‍ ഡി എഫ് പിന്തുണക്കും.
കൊല്ലം ജില്ലയിലെ പട്ടികയില്‍ മാറ്റം വരുത്തി. കൊല്ലത്ത് സിറ്റിംഗ് എം എല്‍ എ. പി കെ ഗുരുദാസന്റെയും കൊട്ടാരക്കരയില്‍ മുന്‍ ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍, കുണ്ടറയില്‍ സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൊട്ടാരക്കര സീറ്റ് തിരിച്ചുപിടിച്ച് രണ്ട് തവണ അവിടെ വിജയിച്ച ഐഷ പോറ്റിയുടെ പേര് ഒഴിവാക്കപ്പെട്ടതാണ് പ്രധാന മാറ്റം. ജില്ലയില്‍ ഒരു വനിതാ സ്ഥാനാര്‍ഥി എന്ന മാനദണ്ഡം അനുസരിച്ച് മേഴ്‌സിക്കുട്ടിയമ്മയുടെ പേര് കുണ്ടറയില്‍ നിശ്ചയിച്ചതിനാലാണ് ഐഷ പോറ്റിയുടെ പേര് ഒഴിവാക്കിയത്.
കാസര്‍കോഡ് ജില്ലയില്‍ മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അഡ്വ സി എച്ച് കുഞ്ഞമ്പുവും, ഉദുമയില്‍ ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമനും, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം രാജഗോപാലും മത്സരിക്കാനാണ് ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്. കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിക്കാന്‍ ഐഎന്‍എല്‍ വിമുഖത അറിയിച്ചതിനെ തുടര്‍ന്ന് ഈ സീറ്റ് സി പി എം ഏറ്റെടുക്കും. ഇങ്ങനെയായാല്‍ മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി പി ശ്യാമളാദേവിയാകും സി പി എം സ്ഥാനാര്‍ഥി.

Latest