മതവിശ്വാസങ്ങളിലെ ബാഹ്യഇടപെടല്‍ ചെറുക്കും: കാന്തപുരം

Posted on: March 15, 2016 12:01 am | Last updated: March 15, 2016 at 12:00 am
എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ് സമര്‍പ്പണം വിഴിഞ്ഞത്ത്                       കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു
എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ് സമര്‍പ്പണം വിഴിഞ്ഞത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു

തിരുവനന്തപുരം: ഇസ്‌ലാം മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആധികാരികമായി പറയേണ്ടത് പണ്ഡിതരാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇസ്‌ലാമിനെ വിശദമായി പഠിക്കാതെ വികലമാക്കി അഭിപ്രായം പറയുന്നവര്‍ പൊതുസമൂഹത്തില്‍ അനാവശ്യതെറ്റിദ്ധാരണ പരത്തുകയാണ്. ശരീഅത്ത് നിയമങ്ങള്‍ അനുവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണെന്നും കാന്തപുരം പറഞ്ഞു. സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ വിഴിഞ്ഞത്ത് നടന്ന താജുല്‍ ഉലമാ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം.
പ്രവാചകാധ്യാപനങ്ങളില്‍ ഊന്നിയാണ് മുസ്‌ലിം ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രവാചകര്‍ക്ക് ശേഷം ഇസ്‌ലാമിന്റെ നിലനില്‍പ്പ് പണ്ഡിതരിലൂടെയാണ്. സ്ത്രീയുടെ സുരക്ഷ,അഭിമാനം, നീതിഎന്നിവക്ക് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നുണ്ട് . എന്നാല്‍, അനാവശ്യമായ ജല്‍പ്പനങ്ങള്‍ നടത്തി തെറ്റിദ്ധാരണ സൃഷ്ടിച്ച് ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനെ വേര്‍തിരിച്ച് ആക്രമിക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോകില്ല. ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും ഒറ്റപ്പെടുത്തി കാണുന്നവരാണ് ശരീഅത്ത് നിയമങ്ങളെ കടന്നാക്രമിക്കുന്നത്. മതവിശ്വാസങ്ങളിലെ ബാഹ്യഇടപെടല്‍ ചെറുക്കുമെന്നും കാന്തപുരം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സാന്ത്വനം ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള ആംബുലന്‍സിന്റെ സമര്‍പ്പണം വിഴിഞ്ഞം തെക്കുംഭാഗം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഹുമയൂണ്‍ കബീറിന് താക്കോല്‍ കൈമാറി കാന്തപുരം നിര്‍വഹിച്ചു.
പി എച്ച് ഹൈദറൂസ് മുസ്‌ലിയാര്‍, പി എ മുഹമ്മദ് കുഞ്ഞി സഖാഫി, നേമം സിദ്ദീഖ് സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, മുഹമ്മദ് ഫാറൂഖ് നഈമി, വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, ആലംകോട് ഹാഷിം മുസ്‌ലിയാര്‍, ശറഫുദ്ദീന്‍ പോത്തന്‍കോട്, സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍, സയ്യിദ് ഖലീലുല്‍ റഹ്മാന്‍ തങ്ങള്‍, ശാഹുല്‍ ഹമീദ് സഖാഫി ബീമാപ്പള്ളി, ശാഹുല്‍ഹമീദ് മുസ്‌ലിയാര്‍, എ എ സലാം മുസ്‌ലിയാര്‍, അബൂസാലിഹ് മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി വിഴിഞ്ഞം, സക്കീര്‍മുസ്‌ലിയാര്‍ പ്രസംഗിച്ചു.