ഇന്ത്യ അനുകൂല പരാമര്‍ശം: അഫ്രീദിക്ക് നോട്ടീസ്

Posted on: March 14, 2016 6:29 pm | Last updated: March 14, 2016 at 6:41 pm

shahid-afridi-javed-miandad

ലാഹോര്‍: ഇന്ത്യക്കാരുടെ സ്‌നേഹത്തെ പ്രശംസിച്ച പാക്കിസ്ഥാന്‍ ട്വന്റി 20 ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിക്കെതിരേ കോടതി നോട്ടീസ്. സ്വന്തം രാജ്യമായ പാക്കിസ്ഥാനില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹമാണ് ഇന്ത്യയില്‍നിന്ന് ലഭിക്കുന്നതെന്ന പരാമര്‍ശത്തിന്റെ പേരിലാണ് അഫ്രീദിക്കെതിരേ നോട്ടീസ് അയച്ചിരിക്കുന്നത്.

ലോകകപ്പ് മത്സരങ്ങള്‍ക്കു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അഫ്രീദിയുടെ പരാമര്‍ശങ്ങള്‍. ഇന്ത്യയില്‍ ഒരിക്കല്‍പ്പോലും സുരക്ഷാ ഭീഷണിയുള്ളതായി അനുഭവപ്പെട്ടിട്ടില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു. പാക് ടീമിലെ സഹതാരം ഷൊയ്ബ് മാലിക്കും ക്യാപ്റ്റന്റെ അഭിപ്രായത്തെ പിന്തുണച്ചു. ലാഹോറിലെ ഒരു അഭിഭാഷകനാണ് അഫ്രീദിക്കെതിരേ കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദും അഫ്രീദിക്കെതിരെ രംഗത്ത് വന്നിരുന്നു. അഫ്രീദി പറഞ്ഞത് നാണക്കേടുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കളിക്കാര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് അപമാനകരമാണെന്നും മിയാന്‍ദാദ് പറഞ്ഞു.