ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; ഭാര്യാ പിതാവ് കീഴടങ്ങി

Posted on: March 14, 2016 3:14 pm | Last updated: March 14, 2016 at 3:14 pm

dalit killedതിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവാവിന്റെ ഭാര്യാപിതാവ് കോടതിയില്‍ കീഴടങ്ങി. ഉദുമല്‍പേട്ട സ്വദേശി ശങ്കര്‍ (23) ആണ് കൊല്ലപ്പെട്ടത്. ഭാര്യ കൗസല്യയെ(19) ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് ശങ്കറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. ഭാര്യാപിതാവിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് കൊലയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുമായി ഷോപ്പിംഗിന് എത്തിയ ശങ്കറിനെ ബൈക്കില്‍ എത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


പെണ്‍കുട്ടിയുടെ കണ്‍മുന്‍പില്‍വച്ചാണ് ശങ്കറിനെ സംഘം കൊലപ്പെടുത്തിയത്. എട്ടുമാസം മുമ്പാണ് 19കാരിയായ കൗസല്യയെ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ശങ്കര്‍ വിവാഹം ചെയ്തത്.വിവാഹത്തെ എതിര്‍ത്ത കൗസല്യയുടെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തിലെ അംഗമാണ് കൗസല്യ.
വിവാഹം കഴിച്ചതിന്റെ പ്രതികാരമായാണ് ശങ്കറിനെ വെട്ടി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ശങ്കര്‍. അന്വേഷണത്തിനായി തിരുപ്പൂര്‍ പൊലീസ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു.