എതിരാളിയെത്തും മുമ്പേ കോഴിക്കോട് സിറ്റിംഗ്എം എല്‍ എമാര്‍ കളത്തില്‍

Posted on: March 14, 2016 12:48 pm | Last updated: March 14, 2016 at 12:48 pm

കോഴിക്കോട്: എതിരാളിയായില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക പ്രവര്‍ത്തന രംഗത്താണ് ജില്ലയിലെ സിറ്റിംഗ് എം എല്‍ എമാര്‍. ജില്ലയില്‍ ഇരുമുന്നണിയുടെയും സിറ്റിംഗ് എം എല്‍ എമാരില്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിട്ടുള്ളവര്‍ മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. എന്‍ സി പിയുടെ സിറ്റിംഗ് എം എല്‍ എ എ. കെ ശശീന്ദ്രന്‍, കുന്ദമംഗലത്ത് ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന സെക്യുലര്‍ കോണ്‍ഫ്രന്‍സ് നേതാവ് പി ടി എ റഹീം എന്നിവര്‍ പാര്‍ട്ടിയിലും എതിര്‍പ്പില്ലാതെ സ്ഥാനാഥിത്വം ഉറപ്പിച്ചവരാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രചാരണ രംഗത്തും ഇവര്‍ സജീവമായിരുന്നു.

മുസ്‌ലിം ലീഗ് സിറ്റിംഗ് എം എല്‍ എമാരില്‍ ഡോ. എം കെ മുനീര്‍, വി എം ഉമ്മര്‍ മാസ്റ്റര്‍ എന്നിവരും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. സി പി എം സിറ്റിംഗ് എം എല്‍ എ. എ പ്രദീപ്കുമാറും മത്സര രംഗത്തുണ്ടാകുമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. എളമരം കരീം ഇത്തവണയും മത്സരിക്കുമെന്നാണ് കരുതിയിരുന്നുവെങ്കിലും സി പി എം അദ്ദേഹം മത്സരിക്കേണ്ടെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. വി എം ഉമ്മര്‍ മാസ്റ്റര്‍ മത്സരിക്കുന്ന തിരുവമ്പാടിയെ ചൊല്ലി തര്‍ക്കം തുടരുന്നുണ്ടെങ്കിലും കോഴിക്കോട് സൗത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മന്ത്രി ഡോ. എം കെ മുനീര്‍ പരസ്യ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ലെങ്കിലും വോട്ട് ഉറപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്.

മണ്ഡലത്തിലെ പരിപാടികളില്‍ അദ്ദേഹം സജീവമായി പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി യോഗങ്ങള്‍, പ്രധാന പ്രവര്‍ത്തകരെ കാണല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും എം കെ മുനീര്‍ സജീവമാണ്. എതിരാളി ആരാകുമെന്നതിനെ കുറിച്ച് വലിയ ധാരണയൊന്നുമായിട്ടില്ല. ഇടത് മുന്നണിക്ക് വേണ്ടി ഐ എന്‍ എല്‍ മത്സരിക്കുമെന്നും സി പി എമ്മാണെങ്കില്‍ മുസാഫിര്‍ അഹ്മദ്, കാനത്തില്‍ ജമീല എന്നിവരിലാരെങ്കിലും മത്സരിക്കുമെന്നുമാണ് കേള്‍ക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയവരാണ് എന്‍ സി പിയുടെ എ കെ ശശീന്ദ്രനും കുന്ദമംഗലത്ത് മത്സരിക്കുന്ന സെക്യുലര്‍ കോണ്‍ഫ്രന്‍സ് നേതാവ് പി ടി എ റഹീമും.
എലത്തൂരില്‍ മത്സരിക്കുന്ന എ കെ ശശീന്ദ്രന്‍ മണ്ഡലത്തില്‍ പ്രചാരണ ജാഥ നേരത്തെ സംഘടിപ്പിച്ചിരുന്നു. എന്‍ സി പി ക്ക് ലഭിക്കുന്ന എലത്തൂര്‍ സീററില്‍ പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പേരും പരിഗണനയില്‍ വന്നിരുന്നില്ല.

യു ഡി എഫ്, ജനതാദള്‍ യുവിന് നീക്കി വെച്ച സീറ്റില്‍ സംസ്ഥാന ജന. സെക്രട്ടറി ശെയ്ഖ് പി ഹാരിസ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. എതിരാളിയെ കുറിച്ച് പ്രഖ്യാപനമായില്ലെങ്കിലും മണ്ഡലത്തില്‍ എ കെ ശശീന്ദ്രന്‍ സജീവമായിട്ടുണ്ട്. മണ്ഡലത്തിലെ പ്രധാനികളെ കണ്ട് വോട്ടും സഹായവും ഉറപ്പ് വരുത്തുന്നുണ്ട്. പി ടി എ റഹീമും മണ്ഡലത്തില്‍ വോട്ട് ഉറപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. യു ഡി എഫില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. മുസ്‌ലിം ലീഗ് മത്സരിച്ചു വരുന്ന കുന്ദമംഗലം കോണ്‍ഗ്രസുമായി വെച്ചു മാറാന്‍ ലീഗിന് താത്പര്യമുണ്ട്. ലീഗാണെങ്കില്‍ യൂത്ത് ലീഗ് ദേശീയ നേതാവ് പി കെ ഫിറോസ് മത്സരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. കോണ്‍ഗ്രസിന് സീറ്റ് വിട്ട് കൊടുക്കാനുള്ള ആലോചനയെ തുടര്‍ന്നാണ് കുന്ദമംഗലം സീറ്റ് ഒഴിവാക്കി മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസാണെങ്കില്‍ ടി സിദ്ദീഖ്, കെ സി അബു എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. എതിര്‍ സ്ഥാനാര്‍ഥി ആരായാലും പ്രശ്‌നമില്ലെന്ന മട്ടില്‍ പി ടി എ റഹീം പോരിനിറങ്ങിക്കഴിഞ്ഞിട്ടുണ്ട്.കോഴിക്കോട് നോര്‍ത്തില്‍ സി പി എം മത്സരിപ്പിക്കുന്നത് എ പ്രദീപ് കുമാറിനെ തന്നെയാകും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നാലോളം പേരുണ്ട്. പാര്‍ട്ടി ഔദ്യാഗികമായി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചില്ലെങ്കിലും എ പ്രദീപ്കുമാറും മത്സരിക്കുമെന്ന് തന്നെയാണ് ധാരണ.