എല്ലാ കണ്ണുകളും വടകരയിലേക്ക്

Posted on: March 14, 2016 12:42 pm | Last updated: March 14, 2016 at 12:42 pm

കോഴിക്കോട്:നിയമസഭാ തിരഞ്ഞെടുപ്പില്‍ കടത്തനാടിന്റെ മണ്ണ് ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വടകരയിലെ പോരാട്ടം ഇത്തവണ ശക്തമാകുമെന്നാണ് സൂചന. കാലങ്ങളായി ഇടതുമുന്നണിക്കൊപ്പമായിരുന്നു വടകരയുടെ ഹൃദയം. എന്നാല്‍ 2009ല്‍ എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനാതാദള്‍ മുന്നണി വിട്ടതോടെ ഇടതുമുന്നണിയുടെ ശക്തിക്ക് അവിടെ കോട്ടം തട്ടി തുടങ്ങി.
കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലും അത് പ്രകടമായിരുന്നു. വടകരയുടെ രാഷ്ട്രീയ സാഹചര്യം മാറിയ ശേഷം കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വിജയിക്കാനായിരുന്നില്ല. അന്ന് കേവലം 847 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനതാദള്‍ എസ് സ്ഥാനാര്‍ഥി സി കെ നാണു അവിടെ വിജയിച്ചത്. വടകര നഗരസഭയും ചോറോട്, അഴിയൂര്‍, ഒഞ്ചിയം, ഏറാമല പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്നതാണ് വടകര നിയോജക മണ്ഡലം. ഇതില്‍ എല്‍ ഡി എഫ് ഭരിക്കുന്നത് വടകര നഗരസഭ മാത്രമാണ്. ഒഞ്ചിയത്ത് ലീഗിന്റെ സഹകരണത്തോടെ ആര്‍ എം പിയുമാണ് ഭരിക്കുന്നത്. ബാക്കിയുള്ള പഞ്ചായത്തുകള്‍ എല്ലാം തന്നെ യു ഡി എഫിന്റെ കൈയിലാണ്. മൊത്തം വോട്ടിന്റെ കണക്കുകള്‍ നോക്കുമ്പോള്‍ യു ഡി എഫിനാണ് മണ്ഡലത്തില്‍ മുന്‍ തൂക്കം.

സോഷ്യലിസ്റ്റുകള്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലമാണ് എന്നും വടകര. 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം കെ കേളുവിനായിരുന്നു വിജയം. 1960ല്‍ പി എസ് പിയിലെ എം കൃഷ്ണന്‍ വിജയിച്ചു. പിന്നീട് 1965, 67, 70 വര്‍ഷങ്ങളിലും എം കൃഷ്ണന് തന്നെയായിരുന്നു വിജയം. സോഷ്യലിസ്റ്റ് പാരമ്പര്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള വടകര രാഷ്ട്രീയ ചരിത്രം. അതില്‍ 1890ല്‍ ഐക്യമുന്നണിയുടെ ഭാഗമായി മത്സരിച്ചാണ് ചന്ദ്രശേഖരന്‍ വിജയിച്ചത്. പിന്നീട് 1996ലും 2001ലും സി കെ നാണുവും വിജയം വരിച്ചു. 2006ല്‍ എം കെ പ്രേംനാഥും പിന്നീട് ജനതാദള്‍ പിളര്‍പ്പിന് ശേഷം 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രേംനാഥിനെതിരെ മത്സരിച്ച് സി കെ നാണുവും വിജയിച്ചപ്പോഴും സോഷിലിസ്റ്റ് ആഭിമുഖ്യം തന്നെയാണുണ്ടായത്.
2008ല്‍ ഒഞ്ചിയം മേഖലയിലെ സി പി എമ്മിലുണ്ടായ പിളര്‍പ്പും, 2009ല്‍ ഇടതു പക്ഷത്തിന്റെ ഭാഗമായിരുന്ന ജനതാദള്‍ മുന്നണിവിട്ട് യു ഡി എഫ് പക്ഷത്തേക്ക് വന്നതുമാണ് ഈ മണ്ഡലത്തിന്റെ രാഷ്ട്രീയ ഘടനയെ മാറ്റി മറിച്ചത്.

സി പി എമ്മിലെ വിഭാഗീയത ആര്‍ എം പിയെന്ന പുതിയ രാഷ്ട്രീയ കക്ഷിയുടെ ഉദയത്തിനും കാരണമായ മണ്ണാണ് വടകര മണ്ഡലത്തിലേത്. ആര്‍ എം പിയുടെ സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരന്‍ വധത്തിനെതിരായ പ്രതിഷേധം ഇപ്പോഴും തീര്‍ന്നിട്ടില്ലയെന്നത് ഇടതുമുന്നണിക്ക് തലവേദന സൃഷ്ടിക്കുന്നു.
പതിറ്റാണ്ടുകളായി ജനതാദളിന്റെ മണ്ഡലമാണ് വടകര. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇരു മുന്നണികളിലും ചേക്കേറിയ വിഭാഗങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനും കളമൊരുങ്ങിയത് വടകരയിലായിരുന്നു.

കഴിഞ്ഞ തവണ ജെ ഡി എസിലെ സി കെ നാണു എസ് ജെ ഡിയിലെ അഡ്വ. എം കെ പ്രേംനാഥിനെ പരാജയപ്പെടുത്തിയത് 847 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ്. ഇടതുമുന്നണിയുടെ പ്രവര്‍ത്തന മികവിനേക്കാള്‍ എസ് ജെ ഡി യിലെ വിഭാഗീയതയായിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണമായത്. തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് തോറ്റ സ്ഥാനാര്‍ഥി ജയിച്ചയാളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതിനും പിന്നീട് വടകരയുടെ രാഷ്ട്രീയം സാക്ഷിയായി.
ഇത്തവണയും ജനാതാദള്‍ എസിന്റെയും ജനാതാദള്‍ യുവിന്റെയും പോരാട്ടത്തിനു തന്നെയാണ് വടകര സാക്ഷ്യം വഹിക്കുക. അതു കൊണ്ടുതന്നെ ഇരുമുന്നണികളും ഉറ്റുനോക്കുന്ന മണ്ഡലം കൂടിയാണ് വടകര.

വടകര ഇടതുമുന്നണിക്കു വേണ്ടി സിറ്റിംഗ് എം എല്‍ എയായ സി കെ നാണുവിനെ തന്നെ നിര്‍ത്താനാണ് സാധ്യതയെങ്കിലും ഇ പി ദാമോദരന്റെയും എം കെ പ്രേംനാഥിന്റെയും കെ ലോഹ്യയുടെയും പേരുകളും സ്ഥാനാര്‍ഥി പരിഗണനയിലുണ്ട്. മനയത്ത് ചന്ദ്രന്‍, എം കെ ഭാസ്‌കരന്‍, സലിം മടവൂര്‍ എന്നിവരുടെ പേരുകളാണ് യു ഡി എഫിന്റെ പരിഗണന പട്ടികയിലുള്ളത്.
എസ് എന്‍ ഡി പിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബി ഡി ജെ എസിന്റെ സഹകരണത്തോടെ കൂടുതല്‍ വോട്ടു കൊയ്യാമെന്ന പ്രതീക്ഷയിലാണ് വടകര ബി ജെ പി. ബി ജെ പി യുടെ വടകര മണ്ഡലം പ്രസിഡന്റ് അഡ്വ. എം രാജേഷിന്റെയും പി എം അശോകന്റെയും പേരുകളാണ് പരിഗണയിലുള്ളത്. ആര്‍ എം പി സ്ഥാനാര്‍ഥിയും വടകരയില്‍ മത്സരത്തിനുണ്ടാകും. കഴിഞ്ഞ തവണ ആര്‍ എം പി സ്ഥാനാര്‍ഥി എന്‍ വേണു 10,098 വോട്ടുകള്‍ നേടിയിരുന്നു.

വടകര മണ്ഡലത്തില്‍ അഞ്ച് വര്‍ഷത്തിനിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വെച്ചായിരിക്കും എല്‍ ഡി എഫ് പ്രചരണത്തിനിറങ്ങുക. 6.46 കോടി രൂപ ചിലവില്‍ നാരായണ നഗരത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം, ഗ്രൗണ്ട്, വിവിധ സ്‌കൂളുകള്‍ക്ക് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി നാല് കോടി രൂപ, എല്ലാ സ്‌കൂളുകളിലും കമ്പ്യൂട്ടര്‍, കെ എസ് ആര്‍ ടി സി ഡിപ്പോക്ക് 75 ലക്ഷം രൂപ തുടങ്ങിയവയാണ് പ്രധാന വികസന പദ്ധതികള്‍.
ചന്ദ്രശേഖരന്‍ വധമടക്കമുള്ള കാര്യങ്ങളും സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ക്കുമായിരിക്കും യു ഡി എഫ് ഇവിടെ പ്രാമുഖ്യം നല്‍കുന്നത്.
81,916 പെണ്‍ വോട്ടര്‍മാരും, 73,788 ആണ്‍ വോട്ടര്‍മാരുമടക്കം ആകെ 15,5704 വോട്ടര്‍മാരാണ് വടകര മണ്ഡലത്തിലുള്ളത്.