Connect with us

Kerala

'മക്കളാ'രും വിട്ടുപോയിട്ടില്ല; മത്സരിക്കാന്‍ അവരുണ്ട്

Published

|

Last Updated

കോഴിക്കോട് :നിയമസഭയിലെ “മക്കള്‍ “എല്ലാവരും ഇത്തവണയും സീറ്റുറപ്പിച്ച് കഴിഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച കേരള രാഷ്ട്രീയത്തിലെ “മക്കളെ”ല്ലാം ഇത്തവണയും മത്സര രംഗത്തുണ്ടാകുമെന്നുറപ്പായിട്ടുണ്ട്. നാല് മന്ത്രിമാര്‍ ഉള്‍പ്പെടെ നിലവിലുള്ള നിയമസഭയില്‍ ഏഴ് അംഗങ്ങളാണ് പ്രമുഖ നേതാക്കളുടെ മക്കളായുള്ളത്.
മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ മകന്‍ സാമൂഹിക നീതി മന്ത്രി ഡോ എം കെ മുനീര്‍, മുന്‍ തൊഴില്‍ മന്ത്രി ബേബി ജോണിന്റെ മകന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, മുന്‍ ഭക്ഷ്യ മന്ത്രി ടി എം ജേക്കബ്ബിന്റെ മകന്‍ ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്ബ്, മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍, മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ ബി ഗണേഷ്‌കുമാര്‍, മുന്‍ മന്ത്രി എം പി വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ്‌കുമാര്‍, മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥ്, മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍ കുട്ടി നഹയുടെ മകന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് എന്നിവരാണ് ഇത്തവണയും സീറ്റ് ഉറപ്പിച്ചവര്‍. ഇവര്‍ക്ക് പുറമെ ഇത്തവണ മുന്‍ മന്ത്രി എം വി രാഘവന്റെ മകന്‍ എം വി നികേഷ്‌കുമാറും മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന.
ഡോ എം കെ മുനീര്‍ കോഴിക്കോട് സൗത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഔദ്യാഗിക പ്രഖ്യാപനം വന്ന് കഴിഞ്ഞു. 2011 ല്‍ ഇതേ മണ്ഡലത്തില്‍ നിന്നാണ് എം കെ മുനീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഒരു തവണ മലപ്പുറത്ത്‌നിന്നും മൂന്ന് തവണ കോഴിക്കോട് രണ്ടില്‍ നിന്നുമാണ് മുനീര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ഷിബു ഇത്തവണയും യു ഡി എഫ് സ്ഥാനാര്‍ഥിയായി ചവറ സീറ്റില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.1960 മുതല്‍ 1996 വരെ ബേബിജോണ്‍ പ്രതിനിധീകരിച്ച മണ്ഡലമാണിത്. കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ചെയര്‍മാന്‍ ടി എം ജേക്കബ്ബിന്റെ മരണ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകന്‍ അനൂപ് ജേക്കബ്ബ് പിറവത്ത് മത്സരിച്ച് ജയിച്ചത്. തുടര്‍ന്ന് പിതാവ് കൈകാര്യം ചെയ്ത ഭക്ഷ്യ വകുപ്പിന്റെ മന്ത്രിയുമായി.1977 മുതല്‍ ടി എം ജേക്കബ്ബ് മത്സരിച്ച് ജയിച്ചു വരുന്ന സീറ്റാണിത്. പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടെങ്കിലും ഇത്തവണയും പിറവത്ത് സ്ഥാനാര്‍ഥി അനൂപ് ജേക്കബ്ബ് തന്നെയാകും.
കെ മുരളീധരന്‍ ഇത്തവണയും വട്ടിയുര്‍കാവ് സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടിയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. അദ്ദേഹം ആവശ്യപ്പെട്ടതും വട്ടിയൂര്‍കാവ് മണ്ഡലമാണ്. എ കെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതമന്ത്രിയായി അധികാരമേറ്റ ശേഷം വടക്കാഞ്ചേരിയില്‍ മത്സരിച്ച് പരാജയപ്പെട്ട കെ മുരളീധരന്‍ 2011 ലാണ് വട്ടിയുര്‍കാവിലൂടെ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്.
കെ ബി ഗണേഷ്‌കുമാറും ഏറെകുറെ സീറ്റ് ഉറപ്പിച്ച് കഴിഞ്ഞു. സിറ്റിംഗ് സീറ്റായ പത്തനാപുരത്ത് അദ്ദേഹം ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. 2011 ല്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായാണ് കെ ബി ഗണേശ്കുമാര്‍ മത്സരിച്ച് ജയിച്ചത്.
എം വി ശ്രേയാംസ്‌കുമാര്‍ ഇത്തവണയും കല്‍പ്പറ്റ മണ്ഡലത്തില്‍ ജനവിധി തേടുമെന്ന് ഉറപ്പാണ്. കല്‍പ്പറ്റയിലേക്ക് പാര്‍ട്ടിയോ മുന്നണിയോ മറ്റാരേയും പരിഗണിക്കുന്നില്ല. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥ് സിറ്റിംഗ് സീറ്റായ അരുവിക്കരയില്‍ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ എതിരഭിപ്രായമില്ല. ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ശബരീനാഥ് മത്സരിച്ച് ജയിച്ചത്. പി കെ അബ്ദുറബ്ബ് ഇത്തവണയും തിരൂരങ്ങാടിയില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി പ്രഖാപിച്ച് കഴിഞ്ഞു.
എം വി നികേഷ്‌കുമാറിന്റെ പേര് അഴീക്കോട് സീറ്റില്‍ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. നേരത്തെ എം വി ആര്‍ പ്രതിനിധാനം ചെയ്ത മണ്ഡലമാണ് അഴിക്കോട്. സീറ്റ് പിടിച്ചെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് എല്‍ ഡി എഫ് എം വി നികേഷ്‌കുമാറിനെ അഴീക്കോടെക്ക് പരിഗണിക്കുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളായ പി ടി ചാക്കോയുടെ മകന്‍ പി സി തോമസ് എന്‍ ഡി എ സ്ഥാനാര്‍ഥിയായും കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായും രംഗത്തുണ്ടാകും.

Latest