Connect with us

Editorial

സ്വര്‍ണ വില കയറിയിറങ്ങി; റബ്ബര്‍ മാര്‍ക്കറ്റുകള്‍ക്ക് വാരാന്ത്യം തളര്‍ച്ച

Published

|

Last Updated

ഏഷ്യന്‍ റബ്ബര്‍ മാര്‍ക്കറ്റുകള്‍ക്ക് വാരാന്ത്യം തളര്‍ച്ച. കര്‍ണാടകത്തില്‍ നിന്നുള്ള പുതിയ കുരുമുളക് പ്രവാഹം വിപണിക്ക് തിരിച്ചടിയായി. കൊപ്ര വില്‍പ്പന സമ്മര്‍ദത്തെ അഭിമുഖീകരിച്ചതുമൂലം വെളിച്ചെണ്ണ വില ഇടിഞ്ഞു. കേരളത്തില്‍ സ്വര്‍ണ വില കയറി ഇറങ്ങി.

കൊച്ചി: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ റബ്ബര്‍ വില താഴ്ന്നു. വാരാരംഭത്തില്‍ കുതിച്ച ഷീറ്റ് വില പിന്നീട് കുറഞ്ഞു. ചൈനയില്‍ നിന്ന് റബ്ബറിന് ആവശ്യം ഉയരാഞ്ഞത് അവധി വ്യാപാരത്തിലും റബ്ബറിന് തിരിച്ചടിയായി. ഇതിനിടയില്‍ യൂറോപ്യന്‍ കേന്ദ്ര ബേങ്ക് പലിശ നിരക്കുകളില്‍ വരുത്തിയ നേരിയ ഇളവുകള്‍ വിനിമയ വിപണിയില്‍ യൂറോയുടെ മൂല്യം ഉയര്‍ത്തി. ഡോളറിന് നേരിട്ട മാന്ദ്യം ജാപ്പാനീസ് യെന്നിന്റെ തിരിച്ച്— വരവും ടോക്കോം എക്‌സ്‌ചേഞ്ചില്‍ റബ്ബര്‍ വിലയെ ബാധിച്ചു.
ഇതിനിടയില്‍ തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ റബ്ബര്‍ കയറ്റുമതിക്ക് നിയന്ത്രണം വരുത്തിയത് വരും ദിനങ്ങളില്‍ റബ്ബര്‍ മാര്‍ക്കറ്റിന് കരുത്തു സമ്മാനിക്കും. സംസ്ഥാനത്ത് തുടരുന്ന കനത്ത പകല്‍ ചൂട്— റബ്ബര്‍ ടാപ്പിംഗ് സ്തംഭിപ്പിച്ചു. കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ലാറ്റക്‌സ് നീക്കം ചുരുങ്ങിയിട്ടും 7500 രൂപയില്‍ കൂടിയ വിലക്ക് ചരക്ക് എടുക്കാന്‍ ഉത്തരേന്ത്യക്കാര്‍ തയ്യാറായില്ല. ആര്‍ എസ് എസ് നാലാം ഗ്രേഡ് റബ്ബര്‍ 10,000 ല്‍ നിന്ന് 11,000 രൂപ വരെ ഉയര്‍ന്ന ശേഷം 10,650 രൂപയിലാണ്.
കര്‍ണാടകത്തില്‍ കുരുമുളക് വിളവെടുപ്പ് വ്യാപകമായി. പുതിയ ചരക്ക് വില്‍പ്പനക്ക് ഇറക്കാന്‍ വന്‍കിട തോട്ടങ്ങളും ചെറുകിട കര്‍ഷകരും ഉത്സാഹിച്ചു. കാര്‍ഷിക ചിലവുകള്‍ മുന്‍ കണക്കിലെടുത്താണ് ഉത്പാദകര്‍ മുളക് വില്‍പ്പനക്ക് നീക്കിയത്. കുരുമുളകിന്റെ ലഭ്യത ഉയര്‍ന്നത് കണ്ട് അന്തര്‍ സംസ്ഥാന വ്യാപാരികള്‍ ചരക്ക് സംഭരണം— കുറച്ചത് വിലയെ ബാധിച്ചു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 65,000 ലും അണ്‍ ഗാര്‍ബിള്‍ഡ് 62,000 രൂപയിലുമാണ്.
നാളികേര വിളവെടുപ്പ് സജീവം. ഉയര്‍ന്ന അളവില്‍ പച്ചത്തേങ്ങയും കൊപ്രയും വില്‍പ്പനക്ക് ഇറങ്ങി. വന്‍കിട ഓയില്‍ മില്ലുകാരുടെ പ്രതീക്ഷക്ക് ഒത്ത് പ്രാദേശിക തലത്തില്‍ വെളിച്ചെണ്ണക്ക് ആവശ്യം കുറവാണ്.— കൊച്ചിയില്‍ എണ്ണ വില 8500ല്‍ നിന്ന് 7700 രൂപയായി. കൊപ്ര 5755ല്‍ നിന്ന് 5290 രൂപയായി.
കാര്‍ഷിക മേഖലകളില്‍ നിന്ന് ഉയര്‍ന്ന അളവില്‍ ജാതിക്കയും ജാതിപത്രിയില്‍ വില്‍പ്പനക്ക് എത്തി. ജാതിക്ക തൊണ്ടന്‍ കിലോ 180-200, തൊണ്ടില്ലാത്തത് 380-400, ജാതിപത്രി 600-925 രൂപ.
സ്വര്‍ണ വില കയറി ഇറങ്ങി. ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 21,480 രൂപയില്‍ നിന്ന് 21,600 വരെ കയറി. വാരാന്ത്യം പവന്‍ 21,280 രൂപയിലാണ്. ലണ്ടനില്‍ സ്വര്‍ണം 1259 ഡോളറില്‍ നിന്ന് 1250 ഡോളറായി.

---- facebook comment plugin here -----

Latest