റസിഡന്‍സി പെര്‍മിറ്റ് അഥവാ ബിതാഖ

Posted on: March 13, 2016 6:49 pm | Last updated: March 13, 2016 at 6:49 pm

Qatar-ID-Picരാജ്യത്ത് വസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയം നല്‍കുന്ന താമസ, കുടിയേറ്റ രേഖയാണ് റസിഡന്‍സി പെര്‍മിറ്റ് അഥവാ ബിതാഖ. ഐ ഡി കാര്‍ഡ് എന്നുള്‍പ്പെടെ പല പേരുകളില്‍ പ്രചാരത്തിലുണ്ടെങ്കിലും അറബി ഭാഷയിലെ ബിതാഖയെ വാമൊഴിയില്‍ ബതാഖ എന്നും പ്രയോഗിച്ചുവരുന്നു ഈ രേഖയെ.
മാസങ്ങള്‍ മുമ്പ് ഖത്വറില്‍ ഈ കാര്‍ഡ് കേവലം തിരിച്ചറിയല്‍ രേഖ മാത്രമായിരുന്നെങ്കില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ യാത്രാരേഖ കൂടിയാണ്. ഒരു വിദേശി പാസ്‌പോര്‍ട്ട്/ട്രാവല്‍ ഡോക്യുമെന്റ് പോലെ ഐ ഡി കാര്‍ഡും യാത്രാ വേളയില്‍ കൈവശം വെക്കണം. അഥവാ ഐ ഡി കാര്‍ഡില്ലാതെ എയര്‍പോര്‍ട്ടുവഴി യാത്ര ചെയ്യാന്‍ കഴിയില്ല. ഖത്വറിലേക്കു വരുന്നവരുട കൈവശം ഐ ഡി കാര്‍ഡില്ലെങ്കില്‍ നാട്ടില്‍ നിന്ന് ഇങ്ങോട്ടു കയറ്റി വിടുകയുമില്ല. പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പിംഗ് നിര്‍ത്തി വെച്ചതോടെ വിസയുണ്ടെന്നു തെളിയിക്കുന്നതിനുള്ള രേഖകൂടിയായി ഐ ഡി കാര്‍ഡ് മാറി.
തദ്ദേശീയരുടെയും പ്രവാസികളുടെയും ഐ ഡി കാര്‍ഡുകളുടെ തലവാചകം നേരത്തേ പേഴ്‌സനല്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ ഇത് സ്വദേശികളുടെ കാര്‍ഡുകളില്‍ മാത്രമാണുള്ളത്. വിദേശികളുടെത് റസിഡന്‍സി പെര്‍മിറ്റ് എന്നാക്കുകയും ചെയ്തു. രക്ത ഗ്രൂപ്പിനു പകരം പാസ്‌പോര്‍ട്ട് നമ്പറും കാലാവധി തീരുന്ന ദിവസവുമാണ് പുതുതായി രേഖപ്പെടുത്തുന്നത്. സ്വദേശികളുടെ കാര്‍ഡുകളിലും ചില മാറ്റങ്ങളുണ്ട്. പിന്‍വശത്ത് വീട്, ഏരിയ, സ്ട്രീറ്റ് നമ്പരുകള്‍ രേഖപ്പെടുത്തുന്നു.
വിദേശികള്‍ തങ്ങളുടെ ഐ ഡി കാര്‍ഡിന്റെ യഥാര്‍ഥ കോപ്പി എപ്പോഴും കൈവശം വെക്കണം. പോലീസോ ഇതര വകുപ്പ് അധികൃതരോ പരിശോധിക്കുമ്പോള്‍ ഖത്വറില്‍ നിയമാനുസൃതം വസിക്കുന്നയാളാണെന്ന് തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയാണ് ഐ ഡി കാര്‍ഡ്. റസിഡന്‍സി പെര്‍മിറ്റ് സ്മാര്‍ട്ട് കാര്‍ഡായും ഉപയോഗിക്കാം. ഇതിനു വേണ്ടി സാധാരണ കാര്‍ഡില്‍ പ്രത്യേക ഫീസ് അടച്ച് ഇലക്‌ട്രോണിക് ചിപ്പ് ആഡ് ചെയ്തു വേണം വിവിധ സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡായി ഉപയോഗിക്കാന്‍. വിമാനത്താവളത്തിലെ ഇ ഗേറ്റ്, ഫാമിലി/തൊഴില്‍ വിസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ‘ഹുകൂമി’ സംവിധാനവും ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇത്തരം ആവശ്യങ്ങളിലാത്തവര്‍ ഐ ഡി കാര്‍ഡ് സ്മാര്‍ട്ട് ആക്കുന്നതില്‍ പ്രത്യേക പ്രയോജനം ഇല്ല. ഐ ഡി നമ്പര്‍ ഒരു വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും കണ്ടുപിടിക്കാനുള്ള മാര്‍ഗം കൂടിയാണ്. വിസാ മാറ്റവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും സംഭവിക്കുമ്പോഴും ഐ ഡി നമ്പറില്‍ മാറ്റം വരില്ല.
ഒരിക്കല്‍ വിസ റദ്ദാക്കി വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു വിസയില്‍ വീണ്ടും വരുമ്പോഴും പഴയ ഐ ഡി നമ്പര്‍ തന്നെയാണ് ആഭ്യന്തര മന്ത്രാലയം അനുവദിക്കുക. ഡ്രൈവിംഗ് ലൈസന്‍സ് നമ്പരും ഐ ഡി നമ്പരും ഒന്നായിരിക്കും. സ്വദേശികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശിക്കുമ്പോള്‍ പാസ്‌പോര്‍ട്ടിനു പകരം യാത്രാ രേഖയായി ഐ ഡി കാര്‍ഡ് മാത്രം കൈവശം വെച്ചാല്‍ മതി.