Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ മത്സരം കനക്കും

Published

|

Last Updated

പെരിന്തല്‍മണ്ണ:ഇടതുപക്ഷ സ്ഥാനാര്‍ഥിയായി വി ശശികുമാറിന് മേല്‍ സമ്മര്‍ദ്ദമേറുന്നു. മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ മഞ്ഞളാംകുഴി അലിക്ക് രണ്ടാം ഊഴത്തിനായി പെരിന്തല്‍മണ്ണ കാത്തിരിക്കുമ്പോള്‍ എതിരാളി വി ശശികുമാര്‍ കൂടിയായാല്‍ ഒരു കടുത്ത പോരാട്ടത്തിന് തന്നെ വേദിയാകും.
അലിയുടെ സ്ഥാനാഥിത്വം കൊണ്ട് പെരിന്തല്‍മണ്ണ ശ്രദ്ദേയമായിരിക്കുകയാണ്. എതിര്‍ സ്ഥാനാര്‍ഥി വി ശശികുമാര്‍ കുടിയായാല്‍ കുറച്ച് കൂടി കൊഴുക്കും. എല്‍ ഡി എഫ് പ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലങ്ങളിലൊന്നായ പെരിന്തല്‍മണ്ണ 13 വര്‍ഷം കൈയിലിരുന്ന ശേഷം 1970ല്‍ നഷ്ടപ്പെട്ടു. 2006ല്‍ അത് വീണ്ടും തിരിച്ചു പിടിച്ചു. 9589 ഭൂരിപക്ഷത്തിനാണ് 2011ല്‍ അലി ജയിച്ചത്. ജയ സാധ്യതയും ജന സ്വാധീനവും മുന്‍ഗണന നല്‍കി പ്രഖ്യാപിച്ച ലിസ്റ്റില്‍ മഞ്ഞളാംകുഴി അലി വീണ്ടും യു ഡി എഫിനായി കോണി ചിഹ്നത്തില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും ജനവിധി തേടുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി പെരിന്തല്‍മണ്ണ മാറിയേക്കും. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുമെങ്കിലും യു ഡി എഫിനൊപ്പം മിക്കപ്പോഴും വിജയം നിന്നതാണ് ചരിത്രം. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിക്കൊപ്പം ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോള്‍, താഴേക്കോട്, വെട്ടത്തൂര്‍, മേലാറ്റൂര്‍ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് മണ്ഡലം. 142 പഞ്ചായത്ത് വാര്‍ഡുകളും 34 നഗരസഭ വാര്‍ഡുകളും മണ്ഡലത്തിലുണ്ട്. 2014 ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന് 59210 വോട്ടുകളും പി കെ സൈനബക്ക് 48596 വോട്ടുകളും ലഭിച്ചു. അഹമ്മദിന്റെ ലീഡ് 10614. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ മുനിസിപ്പല്‍, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് തല കണക്കുകള്‍ ഇപ്രകാരമാണ്. യു ഡി എഫ്: 66727, എല്‍ ഡി എഫ്: 66395. യു ഡി എഫിന്റെ ലീഡ് 332 വോട്ടുകളാണ്.
താഴേക്കിടയിലെ ഗ്രൂപ്പും സൗഹൃദ മത്സരവുമൊക്കെയാണ് ഈ നേരിയ ലീഡിന്റെ കാരണം. പക്ഷെ ബ്ലോക്ക് ജില്ലാ തലത്തിലേക്ക് പോകുമ്പോള്‍ യു ഡി എഫിന്റെ ലീഡ് ഏതാണ്ട് 9000 വോട്ടിന് മുകളില്‍ വരും. പക്ഷെ യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ നല്ല പോരാട്ടം നടക്കുന്ന മണ്ഡലമാണ് എന്നതുകൊണ്ടുതന്നെ പെരിന്തല്‍മണ്ണ നിലനിര്‍ത്താന്‍ നല്ല പോരാട്ടം യു ഡി എഫ് നടത്തേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. മഞ്ഞളാംകുഴി അലി മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറിയാല്‍ വിജയ സാധ്യത എളുപ്പമാകുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. അധികാരങ്ങള്‍ക്ക് വേണ്ടിയുള്ള വടം വലിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ മോശം കാലാവസ്ഥ കേരളയാത്രയോട് കൂടി അലിഞ്ഞില്ലാതായെന്നും വിവിധ മൂലകളില്‍ നിന്നും ശബ്ദമുയരുന്നു. റിബലുകള്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലുകളും തെറ്റാനിടയില്ലെന്ന് ചിലര്‍ പറയുന്നു. അഭിമാന പോരാട്ടം തന്നെയായിരിക്കും ഇക്കുറി ഇരു മുന്നണികള്‍ക്കും പെരിന്തല്‍മണ്ണയില്‍.

---- facebook comment plugin here -----

Latest