തര്‍ക്കിച്ച് തീരാതെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം

തിരഞ്ഞെടുപ്പ് അല്‍പ്പം നീണ്ടുപോയതിന്റെ ആശ്വാസം പ്രധാനനേതാക്കളുടെയെല്ലാം മുഖത്തുണ്ട്. തര്‍ക്കിച്ച് തീരുന്നില്ല. ആവോളം സമയമുണ്ടല്ലോയെന്ന് കരുതിയാകണം, തര്‍ക്കം തീര്‍ക്കാന്‍ തിടുക്കം കാട്ടുന്നുമില്ല. ഇനിയും തീരാത്ത സീറ്റ് വിഭജനം ഇത് ശരിയാണെന്ന് സമ്മതിക്കുന്നു. ഇതുവരെ ഒരു എം എല്‍ എയെ പോലും സൃഷ്ടിക്കാന്‍ കഴിയാത്ത ബി ജെ പിക്ക് പോലും പാര്‍ട്ടിയിലെയും മുന്നണിയിലെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. യു ഡി എഫിലാണ് പതിവ് പോലെ കൂടുതല്‍ തര്‍ക്കം. എല്‍ ഡി എഫിലും സ്ഥിതി വിഭിന്നമല്ല. സ്ഥാനാര്‍ഥി മോഹികളുടെ കൂട്ടയിടിയില്‍ വഴിമാറി നടക്കാന്‍ പോലും കഴിയാത്ത സാഹചര്യം. ഒരു മൈതാനം നിറക്കാന്‍ ആളില്ലാത്ത പാര്‍ട്ടികള്‍ പോലും മുന്നണി നേതൃത്വത്തിന് മുന്നില്‍വെക്കുന്ന ഡിമാന്‍ഡ് കണ്ടാല്‍ മൂക്കത്ത് വിരല്‍വെച്ച് പോകും. ഇരുമുന്നണികളുടെ പേരിലും ജനാധിപത്യം എന്ന വാക്കുണ്ടായത് ഭാഗ്യം.
Posted on: March 13, 2016 5:36 am | Last updated: March 12, 2016 at 11:41 pm

election cartoonതിരഞ്ഞെടുപ്പ് ആരവങ്ങളിലാണ് കേരളം. ഭരണം നിലനിര്‍ത്താനും തിരിച്ച് പിടിക്കാനുമുള്ള ഇരുമുന്നണികളുടെയും പോരാട്ടം. അങ്കത്തട്ടിലേക്ക് നീങ്ങുകയാണ് എല്ലാവരും. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവുമെല്ലാം അതിവേഗം പുരോഗമിക്കുന്നു. സി പി എമ്മിനെ സംബന്ധിച്ച് ഇത് ജീവന്മരണ പോരാട്ടമാണ്, പ്രത്യേകിച്ച് ബംഗാളില്‍ പോലും തിരിച്ചുവരുമെന്ന പ്രതീക്ഷയില്ലാത്ത സാഹചര്യത്തില്‍. കേന്ദ്രത്തിലും സംസ്ഥാനങ്ങളില്‍ പലതിലും ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ സംബന്ധിച്ച് കേരളത്തില്‍ ഭരണം നിലനിര്‍ത്തേണ്ടത് അനിവാര്യവും. ബി ജെ പിയാകട്ടെ, ഇത്തവണ കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. ഈയൊരു പശ്ചാത്തലമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്‌സ്.
തിരഞ്ഞെടുപ്പ് അല്‍പ്പം നീണ്ടുപോയതിന്റെ ആശ്വാസം പ്രധാനനേതാക്കളുടെയെല്ലാം മുഖത്തുണ്ട്. തര്‍ക്കിച്ച് തീരുന്നില്ല. ആവോളം സമയമുണ്ടല്ലോയെന്ന് കരുതിയാകണം, തര്‍ക്കം തീര്‍ക്കാന്‍ തിടുക്കം കാട്ടുന്നുമില്ല. ഇനിയും തീരാത്ത സീറ്റ് വിഭജനം ഇത് ശരിയാണെന്ന് സമ്മതിക്കുന്നു. ഇതുവരെ ഒരു എം എല്‍ എയെ പോലും സൃഷ്ടിക്കാന്‍ കഴിയാത്ത ബി ജെ പിക്ക് പോലും പാര്‍ട്ടിയിലെയും മുന്നണിയിലെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. യു ഡി എഫിലാണ് പതിവ് പോലെ കൂടുതല്‍ തര്‍ക്കം. എല്‍ ഡി എഫിലും സ്ഥിതി വിഭിന്നമല്ല. സ്ഥാനാര്‍ഥി മോഹികളുടെ കൂട്ടയിടിയില്‍ വഴിമാറി നടക്കാന്‍ പോലും കഴിയാത്ത സാഹചര്യം.
ഒരു മൈതാനം നിറക്കാന്‍ ആളില്ലാത്ത പാര്‍ട്ടികള്‍ പോലും മുന്നണി നേതൃത്വത്തിന് മുന്നില്‍വെക്കുന്ന ഡിമാന്‍ഡ് കണ്ടാല്‍ മൂക്കത്ത് വിരല്‍വെച്ച് പോകും. ഇരുമുന്നണികളുടെ പേരിലും ജനാധിപത്യം എന്ന വാക്കുണ്ടായത് ഭാഗ്യം. തങ്ങളുടെ സ്വാധീനമേഖല ചൂണ്ടിക്കാണിച്ചല്ല പലരും സീറ്റിന് വേണ്ടി അവകാശം പറയുന്നത്, മറിച്ച് മത്സരിക്കാന്‍ സന്നദ്ധരായിരിക്കുന്നവരുടെ പേര് ചൂണ്ടിയാണ്. യു ഡി എഫില്‍ ഒരു മുഴം മുമ്പെറിഞ്ഞത് മുസ്‌ലിംലീഗാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തലവേദന അനുഭവിക്കുന്നതും അവര്‍ തന്നെ. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റ് തന്നെ ഇത്തവണയും മതിയെന്ന് ലീഗ് ആദ്യമേ നിലപാടെടുത്തു. കഴിഞ്ഞ തവണ ജയിച്ച മണ്ഡലങ്ങളില്‍ മാറ്റം വേണ്ടെന്ന തീരുമാനവും. ഇതനുസരിച്ച് 20 മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. അപ്പോഴാണ് മലയോര വികസന സമിതിയുടെ ലേബലില്‍ താമരശ്ശേരി രൂപതയുടെ രംഗപ്രവേശം. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് തങ്ങളിലൊരുവനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ പരീക്ഷിച്ച് ജയിച്ച തന്ത്രം തിരുവമ്പാടിയിലും പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് അവര്‍. മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പറയുന്ന മതേതരക്കാരില്‍ തന്നെയാണ് അവരുടെ പ്രതീക്ഷ. കൊടുവള്ളിയില്‍ മണ്ഡലം സെക്രട്ടറി വിമതവേഷം കെട്ടിയതും ലീഗിനെ തളര്‍ത്തുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ ഒരു ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് മലയോര വികസന സമിതിയുടെ നിലപാട്. ഇതിന് ആധാരമായി പി കെ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ ഒരു കത്തും അവര്‍ പുറത്ത് വിട്ടു. ഇനി ഇതിനൊന്നും വഴങ്ങില്ലെന്ന നിലപാടിലാണ് ലീഗ്. കോണ്‍ഗ്രസ് ആകട്ടെ, തങ്ങളുടെ വോട്ട് ബേങ്കില്‍ വിള്ളലുണ്ടാകുമോയെന്ന ഭീതിയിലും. കേരളാകോണ്‍ഗ്രസിലെ സ്ഥിതിയും വിഭിന്നമല്ല. പിളര്‍പ്പിന്റെ ചരിത്രം ഇതിനകം ആവര്‍ത്തിച്ചു കഴിഞ്ഞു. മകന്‍ ജോസ് കെ മാണിക്ക് ഭീഷണിയാകുമായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് എന്ന കമ്പ് കെ എം മാണി വെട്ടിമാറ്റിയെന്ന് പറയുന്നതാകും ശരി. പിളര്‍പ്പിലൂടെ പാര്‍ട്ടി ക്ഷയിച്ചെങ്കിലും സീറ്റ് കൂടുതല്‍ വേണമെന്ന നിലപാടിലാണ് അവര്‍. പി സി ജോര്‍ജിന്റെ സെക്യുലറും ജോസഫ് ഗ്രൂപ്പുമെല്ലാം ലയിച്ച് വലിയ പാര്‍ട്ടിയായപ്പോള്‍ മത്സരിച്ചത് 15 സീറ്റില്‍. ഇതില്‍ രണ്ടുവിഭാഗക്കാര്‍ പോയ ശേഷം ഇത്തവണ ചോദിക്കുന്നത് 18 സീറ്റ്. ജോര്‍ജിന്റെ പൂഞ്ഞാറും ഡോ. കെ സി ജോസഫ് മത്സരിച്ച കുട്ടനാടും തങ്ങളുടെ അക്കൗണ്ടില്‍ തന്നെ വേണമെന്ന് അവര്‍ ശാഠ്യം പിടിക്കുന്നു. ഇതിന് പുറമെയാണ് തിരുവനന്തപുരത്തും കൊല്ലത്തും എറണാകുളത്തും കോട്ടയത്തും ഓരോ സീറ്റ് അധികം ചോദിക്കുന്നത്.
സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ പുറത്ത് പോയ ഫ്രാന്‍സിസ് ജോര്‍ജും സംഘവും ഉയര്‍ത്തുന്ന ഭീഷണിയും മാണിയെ കുഴക്കുന്നു. ഓരോ ദിവസവും കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുന്നതാണ് സാഹചര്യം. ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും ഡോ. കെ സിയുമെല്ലാം നേരിടാന്‍ പോകുന്നത് കേരളാകോണ്‍ഗ്രസുകാരെയാകും. കേരള കോണ്‍ഗ്രസ് സ്വാധീന മേഖലയിലെ വോട്ടുകള്‍ ഭിന്നിക്കുമ്പോള്‍ ജയം ആരെ തുണക്കുമെന്നത് മാണിയെയും അലോസരപ്പെടുത്തുന്നു. അണികള്‍ കുറവെങ്കിലും കേരളാകോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും പിളര്‍പ്പിന്റെ പാതയിലാണ്. ജേക്കബിന്റെ പുത്രനും മന്ത്രിയുമായ അനൂപ് ജേക്കബ് പിറവം സീറ്റ് ഉറപ്പിച്ചതോടെ തന്റെ കാര്യം അദ്ദേഹം മറന്നുവെന്ന പരാതിയിലാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍. അങ്കമാലിയില്‍ കഴിഞ്ഞ തവണ തോറ്റെങ്കിലും എം എല്‍ എയാക്കാള്‍ കൂടുതല്‍ അവിടെ ഉഴുതുമറിച്ച് ഇത്തവണ ജയിക്കാന്‍ പാകപ്പെടുത്തിയപ്പോള്‍ സീറ്റില്ലെന്ന് പറഞ്ഞാല്‍ എങ്ങിനെ സഹിക്കും. അതിനാല്‍, അങ്കമാലി കിട്ടിയേ തീരുവെന്ന വാശിയിലാണ് നെല്ലൂര്‍. അല്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ് വഴി എല്‍ ഡി എഫില്‍ ചേക്കേറാനും സാധ്യത തേടുന്നു.
ജെ ഡി യുവിന്റെ ആവശ്യം എട്ട് സീറ്റാണ്. കഴിഞ്ഞ തവണ തോറ്റ സീറ്റുകളില്‍ ചിലതെങ്കിലും മാറ്റി നല്‍കുകയും വേണം. കെ പി മോഹനന്റെ കൂത്തുപറമ്പും എം വി ശ്രേയാംസ്‌കുമാറിന്റെ കല്‍പ്പറ്റയും മാത്രമാണ് സിറ്റിംഗ് സീറ്റുകള്‍. വടകരയും ബാലുശ്ശേരിയും നേമവുമൊക്കെയാണ് കഴിഞ്ഞ തവണ മത്സരിച്ച മറ്റുസീറ്റുകള്‍. ബാലുശ്ശേരിയിലും നേമത്തുമൊന്നും ഇക്കുറി മത്സരിക്കാനില്ലെന്ന നിലപാടിലാണ് അവര്‍. യു ഡി എഫിനെ സംബന്ധിച്ച് ആര്‍ എസ് പി പുതിയ പാര്‍ട്ടിയാണ്. ഷിബുബേബി ജോണ്‍ എന്ന ഏകനായകന്‍ പാര്‍ട്ടിയായിരുന്നു ഇതുവരെ യു ഡി എഫിലുണ്ടായിരുന്ന ആര്‍ എസ് പി. ഈ സ്ഥിതി മാറി കഴിഞ്ഞു. പത്ത് സീറ്റ് ചോദിച്ച് എട്ടെങ്കിലും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അവര്‍. എ എ അസീസും ഷിബുബേബി ജോണുമാണ് സിറ്റിംഗുകാര്‍. മറ്റൊരാള്‍ കുന്നത്തൂരിലെ കോവൂര്‍ കുഞ്ഞിമോന്‍. പദവി രാജിവെച്ച് ഇപ്പോള്‍ യു ഡി എഫിലെത്തി. കൊല്ലത്തും തിരുവനന്തപുരത്തും മലബാറിലുമെല്ലാം സാന്നിധ്യം വേണമെന്നാണ് ആര്‍ എസ് പിയുടെ ആവശ്യം. സി പി ജോണ്‍ എന്ന ഏകനിലേക്ക് ചുരുങ്ങിയ സി എം പി കുന്നംകുളം സീറ്റ് കൊണ്ട് തൃപ്തിപ്പെട്ട് കഴിഞ്ഞു.
എല്‍ ഡി എഫിലെ സ്ഥിതി വിഭിന്നമല്ല, ഘടകകക്ഷികളേക്കാള്‍ സഹകരിക്കുന്നവര്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് പാര്‍ട്ടിയെ അലട്ടുന്നത്. ഫോര്‍വേഡ് ബ്ലോക്കിന്റെ ജി ദേവരാജന്‍ മുതല്‍ ആര്‍ ബാലകൃഷ്ണ പിള്ളയെ വരെ മെരുക്കേണ്ടതുണ്ട്. ഇതിനെല്ലാം അപ്പുറം വി എസ് അച്യുതാനന്ദന്‍ എന്ന അതികായനെയും. കൊല്ലം ജില്ലയില്‍ ഒരു സീറ്റ് ആണ് ജി ദേവരാജന്‍ ചോദിക്കുന്നത്. പത്ത് മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ഫോര്‍വേഡ് ബ്ലാക്കിനുണ്ടെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചുകഴിഞ്ഞു. സി പി എം എവിടെ മത്സരിക്കണമെന്ന് പറഞ്ഞാലും കളത്തില്‍ ഇറങ്ങാന്‍ ആര്‍ ബാലകൃഷ്ണപിള്ള റെഡിയായിരിക്കുന്നു. മകന്‍ ഗണേഷ്‌കുമാറിന് പത്തനാപുരം സീറ്റ് നല്‍കുന്നതില്‍ സി പി എമ്മിന് എതിര്‍പ്പില്ലെങ്കിലും പിള്ളയെ എന്ത് ചെയ്യുമെന്നതാണ് പാര്‍ട്ടിയെ കുഴക്കുന്ന ചോദ്യം. അനാരോഗ്യം മാറി നില്‍ക്കാന്‍ കെ ആര്‍ ഗൗരിയമ്മയെ നിര്‍ബന്ധിതയാക്കുമ്പോഴും കൂടെ നില്‍ക്കുന്നവര്‍ക്കായി അവര്‍ രണ്ട് സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ്. ഐ എന്‍ എല്ലിനും വേണം അഞ്ച് സീറ്റ്. ജയസാധ്യതയുള്ള രണ്ട് സീറ്റെങ്കിലും ഉള്‍പ്പെടുന്ന പാക്കേജാണ് അവര്‍ ആഗ്രഹിക്കുന്നത്. സ്ഥിരം മത്സരിച്ച് തോല്‍ക്കുന്ന സീറ്റുകള്‍ ഇനി അടിച്ചേല്‍പ്പിക്കരുതെന്ന ആവശ്യം അവര്‍ ഉന്നയിച്ചുകഴിഞ്ഞു.
പൂഞ്ഞാര്‍ സീറ്റിന് വേണ്ടി എ കെ ജി സെന്ററിന് മുന്നില്‍ കാത്ത് കെട്ടി കിടക്കുകയാണ് പി സി ജോര്‍ജ്. കോവൂര്‍ കുഞ്ഞിമോന്റെ ആര്‍ എസ് പി ലെനിനിസ്റ്റ് മൂന്ന് സീറ്റാണ് ചോദിക്കുന്നത്. കുഞ്ഞിമോന്റെ കുന്നത്തൂരിനപ്പുറം വേറെയൊന്നും കൊടുക്കില്ലെന്ന് മാത്രം. സഹകരിക്കാന്‍ പുതതായി വന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാകോണ്‍ഗ്രസ് നാല് സീറ്റെങ്കിലും തരപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. മുവാറ്റുപുഴ, ചങ്ങനാശ്ശേരി, ഇടുക്കി, തിരുവനന്തപുരം സീറ്റുകളിലാണ് അവരുടെ കണ്ണ്. ഘടകകക്ഷികളില്‍ കഴിഞ്ഞ തവണ ആറില്‍ മത്സരിച്ച് അഞ്ചിലും ജയിച്ച ജനതാദള്‍ എസ് ഇത്തവണ എട്ട് സീറ്റെങ്കിലും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ എസ് പി പോയതോടെ അധികം വരുന്ന സീറ്റ് എല്ലാവര്‍ക്കുമിടയില്‍ വീതിക്കണമെന്നാണ് സി പി ഐയുടെ ആവശ്യം. കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും സ്‌കറിയാതോമസിന്റെ കേരളാകോണ്‍ഗ്രസുമെല്ലാം നല്ല സീറ്റുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ്.
ബി ജെ പി നയിക്കുന്ന എന്‍ ഡി എയില്‍ വെള്ളാപ്പള്ളിയുടെ ബി ഡി ജെ എസ് വന്നതോടെയാണ് സീറ്റ് വിഭജനം വലിയ കടമ്പയായത്. വീതംവെപ്പ് എത്ര സീറ്റില്‍ വരെ എന്നതില്‍ ഇനിയും ഒരു ധാരണയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കവും തലവേദനയായി ബി ജെ പിക്ക് മുന്നിലുണ്ട്.