Connect with us

Kerala

വിഎസും പിണറായിയും മല്‍സരിക്കും: വിഎസ് മലമ്പുഴയില്‍; പിണറായി ധര്‍മ്മടത്ത്

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടത്ത് നിന്നും ജനവിധി തേടും. വി എസും പിണറായിയും മത്സരിക്കണമെന്ന പി ബി നിര്‍ദേശം ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ചു. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ വി എസ് അച്യുതാനന്ദന്റെ പേരുണ്ടായിരുന്നില്ല. എന്നാല്‍, വി എസും പിണറായിയും മത്സരിക്കണമെന്ന പി ബി നിര്‍ദേശം അംഗീകരിച്ചാണ് സെക്രട്ടേറിയറ്റ് തീരുമാനം. പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നിന്ന് പിണറായി ഉള്‍പ്പെടെ ആറ് പേര്‍ മത്സരിച്ചാല്‍ മതിയെന്നും തീരുമാനിച്ചു. സെക്രട്ടേറിയറ്റിലെ സിറ്റിംഗ് എം എല്‍ എമാരില്‍ എളമരം കരീം മത്സരിക്കില്ല. ബേപ്പൂരില്‍ നിന്നുള്ള എം എല്‍ എയാണ് എളമരം. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സെക്രട്ടേറിയറ്റ് നിര്‍ദേശം അവതരിപ്പിക്കും. മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കി.
ഡോ. തോമസ് ഐസക്ക് (ആലപ്പുഴ), ഇ പി ജയരാജന്‍ (മട്ടന്നൂര്‍), എ കെ ബാലന്‍ (തരൂര്‍), ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര), എം എം മണി (ഉടുമ്പന്‍ചോല) എന്നിവരാണ് സെക്രട്ടേറിയറ്റില്‍ നിന്ന് മത്സരിക്കുന്ന മറ്റുള്ളവര്‍. ഐസക്കും ജയരാജനും എ കെ ബാലനും തങ്ങളുടെ സിറ്റിംഗ് സീറ്റുകളില്‍ നിന്ന് തന്നെയാണ് ജനവിധി തേടുന്നത്. പിണറായി മത്സരിക്കുന്ന ധര്‍മടം നിലവില്‍ പ്രതിനിധാനം ചെയ്യുന്നത് കെ കെ നാരായണനാണ്. ഉടുമ്പന്‍ചോലയില്‍ കെ കെ ജയചന്ദ്രനും പേരാമ്പ്രയില്‍ കുഞ്ഞമ്മദ് മാസ്റ്ററുമാണ് സിറ്റിംഗ് എം എല്‍ എമാര്‍. എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വയനാട് ജില്ലാ സെക്രട്ടറി ശശീന്ദ്രന്‍ എന്നിവര്‍ക്കാണ് മത്സരിക്കാന്‍ അനുമതി നല്‍കിയത്. രാജീവ് തൃപ്പൂണിത്തുറയിലും കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും സ്ഥാനാര്‍ഥികളാകും.
സെക്രട്ടേറിയറ്റ് യോഗത്തിനിടെ വി എസുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഫോണില്‍ സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്. മലമ്പുഴയില്‍ തന്നെ മത്സരിക്കണോയെന്ന കാര്യം വി എസിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും അന്തിമമായി തീരുമാനിക്കുക. യാത്രാ സൗകര്യവും പാലക്കാട് ജില്ലയിലെ കൂടിയ ചൂടും കണക്കിലെടുത്ത് വി എസ് തെക്കന്‍കേരളത്തില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മറ്റ് ഏതെങ്കിലും മണ്ഡലത്തില്‍ വി എസ് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ ഇതില്‍ മാറ്റം വരുത്തും. മലമ്പുഴ സീറ്റിലേക്ക് ആരെയും നിര്‍ദേശിക്കാതെയാണ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിച്ചതെന്നാണ് വാര്‍ത്തകള്‍ വന്നതെങ്കിലും പ്രഭാകരന്റെ പേര് പട്ടികയില്‍ ഇടംപിടിച്ചിരുന്നു. 2011ല്‍ ആദ്യം വി എസിന് സീറ്റ് നിഷേധിച്ചപ്പോഴും പ്രഭാകരനെയാണ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നത്.
എ കെ ബാലന്‍ മത്സരിക്കുന്ന തരൂരിലേക്കും ജനതാദള്‍ എസിന് നല്‍കാന്‍ ആലോചിക്കുന്ന ചിറ്റൂര്‍ സീറ്റിലേക്കും മാത്രമാണ് പാലക്കാട് ജില്ലാ ഘടകം ആരുടെ പേരും നിര്‍ദേശിക്കാതിരുന്നത്. എന്നാല്‍, വി എസും പിണറായിയും മത്സരിക്കണമെന്ന പി ബി നിര്‍ദേശം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ചു. ഈ നിര്‍ദേശം ഏകകണ്ഡമായി സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. സംസ്ഥാന ഘടകത്തില്‍ നിന്ന് ഒരു നിര്‍ദേശവും ലഭിക്കാത്ത സാഹചര്യത്തിലാണ് മലമ്പുഴയിലേക്ക് പ്രഭാകരന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എ കെ ബാലന്റെ പേര് പാലക്കാട് ജില്ലാ കമ്മിറ്റിയോ ടി പി രാമകൃഷ്ണന്റെ പേര് കോഴിക്കോട് ജില്ലാ കമ്മറ്റിയോ നിര്‍ദേശിച്ചിരുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.
സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ മത്സരിച്ചാല്‍ മതിയെന്ന് പി ബി നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. സി ഐ ടി യു ജനറല്‍ സെക്രട്ടറിയാണെന്നത് കൂടി കണക്കിലെടുത്താണ് എളമരം കരീമിനെ ഒഴിവാക്കിയത്. കോഴിക്കോട് ജില്ലാ കമ്മിറ്റി ബേപ്പൂര്‍ മണ്ഡലത്തിലേക്ക് എളമരം കരീമിനെയാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, എളമരത്തെ മാറ്റിനിര്‍ത്തിയാണ് ടി പി രാമകൃഷ്ണന് നറുക്ക് വീണത്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഇന്ന് സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും.