വികസനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി പറയാനില്ല: ജോസഫ് വാഴക്കന്‍

Posted on: March 12, 2016 7:23 pm | Last updated: March 12, 2016 at 7:23 pm

vazhakkanദോഹ: വികസനത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെക്കുറിച്ച് ഒരു പരാതിയും പറയാനിലെന്നും അഞ്ചു കൊല്ലത്തിനിടക്ക് സര്‍ക്കാറിന്റെ സഹായം ലഭിക്കാത്ത ഒരു കുടുംബം പോലും കേരളത്തില്‍ ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ പറഞ്ഞു. ഇതു മുന്നോട്ടു വെച്ചുകൊണ്ടു തന്നെയാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകളെക്കുറിച്ച് ആക്ഷേപമുന്നയിക്കുകനഎന്നത് മാത്രമാണ് അച്യുതാനന്ദന്റെ ജോലി. നിയമസഭയില്‍ ഇതുവരെ അദ്ദേഹം പോസിറ്റീവ് ആയി ഒരു കാര്യം പറയുന്നത് കേട്ടിട്ടില്ല. ഒരു വിഷയത്തെക്കുറിച്ച് പഠിച്ചു പറയാറുമില്ല. വെറുതെ ആളുകളെക്കുറിച്ച് വായില്‍ തോന്നുന്നത് പറയുക മാത്രം ചെയ്യുന്ന പ്രതിപക്ഷ നേതാവാണ് അച്യുതാനന്ദന്‍.
ഒരു നടപടിയും പാലിക്കാതെ മൂന്നു വിവര ദോഷികളെ വിട്ടുകൊണ്ട് മൂന്നാറില്‍ പോളിപ്പിച്ചതിനൊക്കെ സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കേണ്ട അവസ്ഥയാണ് കോടതി ഉത്തരവിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി അസംബ്ലിയിലും പുറത്തും പറയുന്ന മറുപടികള്‍ക്ക് തിരിച്ച് എന്തെങ്കിലും പറയാന്‍ പ്രതിപക്ഷത്തിനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബോബന്‍ അധ്യക്ഷത വഹിച്ചു. കെ കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാര്‍, അബു കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.