Connect with us

Alappuzha

ആലപ്പുഴയിലെ അലയൊലികള്‍ ആരെ തുണക്കും ?

Published

|

Last Updated

ഒരു മുന്നണിയെയും സ്ഥിരമായി തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിച്ച ചരിത്രം ആലപ്പുഴയെന്ന വിപ്ലവ മണ്ണിന് അന്യമാണ്. ജില്ലയിലെ ഒരു മണ്ഡലവും ഏതെങ്കിലും ഒരു മുന്നണിയുടെ ആധിപത്യത്തിലാണെന്ന് പറയാന്‍ കഴിയില്ല.
ഒരു കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയെന്നും ഈറ്റില്ലമെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നതും പാര്‍ട്ടി സ്ഥാപക നേതാവ് പി കൃഷ്ണപിള്ള അവസാന കാലം ചെലവഴിച്ച പ്രദേശം ഉള്‍ക്കൊള്ളുന്നതുമായ മാരാരിക്കുളം മണ്ഡലത്തില്‍ സാക്ഷാല്‍ വി എസ് അച്യുതാനന്ദനെ തന്നെ കൊമ്പുകുത്തിച്ച പാരമ്പര്യം ജില്ലക്കുണ്ട്. മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയിട്ടു പോലും പി കെ വിയെ പച്ച തൊടാന്‍ അനുവദിക്കാതിരുന്ന ജില്ലയില്‍ ആദര്‍ശത്തിന്റെ ആള്‍രൂപമായും മറ്റും വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാല്‍ സുധീരന്‍ തോല്‍വിയുടെ രുചിയറിഞ്ഞതും ആലപ്പുഴയില്‍ നിന്നാണ്.അതുകൊണ്ട് തന്നെ ഓരോ തിരഞ്ഞെടുപ്പാകുമ്പോഴും ചങ്കിടിപ്പോടെ മാത്രമേ ഓരോ മുന്നണിയും സ്ഥാനാര്‍ഥികളും മത്സരരംഗത്ത് നിലയുറപ്പിക്കുകയുള്ളൂ.
നിലവില്‍ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ ഏഴും ഇടതുപക്ഷത്തിനൊപ്പമാണ്.ഇതില്‍ പലതും ഒന്നിലധികം തവണ തുടര്‍ച്ചയായി ഒരേ സ്ഥാനാര്‍ഥികള്‍ തന്നെ വിജയിച്ചുവരുന്നവയും. നിലവില്‍ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര എന്നീ മണ്ഡലങ്ങളാണ് എല്‍ ഡി എഫിനൊപ്പമുള്ളത്. ഹരിപ്പാട്, ചെങ്ങന്നൂര്‍ എന്നീ രണ്ട് മണ്ഡലങ്ങള്‍ മാത്രമാണ് യു ഡി എഫിനൊപ്പമുള്ളത്. ഇതില്‍ ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിനെ തോല്‍പ്പിക്കുന്നതിനായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്യുകയും പരസ്യമായി എസ് എന്‍ ഡി പി യോഗം പ്രവര്‍ത്തകരെ രംഗത്തിറക്കുകയും ചെയ്തിട്ടും പരാജയപ്പെടുത്താനായില്ല.
സി പി എമ്മിന്റെ ജില്ലയിലെ പ്രമുഖ വനിതാ നേതാവ് അഡ്വ സി എസ സുജാതയും സി പി ഐയിലെ യുവനേതാവും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റുമായ അഡ്വ ജി കൃഷ്ണപ്രസാദുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളില്‍ പരാജയം രുചിച്ചത്. കൃഷ്ണപ്രസാദ് രമേശ് ചെന്നിത്തലയോടും സുജാത ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിനോടും പരാജയപ്പെട്ടെങ്കിലും ജില്ലയിലെ ആകെയുള്ള ഒമ്പത് സീറ്റില്‍ ഏഴും കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കഴിഞ്ഞ ഇടതുപക്ഷത്തിന് പക്ഷെ, 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ അടിപതറി. സിറ്റിംഗ് എം പി. കെ സി വേണുഗോപാലിനെതിരെ ഉയര്‍ത്തിവിട്ട ആരോപണങ്ങളൊന്നും വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല. ജില്ലയിലെ രണ്ട് സീറ്റുകളിലും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ തന്നെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായിരുന്നു നേട്ടം. ആകെയുള്ള ആറ് നഗരസഭകളില്‍ രണ്ടെണ്ണത്തില്‍ എല്‍ ഡി എഫും നാലിടത്ത് യു ഡി എഫും നേടിയപ്പോള്‍ ആകെയുള്ള 72 ഗ്രാമപഞ്ചായത്തുകളില്‍ 46ഉം എല്‍ ഡി എഫിനൊപ്പമായി. യു ഡി എഫിന് 25 എണ്ണത്തിലൊതുങ്ങിയപ്പോള്‍ ബി ജെ പിക്ക് ഒരിടത്ത് ഭരണം ലഭിച്ചു. ആകെയുള്ള 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പതും എല്‍ ഡി എഫിനൊപ്പവും മൂന്നെണ്ണത്തില്‍ യു ഡി എഫിനുമൊപ്പവുമായി.ജില്ലാ പഞ്ചായത്ത് തുടര്‍ച്ചയായി വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം നിലനിര്‍ത്തുകയും ചെയ്തു.
തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി യു ഡി എഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പെത്തിയിരിക്കുന്നത്. കൂടുതല്‍ കരുത്തോടെ ജില്ലയില്‍ വന്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷ പക്ഷെ, യു ഡി എഫ് കൈവിട്ടിട്ടില്ല. ഇടതുപക്ഷം കൈക്കലാക്കിയ സീറ്റുകള്‍ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മുന്നൊരുക്കങ്ങളാണ് യു ഡി എഫ് നടത്തിവരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ, സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ഉരുണ്ടുകൂടിയ അഭിപ്രായ ഭിന്നതകള്‍ മറ നീക്കി പുറത്ത് വന്നതോടെ, ജില്ലയില്‍ പ്രധാന നേതാക്കള്‍ പോലും മത്സര രംഗത്തുണ്ടാകുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നില നില്‍ക്കുന്നു. പ്രധാനമായും അരൂര്‍ സീറ്റില്‍ സിനിമാ നടന്‍ സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ ചൊല്ലിയാണ് അഭിപ്രായ ഭിന്നത ഉയര്‍ന്നിരിക്കുന്നത്. സിറ്റിംഗ് എം എല്‍ എ. എ എം ആരിഫിനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് സി പി എം ജില്ലാ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനിന്നാല്‍ ആരിഫിന് ഇവിടെ സീറ്റ് നഷ്ടമാകും. പകരം മുന്‍ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവിനെയായിരിക്കും രംഗത്തിറക്കുക. ഇവിടെ സീറ്റ് ആവശ്യമുന്നയിച്ച് ജെ എസ് എസും രംഗത്തുണ്ട്. ആലപ്പുഴയിലും അമ്പലപ്പുഴയിലും മുന്‍ മന്ത്രിമാരും സിറ്റിംഗ് എം എല്‍ എമാരുമായ തോമസ് ഐസക്കിനെയും ജി സുധാകരനെയും തന്നെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ആലപ്പുഴ സീറ്റിലേക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ താത്പര്യം പ്രകടിപ്പിച്ചതോടെ തോമസ് ഐസക്ക് കളം മാറ്റേണ്ടിവന്നേക്കും.ചേര്‍ത്തലയില്‍ കഴിഞ്ഞ തവണ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ എല്‍ ഡി എഫിനൊപ്പമെത്തിയതോടെ ഇവരും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കുട്ടനാട് സീറ്റ് എന്‍ സി പി യില്‍ നിന്ന് ഏറ്റെടുക്കാന്‍ സി പി എം ശ്രമിക്കുന്നുണ്ട്. അങ്ങിനെയെങ്കില്‍ ഇവിടെ നിലവിലെ കായംകുളം എം എല്‍ എ. സി കെ സദാശിവനെ മത്സരിപ്പിച്ചേക്കും.
അതേസമയം, എന്‍ സി പിക്ക് തന്നെ കുട്ടനാട് നല്‍കിയാല്‍ തോമസ് ചാണ്ടി തന്നെയാകും സ്ഥാനാര്‍ഥി. 2006ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനൊപ്പം നിന്ന് കുട്ടനാട് പിടിച്ച തോമസ് ചാണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനൊപ്പമെത്തി സീറ്റ് നിലനിര്‍ത്തുകയായിരുന്നു. യു ഡി എഫിനൊപ്പമായിരുന്ന ഡോ കെ സി ജോസഫ് ഇക്കുറി മണ്ഡലത്തില്‍ പോരാടാനുറച്ചിരിക്കെയാണ് കേരളകോണ്‍ഗ്രസില്‍ പെട്ടെന്ന് പിളര്‍പ്പുണ്ടായത ്.ഡോ കെ സി ജോസഫ് ഇടതുപക്ഷത്തോടൊപ്പമെത്തിയതോടെ കുട്ടനാടിന് വേണ്ടിയുള്ള അവകാശവാദം അദ്ദേഹം ഉപേക്ഷിച്ചു. എങ്കിലും എന്‍ സി പിക്ക് തന്നെ സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. അതേസമയം, കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചുപിടിക്കാനും കെ പി സി സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാമിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. പക്ഷെ, കേരള കോണ്‍ഗ്രസ് എം വിട്ടുവീഴ്ചക്ക് തയ്യാറായേക്കില്ല.
സി പി ഐക്ക് അവകാശപ്പെട്ട ചേര്‍ത്തലയിലും ഹരിപ്പാട്ടും ആരെ സ്ഥാനാര്‍ഥികളാക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഇതേവരെ ധാരണയായിട്ടില്ല. ചേര്‍ത്തലയില്‍ കഴിഞ്ഞ രണ്ട് തവണയായി പി തിലോത്തമന്‍ ആണ് ജയിച്ചത്.തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ തിലോത്തമന് പകരം ആളെ കണ്ടെത്തണം.ഇതിനകം തന്നെ പലരുടെയും പേരുകള്‍ ഈ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.പി തിലോത്തമന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം കൈയാളുന്നതും മൂന്നാമതൊരിക്കല്‍ കൂടി മത്സര രംഗത്ത് വരാനുള്ള സാധ്യതക്ക് തിരിച്ചടിയാണ്.സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ചെങ്ങന്നൂരിലും ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ അമ്പലപ്പുഴയിലും മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.