ഡി സി സി പ്രസിഡന്റിന്റെ സീറ്റ് കൈയാലപ്പുറത്ത്‌

Posted on: March 12, 2016 6:00 am | Last updated: March 12, 2016 at 12:29 am

a a shukoorആലപ്പുഴ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന് ഇക്കുറി നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് കിട്ടുമോയെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തില്‍. തനിക്ക് ഏറ്റവുമധികം ബന്ധമുള്ള മണ്ഡലമെന്ന നിലയില്‍ അമ്പലപ്പുഴയില്‍ കണ്ണും നട്ടിരിക്കുകയായിരുന്ന ഷുക്കൂര്‍, ഈ മണ്ഡലത്തിലെ എല്ലാ ജനകീയ പ്രശ്‌നങ്ങളിലും താത്പര്യപൂര്‍വം ഇടപെടുകയും ഇതിന്റെ പേരില്‍ നിരന്തരം ജി സുധാകരനുമായി കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ അമ്പലപ്പുഴക്കായി കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിമോഹികള്‍ ഒന്നൊന്നായി രംഗപ്രവേശം ചെയ്തതോടെ ഷുക്കൂറിന്റെ നില പരുങ്ങലിലായി.ജില്ലയിലെ മൂന്ന് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലൊന്നില്‍ മത്സരിക്കാമെന്ന ഷുക്കൂറിന്റെ സീറ്റ് പ്രതീക്ഷ ഇപ്പോള്‍ കൈയാലപ്പുറത്താണ്.
നേരത്തെ മത്സരിച്ച അരൂരില്‍ കെ പി സി സി തന്നെ നടന്‍ സിദ്ദീഖിന്റെ പേര്‍ ഉള്‍പ്പെടുത്തി ഹൈക്കമാന്‍ഡിന് പട്ടിക സമര്‍പ്പിച്ചുകഴിഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അമ്പലപ്പുഴയിലാകട്ടെ മുന്‍ എ ഐ സി സി സെക്രട്ടറി അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ ഹൈക്കമാന്‍ഡിനെ നേരിട്ട് സമീപിച്ച് സീറ്റ് ഉറപ്പാക്കിയ സ്ഥിതിയാണ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് സീറ്റ് നല്‍കിയ ഒതുക്കിയതിന്റെ അമര്‍ഷം ഹൈക്കമാന്‍ഡിനെ നേരിട്ടറിയിച്ച ഷാനിമോള്‍ക്ക് ഇക്കുറിയെങ്കിലും അവര്‍ ആവശ്യപ്പെടുന്ന മണ്ഡലത്തില്‍ സീറ്റ് നല്‍കുമെന്ന് തന്നെയാണറിയുന്നത്.
ജില്ലയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് സീറ്റ് നല്‍കിയാല്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കുമെന്നിരിക്കെ, മൂന്നാമതൊരു മണ്ഡലത്തില്‍ സീറ്റ് പ്രതീക്ഷിക്കാന്‍ പോലും ഷുക്കൂറിനാകുന്നില്ല. എന്നാല്‍ കായംകുളം മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായതിനാല്‍ ഇവിടെയും താത്പര്യം പ്രകടിപ്പിച്ച ഷുക്കൂറിന് പക്ഷെ, കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍ തന്നെ പാരയായി വന്നു. തനിക്കും മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും നേരത്തെ മത്സരിച്ച് ജയിച്ച കായംകുളത്ത് സീറ്റ് കിട്ടിയാല്‍ മത്സരിക്കുമെന്നും ഹസന്‍ പ്രഖ്യാപിച്ചതോടെ കായംകുളം സീറ്റിലുള്ള പ്രതീക്ഷയും ഷുക്കൂറിന് നഷ്ടമായിരിക്കയാണ്.
തന്റെ സാധ്യത നഷ്ടപ്പെടുത്തുമെന്ന് കണ്ടതിനാലാകാം അരൂരില്‍ നടന്‍ സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഷുക്കൂര്‍ പരസ്യമായി രംഗത്ത് വന്നത്. ഷുക്കൂറിന്റെ നടപടി കെ പി സി സി പ്രസിഡന്റിന്റെ അതൃപ്തി ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.