സീറ്റ് വെച്ചുമാറുന്നതിന് ലീഗില്‍ വിയോജിപ്പ്‌

Posted on: March 12, 2016 6:00 am | Last updated: March 12, 2016 at 12:28 am

leagueകോഴിക്കോട്: പാര്‍ട്ടിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ കോണ്‍ഗ്രസുമായി വെച്ചുമാറുന്നതില്‍ മുസ്‌ലിം ലീഗ് ജില്ലാ- മണ്ഡലം കമ്മിറ്റികളുടെ കടുത്ത വിയോജിപ്പ്. യു ഡി എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും കീഴ്കമ്മിറ്റികളുടെയും അണികളിലെയും കടുത്ത അമര്‍ഷം കണക്കിലെടുത്ത് കഴിഞ്ഞ തവണ മത്സരിച്ച 24 മണ്ഡലങ്ങളില്‍ 23 ഇടത്തും വീണ്ടും മത്സരിക്കാന്‍ ലീഗ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ തവണ ജയിച്ച 20 മണ്ഡലങ്ങളില്‍ ലീഗ് നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന നാല് മണ്ഡലങ്ങള്‍ പരസ്പരം വെച്ചുമാറുന്നത് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് വിജയ പ്രതീക്ഷയുള്ള മൂന്ന് മണ്ഡലങ്ങള്‍ വിട്ടുനല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ലീഗ്.
കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ കുന്ദമംഗലം, കുറ്റിയാടി, ഇരവിപുരം, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് ഇനി ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതില്‍ ഇരവിപുരം സീറ്റ് ലീഗ് വിട്ട്‌നല്‍കും. പകരം കരുനാഗപ്പള്ളിയാണ് ചോദിക്കുന്നതെങ്കിലും ചടയമംഗലം നല്‍കാമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. കൊല്ലം ജില്ലാ കമ്മിറ്റിയുടെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് നില്‍ക്കാതെ ചടയമംഗലം സീറ്റ് ലീഗ് ഏറ്റെടുത്തേക്കും. അടുത്തിടെ ഡി വൈ എഫ് ഐയില്‍ നിന്ന് രാജിവെച്ച ലീഗിന്റെ കര്‍ഷക സംഘത്തിന്റെ സംസ്ഥാന ഭാരവാഹി ശ്യാംസുന്ദര്‍ ഇവിടെ സ്ഥാനാര്‍ഥിയാകും. കൊല്ലത്തെ പാര്‍ട്ടിയിലെ പ്രമുഖ നേതാവ് യൂനസ് കുഞ്ഞ് അടക്കമുള്ളവര്‍ ഇരവിപുരം സീറ്റ് വിട്ടുനല്‍കുന്നതില്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ അനുനയിപ്പിച്ച് ശ്യാം സുന്ദറിനെ ചടയമഗംലത്ത് രംഗത്തിറക്കാനാണ് നീക്കം.
ഗുരുവായൂര്‍ സീറ്റിനായി കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചെങ്കിലും ടി എന്‍ പ്രതാപന്‍ മത്സരിക്കുന്ന കൊടുങ്ങല്ലൂര്‍ സീറ്റാണ് ലീഗ് പകരം ചോദിച്ചത്. മറ്റൊരു സീറ്റും ജില്ലയില്‍ വെച്ചുമാറാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഗുരുവായൂര്‍ സീറ്റില്‍ മുസ്‌ലിംലീഗ് മത്സരിച്ചേക്കും. ഇവിടെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സ്വാദിഖലി ജനവിധി തേടും. കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, കുന്ദമംഗലം സീറ്റിനായി കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഇത് രണ്ടും വിട്ടുനല്‍കേണ്ടെന്നാണ് ജില്ലാ കമ്മിറ്റി, സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. യു ഡി എഫ് യോഗത്തില്‍ ലീഗ് സംസ്ഥാന നേതൃത്വം ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഒരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണ്. ഒടുവില്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടി വന്നാല്‍ കുറ്റിയാടി സീറ്റ് നല്‍കി നാദാപുരം സ്വീകരിക്കാനുള്ള സാധ്യതയും ഉണ്ട്.
എങ്കിലും കുറ്റിയാടിയിലെ സ്ഥാനാര്‍ഥി ആരെന്ന് സംബന്ധിച്ച് ലീഗ് തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നിരവധി പേരുകള്‍ ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും ഇപ്പോള്‍ ദളിത് ലീഗ് നേതാവ് യു സി രാമനാണ് പ്രഥമ പരിഗണന. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി കെ കെ ലതിക വന്നാല്‍ രാമനാണ് നല്ലതെന്നാണ് വിലയിരുത്തല്‍. യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹി കെ കെ അബ്ദുര്‍റഹ്മാന്റ പേരും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
കുന്ദമംഗലത്ത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് തന്നെയാണ് സാധ്യത. പാര്‍ട്ടിയിലെ ചില വ്യക്തികള്‍ക്ക് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് വിയോജിപ്പുണ്ട്. ഫിറോസിനേക്കാള്‍ സീനിയറായ ചില സംസ്ഥാന ഭാരവാഹികളെ തഴഞ്ഞ് അദ്ദേഹത്തിന് സീറ്റ് നല്‍കുന്നത് ശരിയല്ലെന്നാണ് എതിര്‍ക്കുന്നവരുടെ ന്യായം. ചില സമുദായ നേതാക്കളെ കൂട്ടുപിടിച്ച് ഫിറോസിന്റെ സ്ഥാനാര്‍ഥിത്വത്തിന് എതിരെ ഇവര്‍ നീക്കം നടത്തുന്നുമുണ്ട്. എന്നാല്‍ മണ്ഡലം – ജില്ലാ കമ്മിറ്റികള്‍ ഫിറോസിന് പിന്നില്‍ ഉറച്ച് നില്‍ക്കുന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്. ഫിറോസിനെ പരിഗണിച്ചില്ലെങ്കില്‍ ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പണ്ടികശാലക്ക് നറുക്ക് വീഴും.
കൂടാതെ തിരുവമ്പാടി മണ്ഡലത്തില്‍ തോറ്റാലും പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച സ്വന്തം സ്ഥാനാര്‍ഥിയുമായി മുന്നോട്ട് പോകുമെന്ന് പ്രമുഖ ലീഗ് നേതാവ് സിറാജിനോട് പറഞ്ഞു. ഉമ്മര്‍ മാസ്റ്ററുടെ വിജയത്തിനായി ലീഗ് സംഘടനാ സംവിധാനം ഒറ്റക്കെട്ടായി രംഗത്തിറങ്ങി കഴിഞ്ഞു. തിരുവമ്പാടിയിലെ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ താമരശ്ശേരി രൂപതയും ഇവര്‍ നേതൃത്വം നല്‍കുന്ന മലയോര കര്‍ഷക സമിതിയും രംഗത്തെത്തിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില നേതാക്കന്‍മാരാണെന്നും ലീഗ് നേതൃത്വം പറയുന്നു.