പാസ്‌പോര്‍ട്ട് നഷ്ടമായി; കൊല്ലം സ്വദേശി അഞ്ച് മാസമായി ദുബൈ ജയിലില്‍

Posted on: March 11, 2016 2:36 pm | Last updated: March 11, 2016 at 2:36 pm

prisonദുബൈ:പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട മലയാളി അഞ്ചുമാസമായി അവീര്‍ ജയിലില്‍. കൊല്ലം തെക്കുംഭാഗം സ്വദേശി പ്രസാദ് സദാനന്ദനാ (44)ണ് ചെയ്യാത്ത കുറ്റത്തിന്റെയും ഇല്ലാത്ത ബാധ്യതയുടെയും പേരില്‍ ജയിലില്‍ കഴിയുന്നത്. 2004ലാണ് ഷാര്‍ജ സജയിലെ ഒരു കോഴിവളര്‍ത്തുകേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്ന പ്രസാദിന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം മദ്യം വാങ്ങി താമസസ്ഥലത്തേക്കു മടങ്ങുമ്പോള്‍ ദൈദ് പൊലീസ് പിടികൂടിയപ്പോള്‍ സ്വന്തം പാസ്‌പോര്‍ട്ട് വെച്ചു പ്രസാദ് ജാമ്യത്തിലിറങ്ങി. കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചെങ്കിലും പ്രസാദിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ ജയിലില്‍നിന്നു നഷ്ടപ്പെട്ടു.
പോലീസ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു പുതിയ പാസ്‌പോര്‍ട്ട് സ്വന്തമാക്കി. എന്നാല്‍ നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചു മറ്റൊരാള്‍ കമ്പനി ആരംഭിക്കുകയും തട്ടിപ്പു നടത്തുകയുമായിരുന്നു. ഈ കമ്പനിയുടെ പേരില്‍ നല്‍കിയ ചെക്കുകളുമായി ബന്ധപ്പെട്ട് പ്രസാദിന്റെ പേരില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ഈ കേസിലെ യഥാര്‍ഥ പ്രതിയായ അബ്ദുല്‍ അസീസ് സാംബിയ എന്നയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. തുടര്‍ന്നു കുറച്ചുകാലം കൂടി സജയിലെ കമ്പനിയില്‍ പ്രസാദ് ജോലി ചെയ്തശേഷം വിസ റദ്ദാക്കി നാട്ടിലേക്കു മടങ്ങി. ഒരു കൊല്ലത്തിനുശേഷം സഊദി അറേബ്യയില്‍ ജോലി ലഭിച്ചതോടെ അങ്ങോട്ടു പോയി. അഞ്ചുമാസം മുമ്പ് അവധി കഴിഞ്ഞു യു എ ഇ വഴി സഊദിയിലേക്കു തിരിച്ചുപോകുമ്പോള്‍ അബുദാബി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പോലീസ് പ്രസാദിനെ അറസ്റ്റ് ചെയ്തു. 42,000 ദിര്‍ഹം വാടക കുടിശിക നല്‍കാത്തതിന്റെ പേരില്‍ 2005ല്‍ ദുബൈയിലെ ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി നല്‍കിയ കേസിന്റെ പേരിലായിരുന്നു ഇത്തവണ അറസ്റ്റ്. ഇക്കാര്യം പ്രസാദ് നാട്ടിലെ ബന്ധുക്കളെ അറിയിക്കുകയും അവര്‍ ദുബൈയിലെ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന ജാമ്യമെടുക്കുകയും ചെയ്തു.
എന്നാല്‍, അബുദാബിയില്‍നിന്നു ദുബൈയിലേക്കു പ്രസാദിനെ പൊലീസ് കൊണ്ടുവരുംവഴി പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെന്നാണു പ്രസാദ് പറയുന്നത്. പാസ്‌പോര്‍ട്ട് വാങ്ങിയ പോലീസ് തിരികെ നല്‍കിയില്ലെന്നു പ്രസാദ് ആരോപിക്കുന്നു. പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ ഏറെ ശ്രമം നടത്തിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ജാമ്യമായി പാസ്‌പോര്‍ട്ട് നല്‍കാന്‍ മറ്റാരും തയാറാകാത്തതിനാല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി നല്‍കിയ കേസിന്റെ പേരില്‍ പ്രസാദ് ജയില്‍വാസം തുടരുകയാണ്. പ്രസാദിനെതിരെ പരാതി നല്‍കിയ കമ്പനിയെ സമീപിച്ചെങ്കിലും അവരും കേസ് പിന്‍വലിക്കാന്‍ തയാറായിട്ടില്ലെന്നും അവര്‍ക്കെതിരെ നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ക്കു കോടതിയെ സമീപിക്കുമെന്നും അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു.