യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്‍മാറ്റം വന്‍ ദുരന്തമാകും: സ്റ്റീഫന്‍ ഹോക്കിംഗ്

Posted on: March 11, 2016 11:22 am | Last updated: March 11, 2016 at 11:22 am

stephan hawkingലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ ഒഴിവാകുകയാണെങ്കില്‍ ബ്രിട്ടനും യൂറോപ്പിനുമിടയിലെ ശാസ്ത്രജ്ഞരുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസം വരുമെന്നും, ഇത് ബ്രിട്ടന്റെ ശാസ്ത്ര മേഖലക്കും, സര്‍വകലാശാലകള്‍ക്കും വന്‍ ദുരന്തമായി ഭവിക്കുമെന്നും വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്. പ്രസിദ്ധ സയന്‍സ് ഇന്‍സ്റ്റിറ്റിയൂഷനായ റോയല്‍ സൊസൈറ്റിയിലേയും കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലേയും 150 ശാസ്ത്രജ്ഞര്‍ ഒപ്പിട്ട് ദി ടൈംസ് ദിനപത്രത്തിനയച്ച കത്തിലാണ് സ്റ്റീഫന്‍ ഹോക്കിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
അടിസ്ഥാന വികസന പദ്ധതികളിലെ നിക്ഷേപമെന്ന പോലെ ബ്രിട്ടന്റെ അഭിവൃദ്ധിക്കും സുരക്ഷക്കും ശാസ്ത്ര മേഖലയിലും നിക്ഷേപം ആവശ്യമാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥക്ക് സ്വതന്ത്ര വ്യാപാരം പ്രധാനമാണെന്നത് പോലെ ശാസ്ത്രഞ്ജരുടെ സ്വതന്ത്ര വിഹാരം ശാസ്ത്രത്തിനും പ്രധാനമാണെന്നും ശാസ്ത്രജ്ഞര്‍ കത്തില്‍ വ്യക്തമാക്കി.
യൂറോപ്യന്‍ യൂനിയനില്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ജൂണ്‍ 23 ന് ബ്രിട്ടനില്‍ വോട്ടെടുപ്പ് നടക്കും. യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷമെന്ന് അഭിപ്രായ വോട്ടെടുപ്പില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മാസങ്ങള്‍ക്കിടയില്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഒഴിവാകണമെന്ന അഭിപ്രായമുള്ളവരുടെ ലീവ് ക്യാമ്പയിന്‍ ഈ ഭൂരിപക്ഷത്തെ ചുരുക്കിയിട്ടുണ്ട്.