യുഫേഫ ലീഗ്: ചെല്‍സിയെ പുറത്താക്കി പി എസ് ജി ക്വാര്‍ട്ടറില്‍

Posted on: March 11, 2016 10:41 am | Last updated: March 11, 2016 at 10:41 am

UFEFAയുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയുടെ കഥ കഴിഞ്ഞു. അതുപോലെ റഷ്യന്‍ ക്ലബ്ബ് സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകളും അസ്തമിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയെ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയാണ് ടൂര്‍ണമെന്റില്‍ നിന്ന് മടക്കിയത്. ഇരുപാദത്തിലുമായി 4-2നാണ് പി എസ് ജിയുടെ ജയം. ഹോംഗ്രൗണ്ടിലെ ആദ്യപാദം 2-1ന് ജയിച്ച പി എസ് ജി ചെല്‍സിയുടെ തട്ടകത്തില്‍ രണ്ടാം പാദവും അതേ മാര്‍ജിനില്‍ ജയിച്ചു.
പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയാണ് സെനിതിനെ പുറത്താക്കിയത്. ഇരുപാദ സ്‌കോര്‍ 3-1. സെനിതിന്റെ തട്ടകത്തിലെ രണ്ടാം പാദം 2-1ന് ബെന്‍ഫിക്ക ജയിച്ചു.
കഴിഞ്ഞ സീസണിലും ചെല്‍സിയെ നോക്കൗട്ട് റൗണ്ടില്‍ പുറത്താക്കിയത് പി എസ് ജി ആയിരുന്നു. പ്രീമിയര്‍ ലീഗില്‍ പത്താം സ്ഥാനത്തുള്ള ചെല്‍സിക്ക് അടുത്ത സീസണില്‍ യൂറോപ്പിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി.
ശനിയാഴ്ച എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എവര്‍ട്ടനെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം. കോസ്റ്റയും ഹസാദും പരുക്കേറ്റ് പുറത്തായതോടെ എഫ് എ കപ്പിലും ചെല്‍സിയെ കാത്തിരിക്കുന്നത് പരീക്ഷണ ദിനങ്ങളാണ്. 1-0 എന്ന മാര്‍ജിനില്‍ ജയിച്ചാല്‍ ചെല്‍സിക്ക് ക്വാര്‍ട്ടര്‍ ഉറപ്പിക്കാമായിരുന്നു. എവേ ഗോളിന്റെ ആനുകൂല്യം. കഴിഞ്ഞ സീസണില്‍ പി എസ് ജി ചെല്‍സിയെ മറികടന്നത് എവേ ഗോള്‍ ആനുകൂല്യത്തിലായിരുന്നു. മധുരപ്രതികാരം മനസില്‍ കുറിച്ചിട്ട ചെല്‍സി ടീമിനെ ഞെട്ടിച്ചു കൊണ്ട് പതിനാറാം മിനുട്ടില്‍ പതിനാറാം മിനുട്ടില്‍ അഡ്രിയാന്‍ റാബിയറ്റാണ് പി എസ് ജിയുടെ ആദ്യ ഗോള്‍ നേടിയത്. സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയിലൂടെ ചെല്‍സി തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ അധികം താമസിയാതെ കോസ്റ്റ പരുക്കുമായി കളം വിട്ടു. ആദ്യപകുതിയില്‍ 1-1 ആയിരുന്നു സ്‌കോര്‍.
രണ്ടാം പകുതിയില്‍ സ്വീഡിഷ് സൂപ്പര്‍സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് പി എസ് ജിയുടെ വിജയഗോള്‍ നേടി. ഡി മരിയയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.