Connect with us

National

ബാബരി മസ്ജിദ്: വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരടക്കമുള്ള ബി ജെ പി- വി എച്ച് പി നേതാക്കള്‍ക്കെതിരെയുള്ള ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്‍മാറി. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉന്നയിക്കാതെയാണ് കേസ് കേള്‍ക്കുന്ന ബഞ്ചിന്റെ അധ്യക്ഷന്‍ കൂടിയായ ജസ്റ്റിസ് വി ഗോപാല ഗൗഡ പിന്‍മാറിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര കൂടി ഈ ബഞ്ചില്‍ അംഗമാണ്.

കേസ് ഏത് ബഞ്ചിന് കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കട്ടെയെന്ന് ജസ്റ്റിസ് ഗൗഡ പറഞ്ഞു. ബി ജെ പി- വി എച്ച് പി നേതാക്കളായ 16 പേര്‍ ക്കെതിരെ ചുമത്തിയിരുന്ന ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയത് നിയമവിരുദ്ധമായാണെന്നും സി ബി ഐ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ തെറ്റായ തീരുമാനമാണ് കൈക്കൊണ്ടതെന്നും ഹാജി മഹ്ബൂബ് സമര്‍പ്പിച്ച അപ്പീല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രത്യേക കോടതിയുടെ വിധി ശരിവെച്ച് 2010 മെയ് 20നാണ് അലഹബാദ് ഹൈക്കോടതി അഡ്വാനിക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹരജിക്കാരന്‍ ആവശ്യപ്പെടുന്നത്. ഇവര്‍ക്കെതിരായ കുറ്റം ഒഴിവാക്കാനുള്ള തീരുമാനം ആരുടെയും സമ്മര്‍ദഫലമായി എടുത്തതല്ലെന്ന് സി ബി ഐ കഴിഞ്ഞ സെപ്തംബറില്‍ പരമോന്നത കോടതിയില്‍ അവകാശപ്പെട്ടിരുന്നു. സി ബി ഐയുടെ തീരുമാനമെടുക്കല്‍ പ്രക്രിയ തീര്‍ത്തും സ്വതന്ത്രമാണെന്നും നിയമത്തിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും സി ബി ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ഹാജി അഹ്മദിന്റെ ഹരജിയില്‍ അഡ്വാനി, ജോഷി, പ്പോള്‍ കേന്ദ്ര മന്ത്രിയായ ഉമാഭാരതി എന്നിവരടക്കം 16 പേര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. 1992ല്‍ മസ്ജിദ് പൊളിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഇപ്പോള്‍ ഹിമാചല്‍ ഗവര്‍ണറുമായ കല്യാണ്‍ സിംഗില്‍ നിന്നും ബഞ്ച് വിശദീകരണം തേടിയിരുന്നു.