Connect with us

Kerala

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: മന്ത്രി ബാലകൃഷ്ണനെതിരെ ത്വരിതാന്വേഷണത്തിന് വീണ്ടും ഉത്തരവ്

Published

|

Last Updated

തൃശൂര്‍: കണ്‍സ്യൂമര്‍ ഫെഡിന്റെ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ പണം തിരിമിറി നടത്തിയെന്ന പരാതിയില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരെ ത്വരിതാന്വേഷണം നടത്താന്‍ വീണ്ടും വിജിലന്‍സ് ഉത്തരവ്. പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളം നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ജഡ്ജി എസ് എസ് വാസന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വിദേശമദ്യം വാങ്ങിയ വകയില്‍ അഞ്ച് കോടി കമ്മീഷന്‍ കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ത്വരിതാന്വേഷണത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് കോടതി ഉത്തരവിട്ടിരുന്നു. ഇതോടൊപ്പം ചേര്‍ത്ത് പുതിയ അന്വേഷണം നടത്താനും അടുത്ത മാസം നാലിന് രണ്ട് അന്വേഷണങ്ങളിലുമുള്ള റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.
2011 ല്‍ തൃശൂര്‍ പടിഞ്ഞാറെകോട്ടയിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ നിന്നും അന്നത്തെ കണ്‍സ്യൂമര്‍ഫെഡ് എം ഡി. റി .ജി നായരുടെ നിര്‍ദേശപ്രകാരം ഒരു ലക്ഷം രൂപ മന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് സാധൂകരിക്കുന്ന ഔട്ട്‌ലെറ്റിലെ ദൈനംദിന വരവ് ചെലവുകള്‍ ഉള്‍പ്പെട്ട ലെഡ്ജര്‍ ബുക്കിന്റെ ഇക്കാര്യം രേഖപ്പെടുത്തിയ ഭാഗത്തിന്റെ പകര്‍പ്പും ഹരജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കണ്‍സ്യൂമര്‍ ഫെഡിനായി വിദേശമദ്യം വാങ്ങുമ്പോള്‍ ലഭിച്ച ഇന്‍സെന്റീവ് തുക മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അപഹരിച്ചെന്നും ഇതിലൂടെ അഞ്ച് വര്‍ഷം കൊണ്ട് കണ്‍സ്യൂമര്‍ഫെഡിന് 28.81 കോടി രൂപ നഷ്ടം വന്നുവെന്നുമാണ് ആദ്യത്തെ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. കൈപ്പറ്റിയതായി പറയുന്ന അഞ്ച് കോടിയില്‍ രണ്ട് കോടി യു ഡി എഫ് ജില്ലാ ചെയര്‍മാന്റെ വീട്ടില്‍ വെച്ച് കൈമാറുന്നത് കണ്ടെന്ന മന്ത്രിയുടെ മുന്‍ പിഎ. ശേഖരന്റെ മൊഴി കണക്കിലെടുത്താണ് കഴിഞ്ഞ മാസം 18ന് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. മന്ത്രിയെക്കൂടാതെ കണ്‍സ്യൂമര്‍ഫെഡ് മുന്‍ പ്രസിഡന്റ് ജോയ് തോമസ്, മുന്‍ എം ഡി. റിജി ജി നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍ ജയകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Latest