അബുദാബിയില്‍ കൊടുങ്കാറ്റ്; ലക്ഷങ്ങളുടെ നഷ്ടം

Posted on: March 10, 2016 3:15 pm | Last updated: March 10, 2016 at 3:15 pm

abudhabiഅബുദാബി: അബുദാബിയിലുണ്ടായ ശക്തമായ മഴയിലും കൊടുങ്കാറ്റിലും ലക്ഷങ്ങളുടെ നഷ്ടം. കൊടുങ്കാറ്റില്‍ അബുദാബി, മുസഫ്ഫ, അല്‍ ഐന്‍ എന്നീ ഭാഗങ്ങളില്‍ കെട്ടിടങ്ങളുടെ ഗ്ലാസ് ഭിത്തികളും പരസ്യ ബോര്‍ഡുകളും ഇളകിവീണു. ട്രാഫിക് ലൈറ്റ് സംവിധാനം ചിലയിടങ്ങളില്‍ നിശ്ചലമായി. നഗരവാസികള്‍ വീട് വിട്ടിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കനത്ത മഴ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെ ബാധിച്ചു. മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. അബുദാബിയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളെ അല്‍ ഐന്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. അബുദാബി നഗരത്തിനു പുറമെ അതിര്‍ത്തിപ്രദേശങ്ങളായ അബ്ഷാന്‍, ലിവ, സില, ബദാ സായിദ്, മദീനാ സായിദ്, ഗുവൈഫാത്ത് എന്നീ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു.
അബുദാബി മിന മത്സ്യമാര്‍ക്കറ്റിനു സമീപം കെട്ടിടത്തിന്റെ മുകളില്‍ നിന്നും ക്രെയിന്‍ പൊട്ടിവീണു. നഗരത്തില്‍ നിന്നും ശഹാമ, സംഹ, മുസഫ്ഫ ഭാഗങ്ങളിലേക്കുള്ള റോഡില്‍ മരം കടപുഴകി വീണത് മണിക്കൂറുകളോളം ഗതാഗത സ്തംഭനമുണ്ടാക്കി.
അബുദാബി അല്‍ ബത്തീന്‍ വിമാനത്താവള മേഖലയിലാണ് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചത്. ഇന്നലെ രാവിലെ 11.30നായിരുന്നു പ്രദേശത്തെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണത്. നഗരത്തില്‍ കനത്ത നാശമാണ് കാറ്റും മഴയും ഉണ്ടാക്കിയതെന്ന് അബുദാബി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാഹനം ഓടിക്കല്‍ തീര്‍ത്തും അപകടകരമായ ജോലിയായി മാറിയിരിക്കുകയാണ്.
ഇന്നലത്തെ മഴയില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ 110 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അബുദാബി അല്‍ തവീല പാലത്തില്‍ വന്‍തോതില്‍ വെള്ളം പൊങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഴയത്തെടുര്‍ന്ന് അബുദാബി, ദുബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഓഫീസുകള്‍ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. മിക്ക ഓഫീസുകളും ഉച്ചക്ക് 1.45നാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.