എറണാകുളത്ത് തുല്യപ്രാതിനിധ്യം ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ്

Posted on: March 10, 2016 9:16 am | Last updated: March 10, 2016 at 9:16 am

കൊച്ചി: എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന പത്ത് സീറ്റുകളില്‍ ഐ ഗ്രൂപ്പ് തുല്യപ്രാതിനിധ്യം ആവശ്യപ്പെടുന്നു. ഡി സി സി തയ്യാറാക്കിയിട്ടുള്ള സാധ്യതാ ലിസ്റ്റില്‍ ഐ ഗ്രൂപ്പില്‍ നിന്നുള്ള ആറ് പേരുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അഞ്ച് സീറ്റുകളാണ് ഐ ആവശ്യപ്പെടുന്നതെങ്കിലും നാല് സീറ്റില്‍ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയില്ല. ഗ്രൂപ്പിനേക്കാള്‍ വിജയസാധ്യത മാനദണ്ഡമാക്കുമെന്ന വി എം സുധീരന്റെ നിലപാടാണ് ഗ്രൂപ്പടിസ്ഥാനത്തിലുള്ള വിലപേശലിന് തടസമാകുന്നത്.

എറണാകുളം ജില്ലയില്‍ ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്ന സീറ്റുകളില്‍ ഐ ഗ്രൂപ്പില്‍ പെട്ട മൂന്ന് സിറ്റിംഗ് എം എല്‍ എമാരുടെ സീറ്റുകള്‍ കൂടാതെ കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിന്‍ സീറ്റുകളുമുണ്ട്. എന്‍ വേണുഗോപാല്‍, വി പി ജോര്‍ജ് എന്നിവരാണ് ഐ ഗ്രൂപ്പില്‍ നിന്ന് പുതുതായി മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. എറണാകുളത്ത് ഹൈബി ഈഡന്‍, പറവൂരില്‍ വി ഡി സതീശന്‍, മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കന്‍ എന്നിവരാണ് ഐ ഗ്രൂപ്പില്‍ നിന്നുള്ള സിറ്റിംഗ് എം എല്‍ എമാര്‍. ഇതു കൂടാതെയാണ് കൊച്ചി, തൃപ്പൂണിത്തുറ വൈപ്പിന്‍ ഇതിലേതെങ്കിലും സീറ്റിനു വേണ്ടിയും ഐ ഗ്രൂപ്പ് അവകാശവാദമുന്നയിക്കുന്നത്. ജി സി ഡി എ ചെയര്‍മാന്‍ കൂടിയായ എന്‍ വേണുഗോപാലിന്റെ പേര് തൃപ്പൂണിത്തുറ, വൈപ്പിന്‍ സീറ്റുകളില്‍ പരിഗണിക്കുന്നു. കൊച്ചിയില്‍ ഐ എന്‍ ടി യു സി നേതാവ് വി പി ജോര്‍ജിന്റെ പേരാണ് ഡി സി സി നല്‍കിയിട്ടുള്ള സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.