എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റിന് നാളെ തുടക്കം

Posted on: March 10, 2016 5:12 am | Last updated: March 10, 2016 at 12:13 am

ssf flagകോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം പ്രൊഫ്‌സമ്മിറ്റ് നാളെ മുതല്‍ മൂന്ന് ദിനങ്ങളില്‍ തൃശൂര്‍ വാടാനപ്പള്ളി മദാര്‍ ക്യാമ്പസില്‍ നടക്കും. സംസ്ഥാനത്തെ വിവിധ പ്രൊഫഷണല്‍ കോളേജുകളില്‍ നിന്നായി രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ഏഴു വര്‍ഷമായി നടന്നുവരുന്ന പ്രൊഫ്‌സമ്മിറ്റിന് തൃശൂര്‍ ജില്ല ഇതാദ്യമായാണ് ആതിഥ്യമരുളുന്നത്.
വിദ്യാര്‍ഥികളില്‍ സേവനമനസ് രൂപപ്പെടുത്തുകയും പഠനത്തിനൊപ്പം സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലേക്ക് അവരുടെ കര്‍മശേഷി തിരിച്ചുവിടുകയുമാണ് പ്രൊഫ്‌സമ്മിറ്റ് ലക്ഷ്യമിടുന്നത്. മതപരമായ സ്വത്വം സംരക്ഷിച്ചുകൊണ്ടു തന്നെ പൊതു വിഷയങ്ങളില്‍ നിലപാട് രൂപപ്പെടുത്താനും സന്ദര്‍ഭോചിതം പ്രതികരിക്കാനും വിദ്യാര്‍ഥിത്വത്തെ പ്രചോദിപ്പിക്കുകയും അതുവഴി രാഷ്ട്രീയ ജാഗ്രതയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും പ്രൊഫ്‌സമ്മിറ്റ് ലക്ഷ്യം വെക്കുന്നു.
വിവിധ കാമ്പസുകളില്‍ എസ് എസ് എഫ് ഘടകങ്ങള്‍ മുഖേന രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളാണ് പ്രൊഫ്‌സമ്മിറ്റിലെ പ്രതിനിധികള്‍. നാളെ വൈകുന്നേരം അഞ്ചുമണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഖുര്‍ആന്‍ വെളിച്ചം, ജീവിതയാത്ര സെഷനുകളില്‍ അബ്ദുറശീദ് സഖാഫി കുറ്റിയാടി, റഹ്മതുല്ല സഖാഫി എളമരം വിഷയാവതരണം നടത്തും. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച കാലത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിക്കും.
ഇസ്‌ലാം ലളിതം വിഷയത്തില്‍ അലി ബാഖവി ആറ്റുപുറം പ്രസംഗിക്കും. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ ആധികാരിക ശബ്ദങ്ങളായ നാല് ഇമാമുകളെ കുറിച്ചുള്ള പഠനത്തിന് ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം നേതൃത്വം നല്‍കും. ശേഷം, കേരളത്തിലെ കാമ്പസനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാര്‍ഥി സംവാദം നടക്കും. ബശീര്‍ ചെല്ലക്കൊടി മോഡറേറ്ററായിരിക്കും.
വൈകീട്ട് നാലു മണിക്ക് നടക്കുന്ന ‘ഫാഷിസം, തീവ്രവാദം’ സെമിനാര്‍ നടപ്പു കാലത്തിന്റെ ആകുലതകളെയും ചരിത്രത്തിലെ വേരുകളെയും ചര്‍ച്ചക്ക് വിധേയമാക്കും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സി പി ജോണ്‍, കാസിം ഇരിക്കൂര്‍, മുസ്തഫ എറയ്ക്കല്‍ സെമിനാറില്‍ സംസാരിക്കും. ഏഴു മണിക്ക് നടക്കുന്ന ചോദ്യോത്തര സെഷനില്‍ ഫൈസല്‍ അഹ്‌സനി ഉളിയില്‍, സജീര്‍ ബുഖാരി വിദ്യാര്‍ഥികളുമായി സംവദിക്കും. എന്‍ എം സ്വാദിഖ് സഖാഫി ജീവിതവിശുദ്ധി അവതരിപ്പിക്കും. ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ ആത്മീയോപദേശത്തിന് ശേഷം നടക്കുന്ന പ്രവാചക പ്രകീര്‍ത്തന ആലാപനത്തോടെ രണ്ടാംദിനത്തില്‍ പരിപാടികള്‍ അവസാനിക്കും.
ഞായറാഴ്ച കാലത്ത് കെ അബ്ദുല്‍ കലാം, എം അബ്ദുല്‍ മജീദ് വിദ്യാര്‍ഥിത്വത്തിന്റെ വിവിധ തലങ്ങളെ വിഷയമാക്കി ക്ലാസെടുക്കും. കെ സി അമീര്‍ ഹസന്‍ ‘നിങ്ങളെ കണ്ടെത്തുക’ വിഷയമവതരിപ്പിക്കും. സയ്യിദ് വി പി എ തങ്ങള്‍ ദാരിമിയുടെ ആത്മീയ പ്രഭാഷണത്തോടെ ഏഴാമത് പ്രൊഫ്‌സമ്മിറ്റിന് സമാപനം കുറിക്കും.