Gulf
മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള പാര്‍ക്ക് തുറന്നു

അബുദാബി:അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ പാര്‍ക്ക് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ അബുദാബി നഗരസഭ ഉദ്ഘാടനം ചെയ്തു. 19,662 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച പാര്‍ക്കിന് അധികൃതര്‍ ചെലവഴിച്ചത് 1.2 കോടി ദിര്‍ഹമാണ്. ഏറ്റവും മികച്ച വിനോദ സൗകര്യങ്ങള്‍ക്കുപുറമെ മുന്തിയതരം സുരക്ഷാ സംവിധാനങ്ങളും പാര്‍ക്കിനെ വ്യത്യസ്തമാക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
ആകര്‍ഷകമായ പച്ചപ്പുല്ല് പതിച്ച വിശാലമായ പരന്ന പ്രദേശം ഏറെ ശ്രദ്ധേയമാണ്. വിവിധ ഇനങ്ങളില്‍ പെട്ട 240 മരങ്ങള്‍ പാര്‍ക്കിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ 63 ഈന്തപ്പന മരവും പാര്‍ക്കിലുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ കണ്ണഞ്ചിപ്പിക്കുന്ന പച്ചമയമുള്ള പാര്‍ക്കില്‍ നനക്കാനുള്ള സൗകര്യം ഭൂപ്രതലത്തിനടിയില്‍ സജ്ജീകകരിച്ച ഓട്ടോമാറ്റിക് സംവിധാനമാണ്. പാര്‍ക്കുകള്‍ വൈവിധ്യവത്കരിക്കുന്നതില്‍ അബുദാബി നഗരസഭ ഒരു ചുവട് മുന്നിലാണെന്ന് അസി.ഡയറക്ടര്‍ ജനറല്‍ മുസബ്ബഹ് മുബാറക് അല്‍ മുറര്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു. പാര്‍ക്കിലെത്തുന്ന ഏതുതരം ജനങ്ങളെയും പരമാവധി സന്തോഷിപ്പിക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്നും അല്‍ മുറര്‍ വ്യക്തമാക്കി. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന അബുദാബി നഗരത്തിലും പരിസര പ്രദേശങ്ങളും കാലോചിതമായ രീതിയിലുള്ള പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും ഉള്‍പെടെയുള്ള ജീവിത സൗകര്യങ്ങളൊരുക്കാന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണെന്നും അല്‍ മുറര്‍ ചൂണ്ടിക്കാട്ടി.