വള്ളിക്കുന്ന് മണ്ഡലം ലീഗില്‍ ഗ്രൂപ്പ് പോര്; ചര്‍ച്ച പരാജയം

Posted on: March 9, 2016 1:09 pm | Last updated: March 9, 2016 at 2:18 pm

leagueതേഞ്ഞിപ്പലം: മുസ്‌ലിം ലീഗ് നേതൃത്വത്തിന് കീറാമുട്ടിയായി വള്ളിക്കുന്ന് മണ്ഡലത്തിലെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ പുകയുന്നു. ചേലേമ്പ്ര പഞ്ചായത്ത് ലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പാണക്കാട്ട് ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എം പിമാരായ ഇ ടി മുഹമ്മദ് ബശീര്‍, പി വി അബ്ദുള്‍ വഹാബ്, കെ എന്‍ എ ഖാദിര്‍ എം എല്‍ എ എന്നിവരുടെ സാന്നിധ്യത്തില്‍ വിമത വിഭാഗത്തെയും ഔദ്യോഗിക വിഭാഗത്തെയും പങ്കാളിത്തത്തോടെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ലീഗ് വിമത വിഭാഗത്തിന് നേതൃത്വം നല്‍കുന്ന സി പി ശബീറലിയും സംഘവും പാര്‍ട്ടിയിലേക്ക് മടങ്ങിവരണമെങ്കില്‍ മണ്ഡലം ഭാരവാഹിത്വവും ചേലേമ്പ്ര സഹകരണ ബേങ്ക് ചെയര്‍മാന്‍ സ്ഥാനവും ആവശ്യപ്പെട്ടു. ഇതിന് പുറമേ ചേലേമ്പ്രയില്‍ നിലവിലുള്ള ലീഗ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. എന്നാലിത് ഔദ്യോഗിക പക്ഷം അംഗീകരിച്ചില്ല. നാല് പേര്‍ക്ക് വേണ്ടി നാനൂറിലധികം പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റരുതെന്ന് ഔദ്യോഗിക പക്ഷം സംസ്ഥാന നേതാക്കളോട് അഭ്യര്‍ഥിച്ചു. ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നതോടെ ഏറെ നേരം നീണ്ട ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാന്‍ തിരക്കിട്ട നീക്കം സംസ്ഥാന നേതൃത്വം തുടങ്ങിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലേക്ക് യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന എ കെ അബ്ദുര്‍റഹിമാനെതിരെ ലീഗ് വിമതനായ മത്സരിച്ചതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട യൂത്ത് ലീഗ് മുന്‍ മണ്ഡലം വൈസ് പ്രസിഡന്റ് പി എം മുഹമ്മദലി ബാബുവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഇതുപോലെ പെരുവള്ളൂര്‍ പഞ്ചായത്തിലെ ലീഗില്‍ നിന്ന് പുറത്താക്കിയവരെയും തിരിച്ചെടുക്കാന്‍ നീക്കം നടക്കുന്നുണ്ട്. വള്ളിക്കുന്ന് മണ്ഡലത്തില്‍ ചേലേമ്പ്ര, പെരുവള്ളൂര്‍, പള്ളിക്കല്‍ പഞ്ചായത്തുകളിലാണ് ലീഗില്‍ ഗ്രൂപ്പ് പോര് ശക്തം. ഇവിടങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനുള്ള സാഹചര്യമൊരുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായതിനാല്‍ തലപുകഞ്ഞ് ആലോചിച്ചാണ് നേതൃത്വം മുന്നോട്ടുപോകുന്നത്.