മെത്രാന്‍ കായല്‍ നികത്താനുള്ള ഉത്തരവ് പിന്‍വലിച്ചു

Posted on: March 9, 2016 12:26 pm | Last updated: March 9, 2016 at 6:15 pm
SHARE

methranതിരുവനന്തപുരം: മെത്രാന്‍ കായല്‍ വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടൊപ്പം കടമക്കുടിയില്‍ 47 ഏക്കര്‍ നിലംനികത്തി മെഡിസിറ്റി സ്ഥാപിക്കാനുള്ള ഉത്തരവും പിന്‍വലിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

വിവാദം ഒഴിവാക്കാനാണ് ഉത്തരവ് പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരിഞ്ചു ഭൂമി പോലും നികത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നും പാരിസ്ഥിതിക അനുമതി പ്രകാരം നടപ്പാക്കാവൂ എന്നാണ് വ്യവസഥയെന്നുംഅദ്ദേഹം വ്യക്തമാക്കി. പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉള്ളതാണെന്നും അനുമതി നല്‍കാന്‍ ആരും വ്യക്തിപരമായി ഇടപെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഹൈക്കോടതി നിലം നികത്തല്‍ സ്‌റ്റേ ചെയ്തിരുന്നു. തല്‍സ്ഥിതി പ്രദേശത്ത് തുടരാനാണ് ഹൈക്കോടതി ഉത്തരവ്. രണ്ടു ഉത്തരവുകളും പിന്‍വലിക്കണമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിലംനികത്താനുള്ള ഉത്തരവിനെതിരേ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തുവന്നിരുന്നു.

കായല്‍ നികത്തുന്നതിനുള്ള തീരുമാനം പിന്‍വലിച്ച് വിവാദങ്ങള്‍ എത്രയും വേഗം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. 2008ലെ തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം മെത്രാന്‍കായല്‍ ഉള്‍പ്പെടുന്ന പ്രദേശം നെല്‍വയലാണ്. കൃഷിക്ക് ഉപയുക്തമായ ഈ പ്രദേശം നികത്തി ടൂറിസം പദ്ധതിക്ക് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും സര്‍ക്കാരിന്റെ അവസാന കാലത്ത് റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് കോടികള്‍ വാങ്ങിയുള്ളതാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പാണ് മെത്രാന്‍ കായല്‍ നികത്താന്‍ റവന്യുവകുപ്പ് ഉത്തരവിട്ടത്. മാര്‍ച്ച് ഒന്നിന് റവന്യൂവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേയാണ് ഉത്തരവിറക്കിയത്. കോട്ടയം കുമരകത്തെ മെത്രാന്‍ കായലിലെ 378 ഏക്കര്‍ റെക്കിന്‍ഡോ ഡെവലപ്പേഴ്‌സ് പ്രവൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്കും അനുബന്ധ കമ്പനികള്‍ക്കും ടൂറിസം പദ്ധതിക്കായി നികത്താം എന്നായിരുന്നു റവന്യൂവകുപ്പിന്റെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here