മെത്രാന്‍ കായല്‍ നികത്തല്‍; ഉന്നത തല ഗൂഢാലോചന നടന്നതായി ആരോപണം

Posted on: March 9, 2016 9:32 am | Last updated: March 9, 2016 at 9:32 am
SHARE

methranകോട്ടയം: കുമരകം മെത്രാന്‍ കായലിലെ 378 ഏക്കര്‍ പാടശേഖരം നികത്തി ടൂറിസം പദ്ധതിക്ക് അനധികൃത അനുമതി നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ ഉന്നത തല ഗൂഢാലോചന നടന്നതായി ആരോപണം. ആറ് മാസം മുമ്പ് ഇതുസംബന്ധമായി മന്ത്രി പ്രമുഖര്‍ തന്നെ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും കലക്ടര്‍ യു വി ജോസിനെക്കൊണ്ട് സ്ഥലം കൃഷിയോഗ്യമല്ലെന്ന റിപ്പോര്‍ട്ട് തയ്യാറാക്കി വാങ്ങിയാണ് ഉത്തരവിന് അടിസ്ഥാനമിട്ടതെന്നും മെത്രാന്‍ കായല്‍ സംരക്ഷണ പ്രക്ഷോഭ സമിതി ഭാരവാഹികളാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സംഭവത്തില്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ പങ്ക് വിജിലന്‍സ് അന്വേഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി ദുര്‍ബലമായ വേമ്പനാടിനെയും കുട്ടനാടിനെയും തകര്‍ക്കുന്ന ഉത്തരവാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ ഇറക്കിയത്. 19 കമ്പനികളുടെ പേരിലാണ് പാടശേഖരം കര്‍ഷകരില്‍നിന്ന് വാങ്ങിയത്. ഇതില്‍ ഒമ്പത് കമ്പനികള്‍ ഒരു വീട്ടുപേരിലും ഏഴെണ്ണം കണയന്നൂര്‍ താലൂക്കിലെ വെണ്ണലയിലെ ഒരു നമ്പറിലുമാണ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് റാക്കിന്‍ഡോ ഡവലപ്പേഴ്‌സ് എന്ന കണ്‍സോര്‍ഷ്യത്തിന്റെ കൈവശം സ്ഥലം എത്തി. സ്ഥലം കൈവശമില്ലാതിരുന്നപ്പോഴും ഈ സ്വകാര്യകമ്പനി ടൂറിസം പദ്ധതിയുടെ രൂപരേഖയും വിശദാംശവും തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയതിലൂടെ തന്നെ പിന്നാമ്പുറ നീക്കങ്ങള്‍ വ്യക്തമാണ്. 2008ലെ നെല്‍വയല്‍– നീര്‍ത്തട സംരക്ഷണ നിയമത്തിനും എതിരാണ് സര്‍ക്കാര്‍ ഉത്തവ്.

സംഭവത്തിലെ രാഷ്ട്രീയ അഴിമതി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. അനധികൃത ബിനാമി ഭൂമി ഇടപെടലിനെക്കുറിറച്ചും അന്വേഷണം വേണം. കായല്‍ നികത്താന്‍ നല്‍കിയ അനുമതി റദ്ദുചെയ്ത് കൃഷിയിറക്കാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കണമെന്നും മെത്രാന്‍ കായല്‍ സംരക്ഷണ പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേല്‍, കായല്‍ സംരക്ഷണ സമിതി കണ്‍വീനര്‍ ദീപക് ദയാനന്ദന്‍, പരിസ്ഥിതി സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here