ഡി വോട്ടര്‍ പട്ടികയിലെ ഇന്ത്യക്കാര്‍

Posted on: March 9, 2016 6:00 am | Last updated: March 9, 2016 at 8:53 am

assam-assembly-polls_650x400_51457348490ബര്‍പേത (അസം): ‘ഞങ്ങള്‍ക്ക് ഫുട്‌ബോളിന്റെ ഗതിയാണ്. ഇരുവശത്തുനിന്നും ആളുകള്‍ ഞങ്ങളെ മാറിമാറി തട്ടിയകറ്റുകയാണ്’- അസമിലെ ബര്‍പേത ജില്ലയില്‍പ്പെട്ട ഫിംഗ്വ ഗ്രാമവാസി ജാവേദ് അലിയുടെതാണ് ഈ വാക്കുകള്‍.
കഴിഞ്ഞ 15 വര്‍ഷമായി 48കാരനായ അലി ഉള്‍പ്പെടെയുള്ള 80ഓളം ആളുകള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ നിയമ പോരാട്ടത്തിലാണ്. ഇന്ത്യക്കാരാണെന്നതിന് എല്ലാ തെളിവുകളും കൈയിലുണ്ടായിട്ടും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ എന്ന ദുഷ്‌പേരുമായാണ് ഇവര്‍ കഴിയുന്നത്. ഗുവാഹത്തി ഹൈക്കോടതി ഉത്തരവ് പ്രകാരം ഇപ്പോള്‍ ഇവരെ കുപ്രസിദ്ധമായ ഡി വോട്ടര്‍പട്ടികയില്‍ (സംശയിക്കപ്പെടുന്നവരുടെ വോട്ടര്‍ പട്ടിക) ഉള്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് മാത്രമല്ല, തടവിലടക്കപ്പെടുന്നതിനും സാധ്യതയുണ്ട്.
1980കള്‍ തൊട്ട് സംസ്ഥാനത്ത് കുടിയേറിയവര്‍ക്കെതിരെ ഉണ്ടായ സംഘര്‍ഷങ്ങളും കലാപങ്ങളും ചെറുതല്ല. അതുതന്നെയാണ് സംസ്ഥാന സര്‍ക്കാറിനെ കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ബംഗാളില്‍ നിന്ന് കച്ചവട ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് കുടിയേറി ഇവിടെ സ്ഥിരതാമസം തുടങ്ങിയ മുസ്‌ലിംകള്‍ക്കെതിരെ തദ്ദേശീയരുടെ ഭാഗത്ത് നിന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നിരന്തര ആക്രമണങ്ങളാണ് ഉണ്ടാകുന്നത്.
ഇന്ന് 1.5 ലക്ഷം മുസ്‌ലിം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇത് ആകെ വോട്ടര്‍മാരുടെ ഒരു ശതമാനമാണ്. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന മുസ്‌ലിം ജനസംഖ്യയില്‍ നാല് ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയെത്തുന്നവരുടെ രക്ഷാധികാരികളായി ഭരണത്തിലുള്ള കോണ്‍ഗ്രസ് വോട്ട് ബേങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് മാറുകയാണെന്ന് ബി ജെ പി ആരോപിക്കുന്നു. എന്നാല്‍, ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചറിയുന്നതിനുള്ള കോടതി നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് കുടിയേറ്റ വിഷയം ബി ജെ പി ഉന്നയിക്കാറുള്ളതെന്നും കുടിയേറിയ ഏതെങ്കിലും ആള്‍ ഇന്ത്യക്കാരനല്ലെന്ന് തെളിഞ്ഞാല്‍ ഉടന്‍ നാടുകടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും സംസ്ഥാന അധ്യക്ഷന്‍ അഞ്ജന്‍ ദത്ത പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി ഏപ്രില്‍ നാലിനും 11നുമാണ് അസം നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക.