ഇമ്മിണി വല്യ ‘മുന്നണി’യുമായി എല്‍ ഡി എഫ്‌

Posted on: March 9, 2016 6:00 am | Last updated: March 9, 2016 at 12:00 am

ldfകോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ അകത്തും പുറത്തുമുള്ള കക്ഷികളുമായി ഇടത്മുന്നണിയുടെ വല്യ മുന്നണി. അകത്തുള്ള കക്ഷികളുടെ എണ്ണത്തേക്കാളധികം പുറത്തു നിന്ന് പിന്തുണക്കുന്ന കക്ഷികള്‍ ഇടത് മുന്നണിക്കുണ്ട്. ഘടക കക്ഷിയാക്കുമെന്ന പ്രതീക്ഷയുമായാണ് കുറേ പാര്‍ട്ടികള്‍ പിന്തുണയുമായി നടക്കുന്നതെങ്കിലും ഈ തിരഞ്ഞെടുപ്പിലും അവര്‍ പുറത്ത് തന്നെയാകുമെന്നാണ് സൂചന. ഇക്കൂട്ടത്തില്‍ ചിലര്‍ക്ക് മത്സരിക്കാന്‍ സീറ്റ് ലഭിക്കും. ചിലര്‍ക്ക് അതുമുണ്ടാകില്ല. മുന്നണിയില്‍ നിലവില്‍ ഘടക കക്ഷികള്‍ അഞ്ചെണ്ണമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറുണ്ടായിരുന്ന ഘടക കക്ഷികളുടെ എണ്ണം ആര്‍ എസ് പി പുറത്ത് പോയതോടെയാണ് അഞ്ചായി കുറഞ്ഞത്. സി പി എം, സി പി ഐ, ജനതാദള്‍ എസ്, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് എന്നിവയാണ് ഘടക കക്ഷികള്‍. എന്നാല്‍ പുറത്ത് നിന്ന് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഏഴ് പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇവര്‍ക്ക് പുറമെ വീണ്ടും പാര്‍ട്ടികള്‍ മുന്നണിയുമായി സഹകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഐ എന്‍ എല്‍, സി എം പി വിഭാഗം, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍ എസ് പി വിഭാഗം, ജെ എസ് എസ്, സെക്യുലര്‍ കോണ്‍ഫ്രന്‍സ് എന്നീ പാര്‍ട്ടികളുമുണ്ട്.
എന്നാല്‍ ഈ പാര്‍ട്ടികള്‍ക്ക് പുറമെ ഇപ്പോള്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് വിട്ട് പുറത്ത് പോയ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം, നേരത്തെ യു ഡി എഫ് വിട്ട ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്, പി സി ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് എന്നിവയും ഈ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ കൂടെയായിരിക്കും മത്സരിക്കുക. ഇതോടെ പാര്‍ട്ടികളുടെ എണ്ണം നോക്കിയാല്‍ ജംബോ മുന്നണി തന്നെയാകും ഇടതിന്റേത്. യു ഡി എഫില്‍ ആറ് കക്ഷികളാണുള്ളത്. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് മാണി, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍ എസ് പി, ജനതാദള്‍ യു എന്നിവയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആര്‍ എസ് പി ലയനം നടന്ന് വലിയ പാര്‍ട്ടിയായപ്പോള്‍ പിള്ള കേരള കോണ്‍ഗ്രസ് മുന്നണി വിട്ടു. ജെ എസ് എസിലെ ഒരു വിഭാഗവും യു ഡി എഫിനോടൊപ്പമുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആറ് ഘടകകക്ഷികള്‍ക്ക് പുറമെ ഐ എന്‍ എല്‍ മാത്രമാണ് ഇടതിനെ പിന്തുണച്ച് മത്സരിച്ചത്. രണ്ട് പതിറ്റാണ്ട് കാലമായി ഇടത് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ്. മുന്നണിയില്‍ ഘടക കക്ഷിയാക്കണമെന്ന ആവശ്യത്തിന് പാര്‍ട്ടി രൂപവത്കരണ കാലം മുതലുള്ള പഴക്കമുണ്ടെങ്കിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഘടക കക്ഷിയാക്കുമെന്ന പ്രതീക്ഷയിലാണ് ഐ എന്‍ എല്‍ നേതൃത്വം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലാണ് ഐ എന്‍ എല്‍ മത്സരിച്ചത്. ഇത്തവണ സീറ്റിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മൂന്നെണ്ണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നേയായിരുന്നു സി എം പി പിളര്‍ന്നതും കെ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള വിഭാഗം എല്‍ ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമരപരിപാടികളിലും എല്‍ ഡി എഫുമായി സി എം പി സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സി എം പിക്ക് മത്സരിക്കാന്‍ സീറ്റുകള്‍ ലഭിക്കുമെന്നുറപ്പാണ്. ബംഗാളിലും ത്രിപുരയിലും അടക്കം ഇടത് മുന്നണിയിലെ പ്രമുഖ കക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിനെ ഇതുവരെ കേരളത്തില്‍ ഘടക കക്ഷിയാക്കിയിട്ടില്ല. കേരളത്തില്‍ വലിയ സ്വാധീനം പാര്‍ട്ടിക്കില്ലാത്തത് തന്നെയാണ് അതിന് കാരണം.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇടത് മുന്നണിയുമായി ഫോര്‍വേഡ്‌ബ്ലോക്ക് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇടത് മുന്നണിയില്‍ ഘടക കക്ഷിയാക്കണമെന്ന അവരുടെ ആവശ്യം മുന്നണി നേതൃത്വത്തെ ധരിപ്പിച്ചിട്ടുമുണ്ട്. അടുത്ത മുന്നണി പുനഃസംഘടനയില്‍ ഫോര്‍വേഡ്‌ബ്ലോക്ക് ഘടക കക്ഷിയാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഒരു സീറ്റ് ഫോര്‍വേഡ്‌ബ്ലോക്കിന് നല്‍കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പാര്‍ട്ടിയുടെ ദേശീയ നേതാവ് ജി ദേവരാജനാകും സ്ഥാനാര്‍ഥി. ആര്‍ എസ് പി ഇടത് മുന്നണി വിട്ട് പോയപ്പോള്‍ ഒരു വിഭാഗം മുന്നണിയില്‍ ഉറച്ച് നില്‍ക്കുന്നുണ്ട്. മുന്നണിയുടെ പരിപാടികളിലും സമരങ്ങളിലും ഈ വിഭാഗത്തെയും സഹകരിപ്പിക്കുന്നുണ്ട്.കേരള കോണ്‍ഗ്രസ് പിള്ള, പി സി ജോര്‍ജ് വിഭാഗങ്ങളെ മുന്നണിയില്‍ ഘടക കക്ഷിയാക്കില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ അവര്‍ ഇടത് മുന്നണിയുമായി സഹകരിക്കുമെന്നാണ് സൂചന. കെ ബി ഗണേഷ്‌കുമാര്‍, പി സി ജോര്‍ജ് എന്നിവര്‍ സ്ഥാനാര്‍ഥികളാകും. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെയും തല്‍ക്കാലം മുന്നണിയില്‍ ഘടക കക്ഷിയാക്കില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ അവര്‍ ഇടത് മുന്നണിയോട് സഹകരിക്കും. മൂന്ന് സീറ്റിലെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം മത്സരിക്കുമെന്നാണ് സൂചന. കെ ആര്‍ ഗൗരിയമ്മയുടെ ജെ എസ് എസും ഈ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയോടൊപ്പമാണ്.
പി ടി എ റഹീമിന്റെ നേതൃത്വത്തിലുള്ള നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സും ഇടത് മുന്നണിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. കുന്ദമംഗലം സീറ്റില്‍ ഇക്കുറിയും പി ടി എ റഹീം സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ഇതോടെ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടുകെട്ടുമായാണ് ഇടത് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.