ആര്‍ക്കു വേണം ഈ തെങ്ങും തേങ്ങയും?

Posted on: March 9, 2016 5:36 am | Last updated: March 8, 2016 at 11:37 pm

coconut”നിന്നെയൊക്കെ തീറ്റിപ്പോറ്റുന്ന കാലത്ത് രണ്ട് തെങ്ങുവെച്ചിരുന്നെങ്കില്‍…” പണ്ടത്തെ കാരണവന്‍മാര്‍ ഒരു പണിയുമില്ലാതെ അലസരായി നടക്കുന്ന മരുമക്കളെ നോക്കി പറഞ്ഞ വാക്കുകള്‍. അതിന് കാരണങ്ങള്‍ പലതായിരുന്നു. തെങ്ങിന്റെ ഗുണഗണങ്ങളും വിപണിയില്‍ പണ്ടു മുതലേയുള്ള തേങ്ങയുടെ ആവശ്യവുമായിരുന്നു പ്രധാന കാരണം. എന്നാല്‍ ഇന്നങ്ങനെ പറയാന്‍ ഒരു കാരണവരും തയ്യാറാകില്ല. കാരണം പകല്‍ പോലെ വ്യക്തം. ആരെയും അത് പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വരില്ല. കേരളവുമായി എക്കാലത്തും കൂട്ടിവായിക്കപ്പെട്ട തെങ്ങിന്റെ ദുരവസ്ഥ കൃത്യമായി അവലോകനം ചെയ്യുകയോ പഠിക്കുകയോ ചെയ്യേണ്ടത് വര്‍ത്തമാന കാലത്ത് അത്യാവശ്യമായ ഒന്നായിരിക്കുന്നു.
തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം മറ്റൊന്നുണ്ടായിട്ടില്ല. ഒരു തെങ്ങ് നട്ടാല്‍ കുറഞ്ഞത് 100 വര്‍ഷം ആദായം കിട്ടുമെന്നാണ് അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. തെങ്ങിന്റെ എല്ലാ ഭാഗവും ഉപയോഗപ്രദമാണ്. അതുകൊണ്ട് തന്നെയാണ് തെങ്ങിന് ‘കല്‍പ്പവൃക്ഷം’ എന്ന പേരു കിട്ടിയത്. തേങ്ങയുടെ ഔഷധ വീര്യവും അത്ഭുതകരം. പൗരാണിക ആചാര്യന്മാര്‍ നാളീകേരത്തെ കുറിച്ച് പറഞ്ഞത് ‘സര്‍വ്വേ ഫലാനാം കേരം പ്രധാനം’ എന്നായിരുന്നു. ഭൂമിയില്‍ വളരുന്ന വൃക്ഷങ്ങളില്‍ വെച്ച് മനുഷ്യ ശബ്ദവും സാമീപ്യവും ഇത്രത്തോളം അനുഭവിച്ചറിയാന്‍ കഴിവുള്ള മറ്റൊന്നില്ല. കുട്ടികള്‍ കളിച്ച് തിമിര്‍ക്കുന്നിടത്തും മനുഷ്യസാമീപ്യമുള്ളിടത്തും തെങ്ങ് നന്നായി വളരും. കൂടുതല്‍ വിളവു തരും. തെങ്ങ് ‘ചതിയ്ക്കില്ലൊരുനാളും’ എന്നു പറയുന്നതും അന്നും ഇന്നും എത്രയോ അര്‍ഥവത്തായിരുന്നു. കേരളത്തില്‍ കാര്‍ഷിക വരുമാനത്തിന്റെ മൂന്നിലൊന്നും ആകെ വരുമാനത്തിന്റെ പത്തിലൊന്നും തെങ്ങില്‍ നിന്നായിരുന്ന കാലമുണ്ടായിരുന്നു. കേര കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളുമായി മാത്രം ബന്ധപ്പെട്ട 10 ലക്ഷം പേര്‍ രണ്ട് പതിറ്റാണ്ടു മുന്‍പ് നിത്യവൃത്തി കഴിച്ചിരുന്നുവെന്ന് പറയുമ്പോള്‍ ഇതിന്റെ ഗുണം എത്രയെന്ന് ഊഹിച്ചാല്‍ മതിയാകും. കേരളത്തിന്റെ കാര്‍ഷിക സാമ്പത്തിക തൊഴില്‍ മേഖലകളില്‍ ഇത്രമാത്രം സ്വാധീനം ചെലുത്തിയ മറ്റൊരു വിളയുണ്ടായിരുന്നില്ല. സംഗതികള്‍ ഇതൊക്കെയായിട്ടും കേരളത്തിന്റെ പ്രിയപ്പെട്ട കേരവൃക്ഷത്തിന് എന്ത് ദുര്‍ഗതിയാണ് സംഭവിച്ചത്?
നാളികേര കൃഷി വേദനിക്കുന്ന ഓര്‍മയായി മലയാളിക്ക് മാറിക്കഴിഞ്ഞിട്ട് നാളേറെയായി. തെങ്ങ് ഉറച്ച വരുമാനം ഉറപ്പാക്കാത്ത സാഹചര്യം വന്നതോടെ കര്‍ഷകര്‍ നാളികേര കൃഷി ഉപേക്ഷിച്ചു. പകരം റബ്ബറും ഏലവും കുരുമുളകുമെല്ലാം കര്‍ഷക മനസ്സില്‍ ഇടം നേടി. നിലവിലുള്ള തെങ്ങുകള്‍ മുറിച്ചുമാറ്റി ആളുകള്‍ റബ്ബറിലേക്ക് തിരിഞ്ഞു. തെങ്ങ് പുനര്‍കൃഷി തീര്‍ത്തും ഇല്ലാതായി. നിരവധി പ്രശ്‌നങ്ങളാണ് നാളികേര കര്‍ഷകര്‍ ഇപ്പോഴും നേരിടുന്നത്. വിലയിലെ അനിശ്ചിതത്വം തന്നെയാണ് ഇവയില്‍ മുഖ്യം. രോഗബാധ മറ്റൊരു കാരണം. നാളികേര വികസന ബോര്‍ഡ് പുറത്തുവിട്ട പുതിയ കണക്കുകള്‍ കണ്ടാല്‍ കേരളമെന്ന പേരു പോലും മാറ്റണമെന്ന് തോന്നും. കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രധാന ജില്ലകളില്‍ പോലും തേങ്ങ ഉത്പാദനം 50 ശതമാനം കുറഞ്ഞുവെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
കേരളത്തില്‍ 7.66 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് തെങ്ങു കൃഷിയുണ്ട്. ഇത് ഇന്ത്യയിലെ മൊത്തം തെങ്ങുകൃഷി വിസ്തൃതിയുടെ 37 ശതമാനമാണ്. ഇതില്‍ നിന്നുള്ള വാര്‍ഷിക ഉത്പാദനം 6209 ദശലക്ഷം നാളികേരവും. ശരാശരി ഉത്പാദനക്ഷമത ഹെക്ടറൊന്നിന് പ്രതിവര്‍ഷം 8,109 നാളികേരവുമാണ്. കേരളത്തില്‍ തെങ്ങിന്റെ ഉത്പാദനക്ഷമത അയല്‍ സംസ്ഥാനമായ തമിഴ്‌നാടുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്. അവിടെ ഹെക്ടറൊന്നിന് 13,717 നാളികേരം ലഭിക്കുന്നു. കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ മൊത്തം നാളികേരോത്പാദനത്തില്‍ കേരളത്തിന്റെ സംഭാവന കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോള്‍ മൊത്തം ഉത്പാദനത്തിന്റെ 28 ശതമാനം മാത്രമേ കേരളത്തിന്റേതായിട്ടുള്ളൂ. അടുത്ത കാലത്തായി കേരളത്തില്‍ തെങ്ങുകൃഷി വിസ്തൃതി കുത്തനെ കുറഞ്ഞിട്ടുണ്ട്.
കേരളത്തില്‍ വലിയതോതില്‍ നാളികേരോത്പാദനം കുറഞ്ഞുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാസര്‍കോട് ജില്ലയില്‍ 16.60 ശതമാനവും, മലപ്പുറത്ത് 4.60 ശതമാനവും ഉത്പാദനം കുറഞ്ഞു. ഒരു ഹെക്ടര്‍ തെങ്ങിന്‍ തോട്ടത്തില്‍നിന്ന് 8118 നാളികേരം എന്നതാണ് കേരളത്തിന്റെ ഉത്പാദനക്ഷമത. കോഴിക്കോടാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരോല്‍പ്പാദനമുള്ളത്. രാജ്യത്ത് മൊത്തം നാളികേര ഉത്പാദനത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണ് കണക്കാക്കുന്നത്. കേരളത്തിലെ കുറവാണ് മൊത്തം ഉത്പാദനത്തെ ബാധിച്ചത്. ഇന്ത്യയില്‍ 18 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലും തെങ്ങുകൃഷി ഉണ്ട്. ഇന്ത്യയെക്കാള്‍ എത്രയോ ചെറുതായ ശ്രീലങ്കയുടെ നാളികേര കയറ്റുമതി നമ്മുടേതിനേക്കാള്‍ 36 മടങ്ങ് കൂടുതലാണ്. നാളികേര ഉത്പാദനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളം ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ലക്ഷദ്വീപ്, പോണ്ടിച്ചേരി, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, അസം, കേരളം എന്നിങ്ങനെ പോകുന്നു സംസ്ഥാനങ്ങളുടെ നാളികേര കൃഷിയിലെ സ്ഥാനങ്ങള്‍. നാളികേരത്തിന്റെ വിലത്തകര്‍ച്ചയാണ് തെങ്ങു കൃഷിക്കാരെ അലട്ടുന്ന ഏറ്റവും പ്രധാന പ്രശ്‌നം. കൃഷിച്ചെലവ് പല മടങ്ങായി വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പാമോയിലിന്റെയും മറ്റു ഭക്ഷ്യ എണ്ണകളുടെയും വര്‍ധിച്ച ഇറക്കുമതിയാണ് മറ്റൊരു പ്രധാന പ്രശ്‌നം.
വെളിച്ചെണ്ണയടക്കമുള്ള നാളികേര ഉത്പന്നങ്ങളുടെ ഇറക്കുമതി ഈ വര്‍ഷവും വന്‍തോതില്‍ കൂടി. കഴിഞ്ഞ മാസം വരെയുള്ള ഇറക്കുമതി കണക്കുകള്‍ പ്രകാരം 421.66 കോടിയുടെ നാളികേര ഉത്പന്നങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. വെളിച്ചെണ്ണക്ക് പുറമെ കോക്കനട്ട് ഫാറ്റി ആസിഡ്, കൊപ്ര, പിണ്ണാക്ക്് എന്നിവയാണ് ഏറ്റവുമധികം ഇറക്കുമതി ചെയ്ത നാളികേര ഉത്പന്നങ്ങള്‍. ഈ വര്‍ഷം വെളിച്ചെണ്ണയുടെ ആഭ്യന്തര വില അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്നിരുന്നതിനാലാണ് ഇറക്കുമതിയില്‍ വന്‍ വര്‍ധന ഉണ്ടായതെന്നാണ് കേന്ദ്ര നാളികേര വികസന ബോര്‍ഡിന്റെ അവകാശവാദം. ഇറക്കുമതി ചെയ്യുന്ന വെളിച്ചെണ്ണ ആഭ്യന്തര വിപണനം ചെയ്യാതെ മൂല്യ വര്‍ധനവ് വരുത്തി കയറ്റുമതി ചെയ്യേണ്ട ബാധ്യതയുള്ളതിനാല്‍ ഇറക്കുമതിയിലെ വന്‍ വര്‍ധന ആഭ്യന്തര വിലയെ ബാധിക്കില്ലെന്നാണ് നാളികേര വികസന ബോര്‍ഡ് പറയുന്നത്. എന്നാല്‍, കേരളത്തിലുള്‍പ്പടെയുള്ള നാളികേര കര്‍ഷകര്‍ക്ക് നാളികേര ഇറക്കുമതി കനത്ത പ്രതിസന്ധിയാണുയര്‍ത്തുന്നത്. ഈ വര്‍ഷം മാത്രം 12,811.91 മെട്രിക് ടണ്‍ അളവിലാണ് വെളിച്ചെണ്ണ കയറ്റി അയച്ചത്. കോക്കനട്ട് ഫാറ്റി ആസിഡ്, തേങ്ങ പിണ്ണാക്ക്, ചിരട്ടക്കരി എന്നിവയെല്ലാമുള്‍െപ്പടെ 42 കോടിയിലധികം ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്.
ഇറക്കുമതി കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. ഇന്തോനേഷ്യയാണ് രാജ്യത്തെ നാളികേര കൃഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. അവിടെ സീസണിലുണ്ടായ ഉത്പാദന വര്‍ധനയാണ് ഭീഷണിയാകുന്നത്. കേരളത്തിലടക്കം വ്യാപാരികള്‍ ഇന്തോനേഷ്യയില്‍ നിന്ന് നാളികേര ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇറക്കുമതിചെയ്യുന്ന ഒരു കിലോ വെളിച്ചെണ്ണ 82 രൂപക്ക് വില്‍ക്കാനാകും. വെളിച്ചെണ്ണയുടെ അപരനെന്നറിയപ്പെടുന്ന കെറണല്‍ പാംഓയില്‍ കിലോക്ക് 40 രൂപക്ക് ലഭിക്കും. കേരളത്തില്‍ ഒരു കിലോ വെളിച്ചെണ്ണക്ക് 148 രൂപയാണ് ചില്ലറ വില്‍പ്പന വില കുറച്ച് മുമ്പ് വരെ. ഇപ്പോള്‍ വില കൂപ്പ് കുത്തിയപ്പോള്‍ 92 രൂപയിലെത്തി. കര്‍ഷകര്‍ക്ക് ഒരു കിലോക്ക് 130 രൂപ ലഭിക്കും. ഇറക്കുമതി വര്‍ധിക്കുന്നതോടെ കേരളത്തില്‍ നിന്നുള്ള വെളിച്ചെണ്ണ വിപണിയില്‍ വേണ്ടാതാകുകയാണ്. ഇന്ത്യയിലെ തേങ്ങ ഉത്പാദനത്തിന്റെ ഇരട്ടിയാണ് ഇന്തോനേഷ്യയിലെ ഉത്പാദനം.16,332.24 മില്യന്‍ ടണ്ണാണ് സീസണില്‍ ഉത്പാദിപ്പിച്ചത്. അതേസമയം, ഇന്ത്യയിലെ ഉത്പാദനം 2013ലേക്കാള്‍ 15 ശതമാനം കുറഞ്ഞു. 50 സെന്റ് ഭൂമിയില്‍ നിന്ന് 750 തേങ്ങ കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. 45-ാം ദിവസം വിളവെടുക്കും. അതേസമയം, ഇറക്കുമതി വര്‍ധിച്ചാല്‍ സംസ്ഥാനത്തെ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി 6,266 എണ്ണവും കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ 356 എണ്ണവും കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനീസ് 19 എണ്ണവും അടച്ചുപൂട്ടേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിനിടെ നീര ഉത്പാദിപ്പിച്ച് കര്‍ഷകരെ സഹായിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും പാതി വഴിയിലായി. വിദഗ്ധ പരിശീലനം നേടിയവര്‍ക്ക് മാത്രമേ നീര ചെത്തിയെടുക്കാന്‍ കഴിയൂ. നിലവില്‍ തെങ്ങിന്‍ കള്ള് ഉത്പാദിപ്പിക്കാന്‍ തന്നെ ചെത്തു തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തില്‍ നീരയുടെ ഉത്പാദനം കാര്യക്ഷമമാകുന്നില്ലെന്നാണ് ഏറ്റവുമൊടുവില്‍ സര്‍ക്കാറിന്റെ വിലയിരുത്തല്‍.
കേരളത്തില്‍ തെങ്ങിന്റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു പ്രധാന കാരണം കീട രോഗബാധ മൂലമുണ്ടാകുന്ന വിളനഷ്ടമാണ്. കേരളത്തില്‍ തെങ്ങിന് ഏറ്റവുമധികം വിള നഷ്ടമുണ്ടാക്കുന്നത് ഫൈറോപ്ലാസ്മ എന്ന സൂക്ഷ്മാണു മൂലമുണ്ടാകുന്ന കാറ്റുവീഴ്ച രോഗം മൂലമാണ്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളിലാണ് കാറ്റുവീഴ്ച രോഗം വ്യാപകമായി കാണുന്നത്. 1980കളില്‍ നടത്തിയ പഠനത്തില്‍ കാറ്റുവീഴ്ച രോഗം വഴി കേരളത്തിന് പ്രതിവര്‍ഷം 968 ദശലക്ഷം നാളികേരം നഷ്ടമാകുന്നു. ഇതിന് കാര്യമായ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. നാളികേരത്തിന്റെ വിലയിലുള്ള ഏറ്റക്കുറച്ചിലുകളില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ട്. ഉത്പന്നവൈവിധ്യവല്‍ക്കരണം, ഇളനീര്‍ വില്‍പ്പന തുടങ്ങി ബഹുമുഖ തന്ത്രമാണ് ഇനി ആവിഷ്‌കരിക്കേണ്ടത്. പ്രായക്കൂടുതലുള്ള തെങ്ങ് വെട്ടിമാറ്റുന്നതിനുള്ള നിലവിലുള്ള പ്രതിഫലം, പുനഃകൃഷിക്കുള്ള തുക എന്നിവ വര്‍ധിപ്പിക്കുക, നാളികേര ഉത്പന്നങ്ങളുടെ ഗുണമേന്മ ലോകമെങ്ങും എത്തിക്കുക, വെളിച്ചെണ്ണയുടെ മേന്മക്ക് വേണ്ട പ്രചാരം കൊടുക്കുക, നാളികേര വെള്ളം ലഘുപാനീയമായി വില്‍ക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുക, ഇത് കൂടുതല്‍ കാലം സൂക്ഷിക്കുന്നതിന് വേണ്ട ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക തുടങ്ങി നാളികേരത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതിന് ഒട്ടറെ കര്‍മപദ്ധതികള്‍ ഇനി കാര്യക്ഷമമായി വൈകാതെ നടപ്പാക്കേണ്ടതുണ്ട്.