മുപ്പത്തിയഞ്ചു വയസ്സു പിന്നിട്ടവര്‍ വര്‍ഷത്തില്‍ കണ്ണു പരിശോധന നടത്തണം

Posted on: March 8, 2016 8:07 pm | Last updated: March 8, 2016 at 8:07 pm

ദോഹ: ലോക ഗ്ലൂക്കോമ വാരാചരണത്തിന്റെ ഭാഗമായി ഗ്ലൂക്കോമക്കതിരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആഭിമുഖ്യത്തില്‍ രാജ്യത്ത് ബോധവത്കരണം നടത്തും. കണ്ണിന്റെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ടുള്ള വിവിധ പരിപാടികളാണ് ഹമദ് ഒപ്താല്‍ മോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുകയെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കണ്ണിന്റെ ആരോഗ്യ പരിശോധനക്ക് അവസരങ്ങള്‍ സൃഷ്ടിക്കും. കണ്ണുകള്‍ പതിവായി പരിശോധനക്കു വിധേയമാക്കേണ്ടതുണ്ടെന്ന സന്ദേശം പൊതുജനങ്ങള്‍ക്കു നല്‍കും. അന്ധതക്കു കാരണമാകുന്ന ഗ്ലൂക്കോമ സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോകതലത്തില്‍ മാര്‍ച്ച് ആറിനും 12നുമിടയില്‍ എല്ലാ വര്‍ഷവും ഗ്ലൂക്കോമ വാരം സംഘടിപ്പിച്ചു വരുന്നത്.
ഗ്ലൂക്കോമ സമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ കണ്ണിന്റെ കാഴ്ച ശക്തിയെ ഇല്ലാതാക്കുന്ന രീതിയില്‍ അപകടം വരുത്തും. ആദ്യം വശങ്ങളിലേക്കുള്ള കാഴ്ചയെയാണ് ബാധിക്കുക. തുടര്‍ന്ന് നേരെയുള്ള കാഴ്ചയെയും ബാധിക്കും. തലവേദന, കണ്ണുകളില്‍ വേദന തുടങ്ങിയവ ഗ്ലൂക്കോമയുടെ ലക്ഷണങ്ങളാണ്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് അന്ധത വരുത്തുന്ന രണ്ടാമത്തെ കാരണം ഗ്ലൂക്കോമയാണ്. ഗ്ലൂക്കോമ സാന്നിധ്യം സമയത്തു കണ്ടെത്തി ചികിത്സിച്ചതിനെത്തുടര്‍ന്ന് രോഗബാധ നന്നായി കുറച്ചു കൊണ്ടു വരാന്‍ സാധിച്ചിട്ടുണ്ട്. ഗ്ലൂക്കോമ കണ്ടെത്തുന്നതിന് കണ്ണുകള്‍ പതിവായി പരിശോധനക്കു വിധേയമാക്കണമെന്നും ചെറിയ അളവില്‍ ഗ്ലൂക്കോമയുടെ സാന്നിധ്യമുണ്ടെങ്കില്‍ പോലും അത് കാഴ്ചയെ ബാധിക്കുമെന്നും ഹമദ് ഒപ്താല്‍മോളജി വിഭാഗം ഗ്ലൂക്കോമ സ്‌പെഷ്യലിസ്റ്റ് ഡോ. സാകിയ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.
35 വയസ്സിനു ശേഷം എല്ലാ വര്‍ഷവും കണ്ണു പരിശോധന നടത്തുന്നതാണ് അഭികാമ്യമെന്നും ഈ പ്രായത്തില്‍ ഗ്ലൂക്കോമ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമേഹം, ഹൃദ്‌രോഗം, പ്രഷര്‍ തുടങ്ങിയ രോഗങ്ങളുള്ളവരില്‍ ഗ്ലൂക്കോമ വരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. നേരത്തേ കുടുംബത്തില്‍ ഗ്ലൂക്കോമ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരും കണ്ണിന് അസുഖം വന്നിട്ടുള്ളവരും കൂടുതല്‍ ശ്രദ്ധിക്കണം.
കളിക്കുമ്പോഴും ശക്തിയുള്ള ഉപകരണങ്ങളള്‍ ഉപയോഗിക്കുമ്പോഴും സുരക്ഷിതമായ കണ്ണടകള്‍ ധരിക്കണമെന്നും ഇത്തരം ഘട്ടങ്ങള്‍ ഗ്ലൂക്കോമക്കു കാരണമാകുന്ന പരുക്കുകള്‍ കണ്ണുകളില്‍ ഉണ്ടാകന്‍ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.