ലീഗുമായുള്ള പിണക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ആര്യാടന്റെ ചര്‍ച്ച

Posted on: March 8, 2016 12:38 pm | Last updated: March 8, 2016 at 12:38 pm

ARYADANതിരൂര്‍: ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്ന താനൂര്‍ മണ്ഡലത്തിലെ പ്രശ്‌ന പരിഹാരത്തിനായി ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടല്‍. ലീഗുമായി പ്രശ്‌നം നിലനില്‍ക്കുന്ന പഞ്ചായത്തുകളിലെ കോഗ്രസ് നേതാക്കളെയും പ്രധാന പ്രവര്‍ത്തകരെയും വിളിച്ചു ചേര്‍ത്താണ് ആര്യാടന്‍ ഒത്തൂതീര്‍പ്പ് ചര്‍ച്ച നടത്തിയത്.

ഇന്നലെ രാവിലെ തിരൂര്‍ ഗവണ്‍മെന്റ് റസ്റ്റ്ഹൗസില്‍ വെച്ചായിരുന്നു മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടന്നത്. ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞിന്റെ സാന്നിദ്ധ്യത്തില്‍ ഒരോ പഞ്ചായത്ത് നേതൃത്വവുമായി പ്രത്യേകം ചര്‍ച്ചകളായിരുന്നു നടത്തിയത്. ലീഗ്-കോണ്‍ഗ്രസ് പ്രശ്‌നം രൂക്ഷമായി നിലനില്‍ക്കുന്ന പൊന്മുണ്ടം, ചെറിയമുണ്ടം, ഒഴൂര്‍ പഞ്ചായത്തുകളിലെ നേതാക്കളെയായിരുന്നു പ്രധാനമായും ചാര്‍ച്ചയില്‍ വിളിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ചര്‍ച്ചയുടെ തുടര്‍ച്ചയായി തരെഞെടുപ്പ് രഗം ശക്തമാക്കാന്‍ 10ന് താനൂരില്‍ കോഗ്രസ് യോഗം ചേരുമെന്ന് നേതാക്കള്‍ അറിയിച്ചു.
ഈ യോഗത്തിലും ആര്യാടന്‍ സംബന്ധിക്കുമെന്നാണ് അറിയുന്നത്. ജില്ലയില്‍ ഇടതുമുന്നണി പ്രതീക്ഷയര്‍പ്പിച്ച സീറ്റുകളിലൊന്നാണ് താനൂര്‍. താനൂര്‍ പിടിച്ചെടുക്കാനായി ഇടതു സ്വതന്ത്രന്‍ വി അബ്ദുര്‍റഹിമാനെ എല്‍ ഡി എഫ് നേരത്തെ രംഗത്തിറക്കി പ്രചാരണം തുടങ്ങിയിട്ടുണ്ട്. ലീഗിന്റെ പരമ്പരാഗത വോട്ടുബേങ്കിലും കോണ്‍ഗ്രസ് വോട്ടിലുമായിരുന്നു വി അബ്ദുറഹിമാന്‍ കണ്ണുവച്ചത്.

ഇത് ലീഗ് നേതൃത്വത്തിന് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ് വോട്ട് ഉറപ്പിക്കുന്നതിനായി ജില്ലാ യു ഡി എഫ് നേതൃത്വവുമായി ലീഗ് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ജില്ലാ കോണ്‍ഗ്രസ് നേതാക്കളും ആര്യാടന്‍ മുഹമ്മദും നേരിട്ടെത്തി കോണ്‍ഗ്രസുകാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്. യു ഡി എഫ് സ്ഥാനാര്‍ഥി മുസ്‌ലിം ലീഗിലെ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ കോഗ്രസുകാരും രംഗത്തുണ്ടാകണമെന്ന് ആര്യാടന്‍ ചര്‍ച്ചയില്‍ നിര്‍ദേശിച്ചു.

താനൂരില്‍ അബ്ദുര്‍റഹിമാന്‍ രണ്ടത്താണിക്കെതിരായി കോഗ്രസുകാര്‍ പ്രവര്‍ത്തിച്ചാല്‍ പിന്നീടൊരിക്കലും അവര്‍ക്ക് കോണ്‍ഗ്രസില്‍ ഇടം നല്‍കില്ലെന്ന നിലപാടായിരുന്നു ആര്യാടന്‍ നേതാക്കളെ അറിയിച്ചത്. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മുന്‍ കെ പിസി സി അംഗം മത്സര രംഗത്തുള്ള താനൂരില്‍ ആര്യാടന്റെ ഇടപെടല്‍ എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.