വികസനം ഉയര്‍ത്തി സി മമ്മൂട്ടി പ്രചാരണ ഗോദയില്‍; സ്വതന്ത്രന്‍മാരെ ഇറക്കാന്‍ ഇടതുപക്ഷം

Posted on: March 8, 2016 12:13 pm | Last updated: March 8, 2016 at 12:13 pm

c mammottyതിരൂര്‍: മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി തിരൂര്‍ നിയോജക മണ്ഡലത്തില്‍ നിലവിലെ എം എല്‍ എ. സി മമ്മൂട്ടിയെ വീണ്ടും പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ചു. സ്ഥാനാര്‍ഥിയാണെന്നറിഞ്ഞത് മുതല്‍ പ്രചാരണ ഗോദയില്‍ സജീവമായിരിക്കുകയാണ് സി മമ്മൂട്ടി.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം മണ്ഡലത്തിലെത്തിയ മമ്മൂട്ടിയെ വന്‍ വരവേല്‍പ്പ് നല്‍കിയായിരുന്നു യു ഡി എഫ് പ്രവര്‍ത്തകര്‍ വരവേറ്റത്. പോകുന്ന ഇടങ്ങളിലെല്ലാം വോട്ടഭ്യര്‍ഥനയും മമ്മൂട്ടി ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി യോഗങ്ങളിലും കണ്‍വെണ്‍ഷനുകളിലുമാണ് ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ ഇറക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി വരികയാണ്. വയനാട് വെള്ളമുണ്ട സ്വദേശിയായ സി മമ്മൂട്ടിക്ക് ഇത് രണ്ടാം അങ്കമാണ് തിരൂരില്‍. 26-ാം വയസില്‍ 1987 ല്‍ കല്‍പറ്റ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2001ല്‍ കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും എം എല്‍ എയായി. തിരൂരില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തന മികവും വീണ്ടും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാന്‍ മമ്മൂട്ടിക്ക് സഹായകമായി. സംസ്ഥാനത്തിന് മാതൃകയായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി എന്നതാണ് മമ്മൂട്ടിക്ക് ആത്മവിശ്വാസം പകരുന്നത്.
സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖഛായ മാറ്റുകയും നിലവാരമുള്ള പഠന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. സമ്പൂര്‍ണ്ണ കുടിവെള്ളം പദ്ധതി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയ ചാരിതാര്‍ത്ഥ്യവും മമ്മൂട്ടിക്കുണ്ട്. മലയാളം സര്‍വകലാശാല മുതല്‍ സിന്തറ്റിക്ക് ട്രാക്കോടു കൂടിയ സ്റ്റേഡിയം ഉള്‍പ്പടെ 600 കോടി രൂപയില്‍ അധികം വികസന പ്രവര്‍ത്തനങ്ങള്‍ അഞ്ചു വര്‍ഷക്കാലയളവില്‍ നടപ്പാക്കി. മുസ്‌ലിം ലീഗിന് വ്യക്തമായ സ്വാധീനമുള്ള തിരൂര്‍ മണ്ഡലത്തില്‍ ഇടത് അനുകൂല കാറ്റടിച്ച് ചരിത്രം പലപ്പോഴായി മാറിമറിയുകയും ചെയ്തു. 2011ലെ മണ്ഡലം പുനര്‍നിര്‍ണയത്തോടെ കുറ്റിപ്പുറം മണ്ഡലത്തില്‍ നിന്നുള്ള പകുതി ഭാഗം തിരൂരിന്റെ ഭാഗമാവുകയും തിരൂരിലെ ചില പഞ്ചായത്തുകള്‍ തവനൂരായി രൂപാന്തരം പ്രാപിക്കുകയുമുണ്ടായി. മുസ്‌ലിംലീഗിന് അനുകൂലമായിട്ടായിരുന്നു പുതിയ മണ്ഡലത്തിന്റെ ഘടന. ഏറെ കാലം മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബശീര്‍ എം പി തിരൂരിനെ പ്രതിനിധീകരിച്ചു.
എന്നാല്‍ 2006ല്‍ സഖാവ് പി പി അബ്ദുല്ലക്കുട്ടിയുമായുള്ള മത്സരത്തില്‍ ഇ ടി മുഹമ്മദ് ബശീര്‍ കടപുഴകി. എട്ടായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സി പി എം മുന്‍ ഏരിയാ സെക്രട്ടറി പി പി അബ്ദുള്ളക്കുട്ടിയുടെ വിജയം. എന്നാല്‍ 2011ല്‍ 23,563 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി അബ്ദുല്ലകുട്ടിയെ പരാജയപ്പെടുത്തി സി മമ്മൂട്ടി തിരൂര്‍ മണ്ഡലം തിരിച്ചു പിടിച്ചത്. അഞ്ചു വര്‍ഷത്തിനിടെ പാര്‍ട്ടിയുടെയും അതിലുപരി ഘടക കക്ഷികളുടെയും വിശ്വാസ്യത നേടാന്‍ മമ്മൂട്ടിക്ക് സാധിച്ചു. ഇടത്, വലത് വ്യത്യാസമില്ലാതെ പഞ്ചായത്തുകള്‍ക്ക് ഒരു പോലെ ഫണ്ടുകള്‍ നല്‍കിയെന്നത് രാഷ്ട്രീയ എതിരാളികള്‍ കൂടി അംഗീകരിക്കുന്നു. എന്നാല്‍ ഇത്തവണ മത്സരം കടുക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരൂര്‍ നഗരസഭയില്‍ എല്‍ ഡി എഫിന്റെ അപ്രതീക്ഷിത വിജയവും കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ലീഗ് വോട്ടിലുണ്ടായ ഗണ്യമായ കുറവും ഇടതു മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ശക്തമായ സ്ഥാനാര്‍ഥിയെ കാണിക്കാന്‍ ഇടതു മുന്നണിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂട്ടായി ബശീറിന് സാധ്യത കല്‍പിക്കുന്നുണ്ടെങ്കിലും സര്‍വ സ്വതന്ത്രനെയോ ലീഗ് റിബലിനെയോ ഇറക്കാനാണ് എല്‍ ഡി എഫ് നേതൃത്വത്തിന്റെ നീക്കം. മണ്ഡലത്തിന് പുറത്തു നിന്നുളള സര്‍വ്വ സ്വതന്ത്രരെ ഇറക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളും നടന്നു വരുന്നുണ്ട്.