Connect with us

Gulf

പകര്‍ച്ചവ്യാധി ചികിത്സക്ക് മാത്രമായി ആശുപത്രി ആരംഭിക്കുന്നു

Published

|

Last Updated

ദോഹ: പകര്‍ച്ചവ്യാധി ചികിത്സക്ക് വേണ്ടി മാത്രമായി ആശുപത്രി ഉടനെ തുടങ്ങുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വൃതങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ജൂണിനും ആഗസ്റ്റിനും ഇടയില്‍ ആശുപത്രി തുറക്കും. ആശുപത്രിയില്‍ എല്ലാവിധ ആധുനിക, നൂതന സംവിധാനങ്ങളും ഉണ്ടാകും.
റുമൈല ഹോസ്പിറ്റല്‍ വളപ്പില്‍ നിര്‍മിക്കുന്ന ആശുപത്രിയില്‍ 65 കിടക്കകളാണ് ഉണ്ടാകുക. ഗുരുതര പകര്‍ച്ചവ്യാധി രോഗങ്ങളുള്ളവരെ ചികിത്സിക്കുന്നതിന് ഒറ്റ മുറിയായാണ് നിര്‍മാണം. വിദേശത്ത് പോകുന്നവര്‍ക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് നടത്തും. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ചികിത്സിക്കുന്ന കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും. പ്രതിരോധ ശേഷി, പകര്‍ച്ചവ്യാധി എന്നീ വിഭാഗങ്ങളെയാണ് ആശുപത്രി കേന്ദ്രീകരിക്കുക. വിവരം ശേഖരിക്കാനുള്ള സൗകര്യമുണ്ടാകുന്നതിനാല്‍ ദേശീയ പൊതുജനാരോഗ്യ പദ്ധതികളെ സഹായിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ സാധിക്കും.
ഖത്വറില്‍ താമസിക്കുന്ന വിദേശികളടക്കമുള്ള എല്ലാവര്‍ക്കും ആശുപത്രയില്‍ ചികിത്സ ലഭ്യമാണെന്ന് എച്ച് എം സി മെഡിക്കല്‍ അക്കാദമിക് ഡെപ്യൂട്ടി ചീഫ് ഡോ. അബ്ദുല്‍ ലത്വീഫ് അല്‍ ഖാല്‍ നേരത്തെ പറഞ്ഞിരുന്നു. ക്ഷയം, പകര്‍ച്ചപ്പനി, എയ്ഡ്‌സ്, മെര്‍സ്, യാത്ര ചെയ്യുന്നത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികളെ സംബന്ധിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം നടത്താനുള്ള കേന്ദ്രമായും ആശുപത്രിയെ പരിവര്‍ത്തിപ്പിക്കും. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് ഇവിടെയുണ്ടാകുക.