യൂറോപ്യന്‍ മാതൃകയില്‍ വിനോദത്തിനും ഷോപ്പിംഗിനും പുതിയ കേന്ദ്രം

Posted on: March 7, 2016 8:11 pm | Last updated: March 7, 2016 at 8:11 pm

ദോഹ: യൂറോപ്യന്‍ മോഡലില്‍ വിനോദത്തിനും ഷോപ്പിംഗിനും പുതിയ ഇടം ഒരുങ്ങുന്നു കതാറയില്‍. മാജിക്കല്‍ ഫെസ്റ്റിവല്‍ വില്ലേജ് പ്രൊജക്ടിന് കതാറയില്‍ തുടക്കമായി. ഷോപ്പിംഗും വിനോദവും ഉള്‍ച്ചേര്‍ന്ന യൂറോപ്യന്‍ അന്തരീക്ഷമുള്ള കേന്ദ്രമാണ് മാജിക്കല്‍ ഫെസ്റ്റിവല്‍ വില്ലേജ്. 60 ദശലക്ഷം റിയാല്‍ ചെലവില്‍ 40,000 ചതുരശ്ര മീറ്ററില്‍ കതാറ ദക്ഷിണ ബീച്ചില്‍ നിര്‍മിച്ചതാണ് മാജിക്കല്‍ വില്ലേജ്.
20 രാജ്യങ്ങളില്‍ നിന്നുള്ള 400 ഷോപിംഗ് കേന്ദ്രങ്ങളും 20 റെസ്റ്റോറന്റുകളും കഫേകളും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാവുന്ന വിനോദ പരിപാടികളും വില്ലേജില്‍ ഒരുക്കിട്ടുണ്ട്. ഐസ് സ്‌കേറ്റിംഗ്, ട്രാംപോളിംഗ്, കുട്ടികള്‍ക്കുള്ള നിരവധി വിനോദ പരിപാടികള്‍ എന്നിവ വൈകാതെ ആരംഭിക്കുമെന്ന് മാജിക്കല്‍ വില്ലേജിന്റെ ഓപ്പറേഷന്‍ മാനേജര്‍ അബ്ദുല്‍ അസീസ് അല്‍ മുഹന്നദിയെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ടു ചെയ്തു. സ്മാര്‍ട്ട് സയന്‍സ് ഫെസ്റ്റിവല്‍, ഫാന്റസി ആന്‍ഡ് ലാഫര്‍ ഫെസ്റ്റിവല്‍, ചോക്കലേറ്റ് കപ്‌കേക്ക് ഫെസ്റ്റിവല്‍ തുടങ്ങി ദിവസവും ആഘോഷ വിനോദ പരിപാടികളുണ്ട്. സന്ദര്‍ശകരെ അത്ഭുതപ്പെടുത്തും വിധം വില്ലേജിന്റെ ഇടനാഴികളില്‍ സൗജന്യ വിനോദ പരിപാടികളുമൊരുക്കിയിട്ടുണ്ട്. കാര്‍ണിവല്‍, മ്യൂസിക് കോര്‍ണര്‍, തുടങ്ങി നൈമിഷിക കാഴ്ചകള്‍ വരെ തയ്യാറാക്കിയിട്ടുണ്ട്. കതാറ, എസ്ദാന്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് തുടങ്ങി സര്‍ക്കാര്‍, സ്വകാര്യ സംരംഭങ്ങളുമായി സഹകരിച്ചാണ് മാജികല്‍ ഫെസ്റ്റിവല്‍ വില്ലേജ് പദ്ധതിക്ക് തുടക്കം കുറിച്ചത്.