പ്രായമുള്ളവര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ ആര്‍ ടി എ ആലോചിക്കുന്നു

Posted on: March 7, 2016 5:39 pm | Last updated: March 7, 2016 at 5:39 pm
SHARE

driveദുബൈ: പ്രായമുള്ള ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നത് നിയന്ത്രിക്കാന്‍ ആര്‍ ടി എ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആര്‍ ടി എ സമര്‍പിച്ച നിര്‍ദേശത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രായമായ ഡ്രൈവര്‍മാര്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നത് പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു ശുപാര്‍ശ ആര്‍ ടി എ നല്‍കിയതെന്ന് ലൈസന്‍സിംഗ് ഏജന്‍സി വിഭാഗം സി ഇ ഒ അഹ്മദ് ഹാഷിം ബെഹ്‌റൂസിയാന്‍ വ്യക്തമാക്കി. പ്രായം കൂടിയ ഡ്രൈവര്‍മാര്‍ക്ക് ഓരോ വര്‍ഷവും വൈദ്യപരിശോധന നിര്‍ബന്ധമാക്കുകയാണ് ശുപാര്‍ശകളില്‍ പ്രധാനം. ഫെഡറല്‍ സര്‍ക്കാരിന്റെ മറ്റു വകുപ്പുകളുമായും ഇക്കാര്യത്തില്‍ ആര്‍ ടി എ ചര്‍ച്ച നടത്തിയിട്ടുണ്ട്. അധികം വൈകാതെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രായമായവര്‍ക്ക് നല്‍കുന്ന ലൈസന്‍സുകള്‍ ഹ്രസ്വകാലത്തേക്ക് മാത്രമാക്കുക എന്നതും ഇതില്‍ ഉള്‍പെടും. നിലവില്‍ 10 വര്‍ഷത്തേക്കാണ് ആര്‍ ടി എ ലൈസന്‍സ് നല്‍കുന്നത്. വര്‍ഷംതോറും ലൈസന്‍സിനായി വൈദ്യപരിശോധന നടത്തുന്നതിനുള്ള പ്രായം 60 മുതല്‍ 65 വരെ ആക്കാനാണ് ആലോചന. നിലവില്‍ ഭാരവാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്ക് ഓടിക്കുന്നവര്‍ക്കുന്നവര്‍ക്കും ട്രാം, ടാക്‌സി മുതലായവയിലെ ഡ്രൈവര്‍ക്കും എല്ലാ വര്‍ഷവും വൈദ്യപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിലേക്ക് കൂടുതല്‍ വിഭാഗങ്ങളെ ഉള്‍കൊള്ളിക്കാനും പദ്ധതിയുണ്ട്. ഡ്രൈവറുടെ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍, വീട്ടു ഡ്രൈവര്‍മാര്‍, നോണ്‍ പ്രൊഫഷണല്‍ ജോലിക്കാര്‍ എന്നിവര്‍ക്കും ഇത്തരം നിബന്ധനകള്‍ ഉള്‍കൊള്ളിക്കുന്നതിനെ കുറിച്ചും ആര്‍ ടി എ ഗൗരവമായി ആലോചിച്ചുവരികയാണ്. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം നടപടികള്‍. വീട്ടു ഡ്രൈവര്‍മാര്‍, സെയില്‍സില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ദീര്‍ഘനേരമാണ് വാഹനം ഓടിക്കുന്നത്. ഇത് അവരുടെ ആരോഗ്യം നഷ്ടപ്പെടുന്നതിനൊപ്പം അപകടങ്ങള്‍ക്ക് വഴിവെക്കാനും സാധ്യത കൂടുതലാണ്. പ്രായമായവരുടെ ലൈസന്‍സ് പുതുക്കല്‍ വൈദ്യപരിശോധനയുമായി ബന്ധിപ്പിക്കാനും നീക്കമുണ്ട്. ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിരവധി ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും എല്ലാം പെട്ടെന്ന് നടപ്പിലാക്കാനുള്ള നീക്കമൊന്നും ആര്‍ ടി എക്ക് ഇപ്പോഴില്ല. വിവിധ ഘട്ടങ്ങളിലായാവും ഇത് പ്രാവര്‍ത്തികമാക്കുക.
നിലവിലെ ഫെഡറല്‍ നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കേണ്ടത് 10 വര്‍ഷത്തില്‍ ഒരിക്കലാണ്. പരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെങ്കില്‍ ആദ്യം ഫെഡറല്‍ നിയമത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധിക്കാര്യത്തില്‍ മാറ്റം വരുത്തണം. ഡെലിവറി ബോയികളെയും ഈ വിഭാഗത്തില്‍ ഉള്‍പെടുത്തണമെന്ന നിര്‍ദേശവും ആര്‍ ടി എ മുന്നോട്ടുവെച്ചിട്ടുണ്ട്. പുതിയ ലൈസന്‍സ് എടുക്കുമ്പോഴോ, നിലവിലുള്ളവ പുതുക്കുമ്പോഴോ എല്ലാ വിഭാഗക്കാര്‍ക്കും വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നതും പരിഗണനാ വിഷയമാണ്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഒരു ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകളാണ് ആര്‍ ടി എ നല്‍കിയത്. ആരോഗ്യ കാരണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 1,200 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദ് ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here