നായക സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതിയ കലാകാരന്‍

Posted on: March 7, 2016 12:32 am | Last updated: March 7, 2016 at 12:32 am

Kalabhavan-Maniചാലക്കുടി: മലയാള സിനിമയിലെ സുന്ദര നായക സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതപ്പെട്ടത് കലാഭവന്‍ മണിയുടെ വരവോടെയായിരുന്നു. സീരിയലില്‍ അഭിനയിക്കാന്‍ പോയതോടെ കലാഭവനില്‍ നിന്ന് പുറത്തായ മണി അഭിനയ രംഗത്തേക്ക് എത്തുന്നത് സുന്ദര്‍ദാസും ലോഹിത ദാസും സല്ലാപത്തില്‍ അവസരം കൊടുത്തതോടെയാണ്. മുനവെച്ച മൂളിപ്പാട്ടും പാടി ഗ്രാമങ്ങളിലെ ചെത്തുകാരന്റെ തനിപകര്‍പ്പായ കഥാപാത്രത്തെ സ്വതസിദ്ധമായ നര്‍മം കൊണ്ടും അഭിനയ ചാതുരി കൊണ്ടും മണി ശ്രദ്ധേയമാക്കി.
പ്രത്യേക തരത്തിലുള്ള ഈണത്തിലുള്ള ചിരിയും പ്രേക്ഷകരെ തെല്ലൊന്നുമല്ല രസിപ്പിച്ചത്. മിമിക്രിയില്‍ നിന്ന് സിനിമയിലെത്തുകയും പിന്നീട് ഹാസ്യസിനിമകളിലെ നിത്യസാന്നിധ്യമാവുകയും ചെയ്ത മണി ഗൗരവമുള്ള കഥാപാത്രങ്ങളെയും താന്‍ ഗംഭീരമായി കൈകാര്യം ചെയ്യുമെന്ന് പിന്നീട് തെളിയിച്ചു. മലയാള സിനിമയില്‍ പല പരീക്ഷണങ്ങളും നടത്തിയ സംവിധായകന്‍ വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ ഇതിന് വലിയ ഉദാഹരണമാണ്. അന്ധനായ തെരുവ് ഗായകന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോള്‍ മണി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നുവെന്ന് സിനിമാ പ്രേമികള്‍ വിലയിരുത്തി.
തിയേറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങിയവരുടെ മനസ്സില്‍ കാലങ്ങളോളം മണിയുടെ വേഷം നിറഞ്ഞുനിന്നു. നിരവധി ബഹുമതികള്‍ ഈ സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തെ തേടിയെത്തിയെങ്കിലും സംസ്ഥാന അവാര്‍ഡ് കിട്ടാതെ പോയപ്പോള്‍ മണി ബോധം കെട്ടുവീണത് വാര്‍ത്താ പ്രാധാന്യം നേടി. എന്നാല്‍ പിന്നീടും ഒരുപാട് കാലം മണിക്ക് ഹാസ്യ വേഷങ്ങളില്‍ ഒതുങ്ങേണ്ടിവന്നു. ഒരു വലിയ ഇടവേളക്ക് ശേഷം കരുമാടിക്കുട്ടന്‍, ഗാര്‍ഡ്, ആകാശത്തിലെ പറവകള്‍, വാല്‍കണ്ണാടി, സ്വര്‍ണം തുടങ്ങിയ സിനിമകളില്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ മണിയെ തേടിയെത്തി. നായകനായും വില്ലനായും തിളങ്ങിയ മണി തമിഴിലും തെലുങ്കിലും കന്നടയിലും വെന്നിക്കൊടി പാറിച്ചു.