Connect with us

National

മുംബൈ ഭീകരാക്രണം: ഇന്ത്യയിലെ സാക്ഷികളെ ഹാജരാക്കണമെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ലാഹോര്‍: മുംബൈ ഭീകരാക്രമണ കേസിലെ മുഴുവന്‍ സാക്ഷികളെയും കേസ് പരിഗണിക്കുന്ന ഇസ്‌ലാമാബാദിലെ തീവ്രവാദവിരുദ്ധ കോടതി മുമ്പാകെ ഹാജരാക്കണമെന്ന് ഇന്ത്യയോട് പാക്കിസ്ഥാന്‍. ഭീകരാക്രമണ കേസിലെ ഇന്ത്യയിലെ 24 സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിന് തീവ്രവാദവിരുദ്ധ കോടതി മുമ്പാകെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കിയതായി പാക്കിസ്ഥാനിലെ പ്രോസിക്യൂഷന്‍ മേധാവി ചൗധരി അസ്ഹര്‍ പറഞ്ഞു. കേസില്‍ പാക്കിസ്ഥാന്‍ പൗരന്മാരായ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ണമായിട്ടുണ്ട്. ആറ് വര്‍ഷത്തിലധികമായി പാക്കിസ്ഥാന്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്.
പന്ത് ഇപ്പോള്‍ ഇന്ത്യയുടെ കോര്‍ട്ടിലാണ്. മുംബൈ ഭീകരാക്രമണ കേസില്‍ മുഴുവന്‍ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിനായി തീവ്രവാദവിരുദ്ധ കോടതി മുമ്പാകെ ഹാജരാക്കണമെന്നും എങ്കില്‍ മാത്രമേ കേസ് മുന്നോട്ടു പോകുകയുള്ളൂവെന്നും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കൂടിയായ അസ്ഹര്‍ പറഞ്ഞു.
കേസില്‍ ആരോപണവിധേയരായ ലശ്കറെ ത്വയ്യിബ ഓപറേഷനല്‍ കമാന്‍ഡര്‍ സാകിയുര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെയുള്ളവരുടെ വിചാരണ നിര്‍ത്തിവെച്ച കോടതി, മൊഴി രേഖപ്പെടുത്തുന്നതിനായി 24 ഇന്ത്യന്‍ സാക്ഷികളെയും ഹാജരാക്കണമെന്ന് എഫ് ഐ എയോട് ഉത്തരവിട്ടിരുന്നു. ഭീകരാക്രമണത്തിനിടെ ജീവനോടെ പിടികൂടിയ അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയിലെത്താന്‍ ഉപയോഗിച്ച ബോട്ട് പരിശോധിക്കുന്നതിനായി പാക്കിസ്ഥാനിലെത്തിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. തീവ്രവാദവിരുദ്ധ കോടതിയുടെ നിര്‍ദേശ പ്രകാരം എട്ടംഗ പാക്കിസ്ഥാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
2008ലെ മുംബൈ ഭീകരാക്രമണ കേസില്‍ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്. ലഖ്‌വിക്ക് പുറമെ അബ്ദുല്‍ വാജിദ്, മസ്ഹര്‍ ഇഖ്ബാല്‍, സാദിഖ്, ശാഹിദ് ജമീല്‍, ജമീല്‍ അഹ്മദ്, യൂനുസ് അന്‍ജും എന്നിവരാണ് പിടിയിലായത്. 2009 മുതല്‍ പാക്കിസ്ഥാന്‍ തീവ്രവാദവിരുദ്ധ കോടതിയില്‍ വിചാരണ നടക്കുകയാണ്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ലഖ്‌വി ജയില്‍ മോചിതനായിരുന്നു.

Latest