യാത്രക്കാര്‍ക്ക് വഴി കാട്ടാന്‍ ഹമദിന് ഐ ബീക്കണ്‍ ആപ്പ്

Posted on: March 6, 2016 8:13 pm | Last updated: March 6, 2016 at 8:13 pm

Appദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പുതിയ ആപ്പ്. ലോകത്ത് ഐ ബീക്കണ്‍ ഉപയോഗിക്കുന്ന ചുരക്കം എയര്‍പോര്‍ട്ടുകളുടെ പട്ടികയിലേക്ക് പ്രവേശിച്ചാണ് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പുതിയ ആപ്പ് വികസിപ്പിച്ചത്.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്ത് ലൊക്കേഷന്‍ തിരഞ്ഞെടുത്താല്‍ ആവശ്യമായ വിവരങ്ങള്‍ ആപ്പ് നല്‍കും. വിമാനത്തിന്റെ തത്സമയ വിവരങ്ങള്‍, ബാഗേജ് ക്ലെയിം, ബോര്‍ഡിംഗ് ഗേറ്റിലേക്കുള്ള വഴി, സമയം, ഭക്ഷ്യശാലകള്‍, ഡ്യൂട്ടി ഫ്രീ തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ആപ്പ് അറിയിക്കുകയും വഴി കാട്ടുകയും ചെയ്യും. എയര്‍പോര്‍ട്ട് ഷോപ്പുകളിടെ പ്രത്യേക പ്രമോഷനകളും സവിശേഷ വിവരങ്ങളും ആപ്പ് നല്‍കും.
യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെന്നും ആപ്പില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനു വേണ്ടി എയര്‍പോര്‍ട്ടില്‍ 700ലധികം ബ്ലൂടൂത്ത് ഐ ബീക്കണുകളാണ് ഘടിപ്പിച്ചിരിക്കുന്നതെന്നും ഹമദ് എയര്‍പോര്‍ട്ട് സി ഇ ഒ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. ആപ്പിള്‍ ഫോണുകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്.
ഈ വര്‍ഷം മധ്യത്തോടെ തന്നെ ആന്‍ഡ്രോയ്ഡിലും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ടില്‍ ലഭ്യമാക്കിയിട്ടുള്ള വൈ ഫൈ സേവനം ഉപയോഗിച്ച് സൗകര്യം വികസിപ്പിക്കും.