വേനല്‍ ചൂടില്‍ ഉരുകുന്ന കേരളം

Posted on: March 6, 2016 6:09 am | Last updated: March 5, 2016 at 11:15 pm

SIRAJ.......മാര്‍ച്ച് പിറന്നപ്പോഴേക്കും കേരളം വേനല്‍ ചൂടില്‍ ഉരുകിത്തുടങ്ങി. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. പകല്‍ നേരങ്ങളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. പല പ്രദേശങ്ങളിലും പുറത്ത് പണിയെടുക്കുന്നവര്‍ക്ക് സൂര്യതാപം ഏല്‍ക്കുന്നു. താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തുമ്പോഴാണ് സാധാരണ സൂര്യാഘാതം ഏല്‍ക്കുകയെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ താപനിലം 38 ഡിഗ്രി സെല്‍ഷ്യസ് എത്തിയപ്പോഴേക്കും സൂര്യാഘാത ബാധ ഏറ്റുതുടങ്ങി.

പകലില്‍ പുറംപ്രദേശങ്ങളില്‍ ജോലിയെടുക്കുന്നവരുടെ തൊഴില്‍ സമയങ്ങളില്‍ ക്രമീകരണം വരുത്താന്‍ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ്. കാലവര്‍ഷം കടന്നുവരാന്‍ ഇനിയും മൂന്ന് മാസം അവശേഷിച്ചിരിക്കെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടത്തിലുമാണ്. വിലകൊടുത്ത് കുടിവെള്ളം വാങ്ങുന്ന പ്രദേശങ്ങളുമുണ്ട്. വൈദ്യതി ഉപയോഗവും വന്‍തോതില്‍ ഉയര്‍ന്നു.

വരള്‍ച്ചയുടെ ഭാഗമല്ല ഇപ്പോഴത്തെ അത്യുഷ്ണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. കാലവര്‍ഷത്തിന്റെ ഏറ്റക്കുറവുമായും ഇതിന് ബന്ധമില്ലെന്ന് അവര്‍ നിരീക്ഷിക്കുന്നു. പസഫിക് സമുദ്രത്തില്‍ ഉടലെടുക്കുന്ന എല്‍-നിനോയുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്നാണ് നാസയുടെ വിലയിരുത്തല്‍. നാല് വര്‍ഷം കൂടുമ്പോള്‍ ഉടലെടുക്കുന്ന എല്‍-നിനോ പ്രതിഭാസം മൂലം സമുദ്രജലത്തിനൊപ്പം അന്തരീക്ഷത്തിലും ശക്തമായ ചൂട് അനുഭവപ്പെടും.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച എല്‍-നിനോ ഈ വര്‍ഷം ഏപ്രില്‍ വരെ നിലനില്‍ക്കുമെന്നും കാലാവസ്ഥ പഠന വിഭാഗം അറിയിക്കുന്നു.
എല്‍-നിനോയും സമാന പ്രതിഭാസങ്ങളും ഇല്ലെങ്കിലും കാലം ചെല്ലുംതോറും ചൂട് കൂടി വരുന്നുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. 1988നുശേഷം ആഗോള താപനില പ്രതിദശകം 0,070 ഇ എന്ന നിരക്കില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നുണ്ട്. 2100 ഓടെ താപനില ഇനിയും ചുരുങ്ങിയത് നാല് ഡിഗ്രി സെല്‍ഷ്യസെങ്കിലും വര്‍ധിക്കുമെന്നും 2200 ഓടെ ശരാശരി എട്ട് ഡിഗ്രി സെല്‍ഷ്യസ് ആയേക്കുമെന്നാണ് ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലാ ഗവേഷകനായ പ്രൊഫ. സ്റ്റീവന്‍ ഷെര്‍വുഡിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര ഗവേഷക സംഘത്തിന്റെ മുന്നറിയിപ്പ്.

1950കള്‍ക്കുശേഷം തണുപ്പുള്ള പകലുകളുടെയും രാത്രികളുടെയും എണ്ണം കുറഞ്ഞു വരികയും ചൂടുകൂടിയ ദിനരാത്രങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയുമാണ്. വ്യാവസായിക വിപ്ലവാനന്തരം കാര്‍ബണ്‍ ഡയോക്‌സൈഡും മറ്റ് ഹരിതകഗൃഹവാതകങ്ങളും വന്‍ തോതില്‍ അന്തരീക്ഷത്തിലേക്ക് തള്ളുന്നതിന്റെ അനന്തര ഫലമാണിതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാവസായിക വിപ്ലവത്തിനു മുമ്പ് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ശരാശരി അളവ് 278 പിപിഎം ആയിരുന്നെങ്കില്‍ ഇന്നത് 400 പിപിഎമ്മിലെത്തിയിട്ടുണ്ട്. ജലബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തിലെത്തുന്ന നീരാവി അന്തരീക്ഷത്തിന്റെ താഴ്ന്നതലങ്ങളില്‍ ഘനീഭവിച്ച് മേഘങ്ങളായി പരിണമിച്ചാണ് മഴ വര്‍ഷിക്കുന്നത്. അന്തരീക്ഷത്തിലേക്ക് വന്‍തോതില്‍ നിക്ഷേപിച്ചു വരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ സാന്നിധ്യം താഴ്ന്ന തലങ്ങളില്‍ മേഘങ്ങള്‍ രൂപപ്പെടുന്നതിന് തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് പുതിയ ഗവേഷണങ്ങളിലെ കണ്ടെത്തല്‍.

മേഘരൂപവത്കരണം തടസ്സപ്പെടുമ്പോള്‍ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കൂടുകയും അത് താപവര്‍ധനവിന് വഴിയൊരുക്കുകയും ചെയ്യുന്നു.
വികസനത്തിന്റെ പേരിലുള്ള മനുഷ്യരുടെ വിവേക രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനത്തിലും താപനിലയുടെ ഉയര്‍ച്ചയിലും ചെറുതല്ലാത്ത പങ്കുണ്ട്. ടൂറിസത്തിന്റെ മറവില്‍ ഫഌറ്റ് മാഫിയയും മറ്റും കുന്നുകള്‍ ഇടിച്ചു നിരപ്പാക്കിയും മരങ്ങള്‍ വെട്ടി മാറ്റിയും തണ്ണിര്‍തടങ്ങള്‍ നികത്തിയും വന്‍കിട കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തിക്കൊണ്ടിരിക്കയാണ്. ഇത് ജലപാഷ്പീകരണത്തിന്റെ അളവ് കുറക്കുകയും ഉഷ്ണക്കാറ്റുകള്‍ അടിച്ചു വീശാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു.

തമിഴ്‌നാടില്‍ നിന്നും ചൂട് കാറ്റ് ഒരു തടസവും കൂടാതെ കേരളത്തിലേക്ക് വീശി തുടങ്ങിയത് അവയെ തടഞ്ഞു നിര്‍ത്തിയിരുന്ന കിഴക്കന്‍ മലകള്‍ വെട്ടി നിരത്തിയതോടെയാണെന്നാണ് വിദഗ്ധരുടെ പക്ഷം. ഈ പ്രവണത ഇനിയും നിര്‍ബാധം തുടര്‍ന്നാല്‍ അത്യൂഷ്ണം മൂലം കേരളത്തില്‍ ജീവിക്കാന്‍ പറ്റാതാകുന്ന അവസ്ഥ സംജാതമാകുന്ന കാലം അതിവിദൂരമായിരിക്കില്ല. പരിസ്ഥിതിയാണ് ആവാസ വ്യവസ്ഥയുടെയും ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും നിലനില്‍പ്പിന്റെയും അടിസ്ഥാന ഘടകമെന്ന കാര്യം കോര്‍പറേറ്റുകളും ഭരണകൂടങ്ങളും അത്യാഡംബരങ്ങള്‍ക്കായി പരക്കം പായുന്ന സാധാരണക്കാരും മനഃപൂര്‍വം വിസ്മരിക്കുകയാണ്.

പലപ്പോഴായി ചേരുന്ന ഭൗമ ഉച്ചകോടികളും മറ്റും ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചില തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യാറുണ്ടെങ്കിലും അവ കരാറുകളിലും ഉടമ്പടികളിലുമായി ഒതുങ്ങുന്നു. കൊടും വരള്‍ച്ച, ക്ഷാമം, പകര്‍ച്ചവ്യാധികള്‍, ജൈവവൈവിധ്യനാശം തുടങ്ങിയവയുടെ വര്‍ധനവും എല്‍ നിനോ, പോലുള്ള പ്രതിഭാസങ്ങളുമൊക്കെ മനുഷ്യസമൂഹത്തിന് പുനര്‍വിചിന്തനത്തിന് പ്രേരകമാകേണ്ടതാണ്.