കാസര്‍കോട് സീറ്റ് വേണ്ടെന്ന് ഐ എന്‍ എല്‍; ഉദുമയോ തൃക്കരിപ്പൂരോ വേണമെന്ന് ആവശ്യം

Posted on: March 6, 2016 5:32 am | Last updated: March 6, 2016 at 12:24 am

INLകാസര്‍കോട്: കാസര്‍കോട് നിയമസഭാ സീറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന് ഐ എന്‍ എല്‍ സംസ്ഥാന-ജില്ലാ നേതൃത്വം സിപിഎമ്മിനെ അറിയിച്ചു. പകരം തൃക്കരിപ്പൂര്‍, ഉദുമ സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കണമെന്നാണ് ഐ എന്‍ എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

24 വര്‍ഷത്തോളമായി എല്‍ ഡി എഫിനൊപ്പം നില്‍ക്കുന്ന ഐ എന്‍ എല്ലിന് ഓരോ തിരഞ്ഞെടുപ്പിലും വിജയ സാധ്യതയില്ലാത്ത കാസര്‍കോട് സീറ്റാണ് സി പി എം അനുവദിക്കുന്നത്. പലതവണ ഐ എന്‍ എല്‍ സ്ഥാനാര്‍ഥികള്‍ കാസര്‍കോട്ട് പരാജയം ഏറ്റുവാങ്ങി. എല്‍ ഡി എഫില്‍ ഘടക കക്ഷിയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല.
ഈയൊരു സാഹചര്യത്തില്‍ വിജയം ഉറപ്പായ ഒരു സീറ്റ് ഐ എന്‍ എല്ലിന് കിട്ടണമെന്ന് സി പി എം സംസ്ഥാന-ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളതായി ഒരു ഐ എന്‍ എല്‍ നേതാവ് പറഞ്ഞു.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലും, ഉദുമ, കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലും എല്‍ ഡി എഫിന്റെ ജയ പരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയുന്ന ശക്തി ഐ എന്‍ എല്ലിനുണ്ടെന്നാണ് നേതാക്കള്‍ സി പി എമ്മിനെ ബോധ്യപ്പെടുത്തിയിട്ടുള്ളത്. കാലങ്ങളായി തോല്‍ക്കുന്ന സീറ്റ് ഐ എന്‍ എല്ലിന് നല്‍കുന്നത് മൂലം പ്രവര്‍ത്തകരുടെ മനോവീര്യംതന്നെ ഇല്ലാതാകുന്നുവെന്നാണ് ഐ എന്‍ എല്‍ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഐ എന്‍ എല്ലിന് ഏറ്റവും കൂടുതല്‍ ശക്തിയുള്ള കാസര്‍കോട്ട് ഉറച്ച ഒരു സീറ്റ് വേണമെന്ന കാര്യത്തില്‍ പിന്നോട്ട് പോകില്ലെന്നും നേതാക്കള്‍ പറയുന്നു.

അടുത്ത ഭരണം എല്‍ ഡി എഫിന് ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ എല്ലാ കാലത്തും എല്‍ ഡി എഫിന്റെ പിന്തുണക്കുന്ന ഐ എന്‍ എല്ലിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കേണ്ടത് സി പി എം നേതൃത്വത്തിന്റെ ബാധ്യതയാണെന്നും ഐ എന്‍ എല്‍ നേതൃത്വം പറയുന്നു. ഐ എന്‍ എല്‍ മാറി ചിന്തിച്ചാല്‍ പല സീറ്റുകളും എല്‍ ഡി എഫിന് വഴുതിപ്പോകുമെന്ന മുന്നറിയിപ്പും ഐ എന്‍ എല്‍, സി പി എമ്മിന് നല്‍കിയതായാണ് സൂചന.
കാസര്‍കോട് മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡന്റ് അജിത്കുമാര്‍ ആസാദ് മത്സരിച്ചേക്കുമെന്ന പ്രചാരണം നിലനില്‍ക്കുന്നതിനിടയിലാണ് ഈ സീറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന കടുത്ത നിലപാട് ഐ എന്‍ എല്‍ സ്വീകരിച്ചിരിക്കുന്നത്.