ഇ – പേയ്‌മെന്റ് രീതി ഒമാനില്‍ വ്യാപകമാകുന്നു

Posted on: March 5, 2016 8:12 pm | Last updated: March 5, 2016 at 8:12 pm

e paymentമസ്‌കത്ത്: നോട്ടുകളും നാണയത്തുട്ടുകളും പോക്കറ്റില്‍ കരുതുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത ഇ – പേയ്‌മെന്റ് രീതി ഒമാനിലും വ്യാപമാകുന്നു. ലോകത്തെ പല രാജ്യങ്ങളും പൂര്‍ണത കൈവരിക്കുകയോ പൂര്‍ണതയിലേക്കു സഞ്ചരിക്കുകയോ ചെയ്യുമ്പോള്‍ ഒമാനും മുന്നേറുകയാണ്.

ഇ – ഗവണ്‍മെന്റ് പദ്ധതിയിലൂടെ രാജ്യം മികച്ച തുടക്കം കുറിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പണമടക്കുന്നതും ഇതിനകം പ്ലാസ്റ്റിക് കറന്‍സി മുഖേനയാക്കിക്കഴിഞ്ഞു. എന്നാല്‍ ഒട്ടുമിക്ക പേയ്‌മെന്റുകളും ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മാസ്റ്റര്‍ കാര്‍ഡുമായി സഹകരിച്ചാണ് രാജ്യം നാഷണല്‍ ഇ-പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനം നടപ്പിലാക്കുന്നത്. മാസ്റ്റര്‍ കാര്‍ഡ് ഇന്റര്‍നെറ്റ് ഗേറ്റ് വേ സര്‍വീസ് എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ലോകവ്യാപാകമായി ഉപയോഗിച്ചു വരുന്ന ആധുനിക സംവിധാനമാണിത്.

വ്യാപാരികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും ബില്ലുകള്‍ അടക്കുന്നതിനും സംഭാവനകള്‍ നല്‍കാന്‍ വരെ ഈ സംവിധാനം ഉപയോഗിക്കാനാകും. രാജ്യത്തെ ഒരു ചാരിറ്റി സംഘടനയായ ദാര്‍ അല്‍ അത്ത രണ്ട് വര്‍ഷം മുമ്പ് തന്നെ ഇ ഗവണ്‍മെന്റ് സംവിധാനം ആരംഭിച്ചിരുന്നു. സംഭാവനകള്‍ നല്‍കുന്നവര്‍ക്കും വളരെ എളുപത്തില്‍ ഉപയോഗിക്കാനാകുമെന്നതും സൗകര്യമാണ്.
സര്‍ക്കാര്‍ സേവനങ്ങളും മറ്റു പൊതു സര്‍വീസുകളും ഈ രീതിയിലൂടെ എളുപ്പത്തില്‍ സാധ്യാമാക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സേവനങ്ങള്‍ക്കാണെങ്കിലും പര്‍ച്ചേസിംഗിനാണെങ്കിലും പണം കൈവശം വെക്കാതെ മാസ്റ്റര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് ഇടപാടുള്‍ നടത്താന്‍ കഴിയുന്ന സൗകര്യമാണ് വന്നു ചേരുന്നത്.