ബോയ്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം ഇന്ന്

Posted on: March 5, 2016 10:36 am | Last updated: March 5, 2016 at 10:36 am

മാനന്തവാടി: ഗവ. കോളജില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ പണിപൂര്‍ത്തിയാക്കിയ ബോയ്‌സ് ഹോസ്റ്റല്‍, സര്‍ക്കാരിന്റെ 2012-13 ഫണ്ട് വിഹിതം ചെലവഴിച്ച് നിര്‍മിച്ച കാന്റീന്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി പി കെ ജയലക്ഷ്മിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മിക്കുന്ന ഹെറിറ്റേജ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനവും ഇന്ന് രാവിലെ 10ന് കോളജില്‍ മന്ത്രി പി കെ ജയലക്ഷ്മി നിര്‍വഹിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1981ല്‍ സ്ഥാപിതമായ മാനന്തവാടി ഗവ. കോളജ് അക്കാദമിക-അക്കാദമികേതര രംഗങ്ങളില്‍ നിരവധി നേട്ടങ്ങള്‍ ഇതിനകം കൈവരിച്ചിട്ടുണ്ട്. 2014ല്‍ നടന്ന യുജിസി, എന്‍എഎസി പരിശോധനയില്‍ കോളജ് ബി ഗ്രേഡ് നേടി.
കോളജില്‍ നിലവിലുള്ള നാലു ബിരുദ കോഴ്‌സുകള്‍ക്കൊപ്പം ബിഎ ഹിസ്റ്ററി, ബിഎസ്‌സി ഫിസിക്‌സ്, ബിഎ മലയാളം എന്നീ ഡിഗ്രി കോഴ്‌സുകള്‍ കൂടി കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ മന്ത്രി പി കെ ജയലക്ഷ്മിയുടെയും കോളജ് വികസന സമിതിയുടെയും ശക്തമായ ഇടപെടല്‍ വഴി അനുവദിച്ചതായി അറിയിച്ചിട്ടുണ്ട്. 2018ല്‍ നടക്കുന്ന എന്‍എഎസി പരിശോധനിയില്‍ കോളജിനെ സജ്ജമാക്കുന്നതിന് പ്രത്യേക കര്‍മപരിപാടികള്‍ തയ്യാറാക്കി വരികയാണ്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ബിരുദാനന്തര പഠനത്തിനും കൂടുതല്‍ പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എംഎ ഇംഗ്ലീഷ്, എംഎ ഇക്കോണോമിക്‌സ്, എംഎസ്‌സി ഇലക്ട്രോണിക്‌സ് തുടങ്ങിയ കോഴ്‌സുകള്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.
കോളജിന്റെ സമഗ്ര വികസനത്തിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറായി കോളജ് വികസന സമിതി പ്രവര്‍ത്തിച്ചുവരുന്നു. കായികരംഗത്ത് അമ്പെയ്ത്ത്, വെയിറ്റ് ലിഫ്റ്റിങ് തുടങ്ങിയ മിക്ക കായികയിനങ്ങളിലും സംസ്ഥാന തലത്തില്‍ തന്നെ കോളജ് നിരവധി നേട്ടങ്ങള്‍ കൈവരിച്ചു. കായികരംഗത്ത് വിദഗ്ധ പരിശീലനം നല്‍കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് കോളജില്‍ സ്ഥാപിക്കുന്നത് ജില്ലയുടെ തന്നെ കായികക്കുതിപ്പിന് സഹായിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ സെമിനാര്‍ ഹാള്‍, ഓഡിറ്റോറിയം എന്നിവ കോളജില്‍ അനുവദിക്കേണ്ടതും മല്‍സരപ്പരീക്ഷകള്‍ക്ക് എസ്‌സി, എസ്ടി വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് പ്രീ എക്‌സാമിനേഷന്‍ സെന്റര്‍ സ്ഥാപിക്കേണ്ടതും അനിവാര്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ബീന സദാശിവന്‍, പോഗ്രാം കണ്‍വീനര്‍ ഡോ. കെ എം ജോസ്, പിടിഎ വൈസ് പ്രസിഡന്റ് മമ്മു ഹാജി, ഡോ. പി മനോജ്, എ കെ സുമേഷ് പങ്കെടുത്തു.