ഇനി തിരഞ്ഞെടുപ്പിന്റെ തീ ചൂട്

Posted on: March 5, 2016 10:03 am | Last updated: March 5, 2016 at 10:03 am
SHARE

voteതിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നു. പോരാട്ടത്തിന്റെ തീ ചൂടിലേക്ക് നീങ്ങുകയാണ് കേരളം. 140 മണ്ഡലങ്ങള്‍. 2.56 കോടി വോട്ടര്‍മാര്‍. അവര്‍ തീരുമാനിക്കാനിരിക്കുന്നു, അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കണമെന്ന്. അതിനായി ജനകീയ കോടതിയില്‍ വിചാരണ ആരംഭിക്കുകയാണ്. ജനവിധി മെയ് 16നും ഫലം 19നും.
ജീവന്‍ മരണ പോരാട്ടമാണ് ഇരുമുന്നണികള്‍ക്കും. മാറി മാറിയുള്ള കേരളത്തിലെ ഭരണശൈലി തിരുത്തുമെന്നാണ് യു ഡി എഫ് അവകാശവാദം. തിരിച്ചുവരാന്‍ എല്‍ ഡി എഫും അരയും തലയും മുറുക്കുന്നു. നിര്‍ണായക ശക്തിയാകുമെന്നാണ് ബി ജെ പിയുടെ അവകാശവാദമെങ്കിലും നിയമസഭയില്‍ അക്കൗണ്ട് തുറക്കണമെന്നാണ് അവരുടെയും ലക്ഷ്യം.
രാഷ്ട്രീയ ഭൂമിക മാസങ്ങള്‍ക്ക് മുമ്പെ ഉഴുതുമറിക്കാന്‍ തുടങ്ങിയതാണ്. അഴിമതി മുഖ്യവിഷയമാക്കി നിയമസഭയിലും പുറത്തും പ്രതിപക്ഷം വന്‍പ്രതിഷേധമുയര്‍ത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവും സര്‍ക്കാറും പ്രതീക്ഷിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് തന്നെ മന്ത്രിസഭക്ക് മുന്നിലെ ഫയലുകളെല്ലാം തീര്‍പ്പാക്കി മന്ത്രിമാര്‍ തലസ്ഥാനം വിട്ടു. ഇനി എല്ലാവരും സ്വന്തം തട്ടകത്തിലാണ്. സീറ്റ് ഉറപ്പുള്ളവര്‍ പ്രചാരണം തുടങ്ങി. അല്ലാത്തവര്‍ സീറ്റ് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലും.
തര്‍ക്കങ്ങള്‍ എവിടെയും തീര്‍ന്നിട്ടില്ല. തര്‍ക്കിക്കാന്‍ തക്ക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുമില്ല. എല്ലാത്തിനും വേണ്ടത്ര സമയമുണ്ട്. ഏപ്രില്‍ അവസാനവാരമെങ്കിലും തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു പ്രതീക്ഷ. മെയ് മൂന്നാംവാരത്തിലേക്ക് നീണ്ടതോടെ ചര്‍ച്ചകള്‍ വേണ്ടത്ര വിശാലമാക്കാം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ സീറ്റ് വിഭജന, സ്ഥാനാര്‍ഥി നിര്‍ണ്ണയ ആലോചനകള്‍ എല്ലാവരും തുടങ്ങിയിരുന്നു. മുസ്‌ലിംലീഗ് ഭൂരിഭാഗം സീറ്റിലും സ്ഥാനാര്‍ഥികളെ തന്നെ പ്രഖ്യാപിച്ചു. ചര്‍ച്ചകള്‍ക്ക് സമയം കൂടുതലാണെങ്കിലും മറികടക്കാന്‍ പാര്‍ട്ടികള്‍ക്ക് മുന്നില്‍ കടമ്പകളേറെയുണ്ട്. ആദ്യം തീര്‍ക്കേണ്ടത് സീറ്റ് വിഭജനമാണ്. സമാന്തരമായി സ്ഥാനാര്‍ഥി നിര്‍ണയവും.
യു ഡി എഫ് പ്രാഥമികമായി യോഗം ചേര്‍ന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസും ആര്‍ എസ് പിയും ജെ ഡി യുവുമാണ് യു ഡി എഫിന് മുന്നിലെ തലവേദന. എട്ട് സീറ്റുകളാണ് ജെ ഡി യുവിന്റെ ആവശ്യം. അതില്‍ തന്നെ ജയസാധ്യതയും വേണം. ആര്‍ എസ് പി പുതിയ ഘടകകക്ഷി ആയതിനാല്‍ അവര്‍ക്കും സീറ്റ് കണ്ടെത്തണം. ഫ്രാന്‍സിസ് ജോര്‍ജ്ജും സംഘവും പോയതോടെ കേരളാകോണ്‍ഗ്രസിന് അല്‍പം തലവേദന കുറയും. സ്ഥാനാര്‍ഥി മോഹികളുടെ കൂട്ടയിടി ഉള്ളതിനാല്‍ അവരും കൂടുതല്‍ സീറ്റ് ചോദിക്കുന്നു. കൂടുതലൊന്നും വേണ്ടെന്ന് മുസ്‌ലിം ലീഗ് നിലപാടെടുത്തിട്ടുണ്ട്.
തര്‍ക്കം ഉയരാന്‍ തക്ക ചര്‍ച്ചകളിലേക്ക് എല്‍ ഡി എഫ് ഇനിയും കടന്നിട്ടില്ല. ഘടകകക്ഷികള്‍ അല്ലാത്ത മുന്നണിയുമായി സഹകരിക്കുന്നവരുടെ തള്ളാണ് മുന്നണിയില്‍. ആര്‍ ബാലകൃഷ്ണ പിള്ള മുതല്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ ജി ദേവരാജന്‍ വരെ സീറ്റ് മോഹികളായുണ്ട്. കെ ആര്‍ ഗൗരിയമ്മയും സംഘവും. ഐ എന്‍ എല്‍, പി സി ജോര്‍ജ്ജ്, സി എം പി അരവിന്ദാക്ഷന്‍ വിഭാഗം, കോവൂര്‍ കുഞ്ഞിമോന്‍, ഒടുവില്‍ ഫ്രാന്‍സിസ് ജോര്‍ജ് സംഘവും. ഇവരെയെല്ലാം തൃപ്തിപ്പെടുത്താന്‍ സി പി എം നന്നായി വിയര്‍ക്കുമെന്നുറപ്പ്. ഇതിന് പുറമെയാണ് മുന്നണിക്കുള്ളില്‍ നിന്ന് ഉയരുന്ന ആവശ്യം. കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് സി പി ഐ വ്യക്തമാക്കി കഴിഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയം വലിയ കടമ്പയാകുക കോണ്‍ഗ്രസിന് തന്നെയാകും. അത്രയേറെ സ്ഥാനാര്‍ഥികളുടെ പിടിവലിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. കെ പി സി സി നിര്‍ദേശമനുസരിച്ച് ഓരോ മണ്ഡലത്തിലേക്കുമായി തയ്യാറാക്കിയ പട്ടിക തന്നെ നാല് പേര് ഉള്‍ക്കൊള്ളുന്നതാണ്. തര്‍ക്കം തീര്‍ക്കാന്‍ ആവശ്യത്തിന് സമയം ഉണ്ടെന്നത് മാത്രമാണ് അവര്‍ക്ക് ആശ്വാസം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക രണ്ട് ദിവസത്തിനകം എ ഐ സി സിക്ക് നല്‍കാനായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പ് നീണ്ട സാഹചര്യത്തില്‍ ഇത് വൈകാനാണ് സാധ്യത. സി പി എമ്മില്‍ സ്ഥാനാര്‍ഥികള്‍ ആരെല്ലാം എന്ന ചര്‍ച്ച ജില്ലാതലങ്ങളില്‍ നടന്നുകഴിഞ്ഞു. 11, 12 തിയതികളില്‍ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റും 13ലെ കമ്മിറ്റിയും കഴിഞ്ഞാകും തീരുമാനം.
സി പി ഐ സ്ഥാനാര്‍ഥികളെ 19ന് പ്രഖ്യാപിക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി പാര്‍ട്ടി സെക്രട്ടേറിയറ്റും കൗണ്‍സിലും ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here