Connect with us

Articles

സോഷ്യല്‍ മീഡിയ എന്ന രാജ്യദ്രോഹി !!

Published

|

Last Updated

“എന്നെയും സര്‍ക്കാറിനെയും തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ വിദേശപണം പറ്റുന്ന ചില ഏജന്‍സികളാണ്. അപമാനിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങള്‍ക്ക് മുമ്പില്‍ മുട്ടുമടക്കില്ല. ചായ വില്‍പ്പനക്കാരന്‍ പ്രധാനമന്ത്രിയായതിലെ അസഹിഷ്ണുതയാണ് ഇതിന് പിന്നില്‍” ജെ എന്‍ യു വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതിങ്ങനെയാണ്. ഗൂഢാലോചന എന്നു പറയുക മാത്രമല്ല ആരാണ് ഗൂഢാലോചന നടത്തുന്നത് എന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട് മോദി സര്‍ക്കാര്‍. ഇനി ഗൂഢാലോചനക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പരിപാടികളാണ് ബി ജെ പി ആസൂത്രണം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് ഈ ഗൂഢനീക്കങ്ങള്‍ക്ക് പിന്നിലുള്ളത് എന്നാണ് പാര്‍ട്ടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് എന്ത് സംഭവിച്ചാലും അതിനെ പര്‍വതീകരിച്ച് സര്‍ക്കാറിനെതിരെ ജനരോഷം ഉയര്‍ത്താനുള്ള വേദിയാക്കി സോഷ്യല്‍ മീഡിയയെ മാറ്റിയിരിക്കുകയാണ് ഈ ഗൂഢാലോചകര്‍ എന്നാണ് പുതിയ കണ്ടെത്തല്‍. ഇതിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ക്ക് എന്‍ ഡി എ സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണ്.
സാമൂഹിക മാധ്യമങ്ങളിലൂടെ ഭീകരവാദം വളര്‍ത്തുന്നതും ക്രമസമാധാനം തകര്‍ക്കുന്നതുമായ സന്ദേശങ്ങള്‍ വ്യാപകമാകുന്നത് തടയുക എന്നതാണ് സര്‍ക്കാര്‍ പറയുന്ന ന്യായമെങ്കിലും യഥാര്‍ഥത്തില്‍ സര്‍ക്കാറിനെതിരായ പ്രതിഷേധം ഒഴിവാക്കുന്നതിനുള്ള ശ്രമമായിട്ടാണ് ഇതിനെ കാണേണ്ടത്. ഇസിലിനെ പോലുള്ള തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്കും വാട്ട്‌സ്ആപ്പും വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒരു കാര്യം വളരെ വ്യക്തമാണ്; രാജ്യത്തിന് ഭീഷണിയാകുന്ന തീവ്രവാദവും ഭീകരവാദവും ആരുടെ ഭാഗത്തുനിന്നായാലും തടയപ്പെടേണ്ടതുതന്നെയാണ്. അതില്‍ രണ്ടു പക്ഷമില്ല. പക്ഷേ, തീവ്രവാദം, ഭീകരവാദം എന്ന ലേബലൊട്ടിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചൊതുക്കാനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തനത്തിന് തടയിടാനുമുള്ള ശ്രമം ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന് ചേര്‍ന്നതല്ല. ഭരിക്കുന്ന പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരെയുള്ള പ്രതിഷേധങ്ങളെ രാജ്യദ്രോഹം എന്ന അക്കൗണ്ടിലേക്ക് മാറ്റപ്പെടുന്നത് ഇത്തരം പ്രശ്‌നങ്ങളില്‍ സര്‍ക്കാറിന്റെ ഭാഗം ന്യായീകരിക്കാന്‍ കഴിയുന്നില്ല എന്നതിനു തെളിവാണ്.
തീവ്രവാദവും ഭീകരവാദവും മുന്നില്‍വെച്ച് സര്‍ക്കാറിനെതിരെയുള്ള ശബ്ദങ്ങള്‍ക്ക് തടയിടാനാകുമോ എന്നതാണ് ഈ ശ്രമത്തിന് പിന്നിലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അപകീര്‍ത്തികരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരം നല്‍കുന്ന ഐ ടി നിയമത്തിലെ 66 എ വകുപ്പ് അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണെന്ന് പറഞ്ഞ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സമാനമായ, കേരള പോലീസ് ആക്ടിലെ 118 ഡി നിയമവും ഇതേത്തുടര്‍ന്ന് ഒഴിവാക്കപ്പെട്ടിരുന്നു. റദ്ദാക്കപ്പെട്ട നിയമത്തിലെ വ്യവസ്ഥകള്‍ കുറച്ചുകൂടി മയപ്പെടുത്തി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനുപുറമേ സര്‍ക്കാറിനെതിരായ വാര്‍ത്തകള്‍ നിരീക്ഷിക്കും. ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കാന്‍ പ്രത്യേക സൈബര്‍ സെല്ലിന് രൂപം നല്‍കാനും തീരുമാനമുണ്ട്.
ഇവിടെ കൗതുകകരമായ വസ്തുത സോഷ്യല്‍ മീഡിയയെ തങ്ങളുടെ പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയവരും അതുപോലെ ടിറ്റര്‍ പോലുള്ളത് കൂടുതലായി ഉപയോഗിക്കുന്നതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്ത ഭരണകര്‍ത്താക്കളില്‍ ഒരാളായ നരേന്ദ്ര മോദിയും നേതൃത്വം നല്‍കുന്ന സര്‍ക്കാറാണ് സോഷ്യല്‍ മീഡിയക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നതാണ്. ബി ജെ പി ഭരണത്തിലേറി രണ്ട് വര്‍ഷമാകുമ്പോള്‍ ഇന്ത്യയിലുണ്ടായ നിരവധി സംഭവങ്ങളില്‍ പാര്‍ട്ടിയുടെ പങ്ക് ജനത്തിന് മുമ്പില്‍ അവതരിപ്പിച്ചത് യഥാര്‍ഥത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ സൈറ്റുകളുമാണ്. ഇതുതന്നെയാണ് മിസ്ഡ് കോള്‍ അലേര്‍ട്ടിലൂടെ അംഗങ്ങളെ ചേര്‍ത്ത ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയെന്ന് മേനി പറയുന്ന ബി ജെ പിയെ ഇത്തരം സൈറ്റുകള്‍ക്കെതിരെ തിരിയാന്‍ ഇടയാക്കുന്നത്.
2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ സാമൂഹിക മാധ്യമങ്ങളെ നന്നായി ഉപയോഗിക്കുകയും ഇന്ത്യയുടെ ആദ്യത്തെ “സോഷ്യല്‍ മീഡിയ പ്രധാനമന്ത്രി” എന്ന വിശേഷണത്തിന് അര്‍ഹനാകുകയും ചെയ്ത മോദി ഗുജറാത്ത് കലാപത്തിനുശേഷം തന്നെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായിരുന്ന ധാരണ മാറ്റിത്തിരുത്താന്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടത്താന്‍ പ്രത്യേക ടീമിനെ വരെ ഉപയോഗിച്ചിരുന്നു. അധികാരത്തിലെത്തിയതിനു ശേഷവും ഫേസ്ബുക്കിലും ട്വിറ്ററിലും ദിവസവും പോസ്റ്റുകള്‍ നടത്തുകയും മറ്റു മന്ത്രിമാര്‍ക്ക് അതിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയ ഒരു ബൂമറാംഗ് പോലെ തിരിച്ചടിക്കുന്നതാണ് കാണുന്നത്. ദാദ്രി, ഹൈദരാബാദ്, ഡല്‍ഹി സംഭവങ്ങള്‍ക്കു ശേഷം സോഷ്യല്‍ മീഡിയയിലെ ബി ജെ പിയുടെയും നരേന്ദ്ര മോദിയുടെയും ഗ്രാഫ് കുത്തനെ താഴുന്നതാണ് നാം കാണുന്നത്.
ദാദ്രി കൊലപാതകം, സ്മൃതി ഇറാനിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്, മോദിയുടെ അടിക്കടിയുള്ള വിദേശ സന്ദര്‍ശനം, രാഷ്ട്രത്തലവന്മാരുമായുള്ള ചര്‍ച്ചകളില്‍ പാലിക്കപ്പെടാതെ പോകുന്ന മര്യാദകള്‍, ഡി ഡി സി എ കോഴ, രോഹിത് വെമുല സംഭവം, ജെ എന്‍ യു വിവാദം തുടങ്ങി ബി ജെ പി സര്‍ക്കാറിനെ വെട്ടിലാക്കിയ ഏത് സംഭവമെടുത്ത് പരിശോധിച്ചാലും സര്‍ക്കാറിനെ വിമര്‍ശിക്കുന്നതിലും സംഭവങ്ങളുടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുന്നതിലും വലിയ പങ്ക് വഹിച്ചത് ഇത്തരം സൈറ്റുകളാണ്. പ്രിന്റ് മീഡിയ ആയാലും വിഷല്‍ മീഡിയ ആയാലും ചില വ്യക്തികളെയോ അല്ലെങ്കില്‍ പ്രസ്ഥാനത്തെയോ പ്രതിനിധാനം ചെയ്യുന്നതിനാല്‍ ഭരണകൂട വിമര്‍ശനത്തിന് പലപ്പോഴും അതിരുകള്‍ തീര്‍ക്കുമ്പോള്‍ സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് അതിരുകളും വിലക്കുകളുമില്ല എന്നതുതന്നെയാണ് ഇത്തരം വിമര്‍ശങ്ങള്‍ പലപ്പോഴും കൊള്ളേണ്ടിടത്ത് കൊള്ളുന്നത്.
ചര്‍ക്കയില്‍ വസ്ത്രം നെയ്ത മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിച്ച രാജ്യത്ത് ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുന്നതില്‍ ജനങ്ങള്‍ക്ക് യാതൊരു അപകര്‍ഷമൊന്നുമില്ല. മോദിക്ക് ഗാന്ധിജി റോള്‍ മോഡലാണോ എന്നത് മാത്രമാണ് പ്രശ്‌നം. ചായക്കടക്കാരനില്‍നിന്ന് “ഗുജറാത്തി”ലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിലെത്തിയ മോദി ആദ്യ രണ്ടു വര്‍ഷത്തിലധികവും വിദേശ സന്ദര്‍ശത്തിന് തിരഞ്ഞെടുത്തത് തന്നെ ആ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നിലുള്ള തന്റെ “പ്രതിച്ഛായ” തിരുത്തിക്കുറിക്കാനായിരുന്നു. ഈ യാത്രയിലൊക്കെ ലോകനേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലും ട്വിറ്ററിലുമിട്ട് ലൈക്കുകള്‍ നേടിയ മോഡി തന്റെ വളര്‍ച്ചക്കുവേണ്ടി ഉപയോഗിച്ച സാമൂഹിക മാധ്യമങ്ങളെ ശത്രുതാ മനോഭാവത്തോടുകൂടി കാണുന്നു എന്നതാണ് വിരോധാഭാസം.
ജെ എന്‍ യു സംഭവത്തില്‍ കന്‍ഹയ്യകുമാറിനെ രാജ്യദ്രോഹിയാക്കാന്‍ പണിയെടുക്കുന്ന കുത്തക മാധ്യമങ്ങള്‍ക്കും ഭരണകൂട ഭീകരതകള്‍ ഒളിച്ചുവെച്ച് അവര്‍ക്ക് ഓശാന പാടുന്നവര്‍ക്കും സോഷ്യല്‍ മീഡിയ എന്നും ഭീഷണിയാണ്. അതിന് തടയിടേണ്ടത് അവരുടെ ആവശ്യവുമായി മാറുകയാണ്. അര്‍ണബ് ഗോസാമിയെ പോലുള്ള അവതാരകരും സീ ന്യൂസിലെ വീഡിയോ എഡിറ്റര്‍മാരെ പോലുള്ളവരും വിചാരിച്ചാല്‍ ചാനലില്‍ സര്‍ക്കാര്‍ അനുകൂല വാര്‍ത്തകളും വിശകലനങ്ങളും വരുമായിരിക്കും. ഒരു സംഭവത്തില്‍ അവതാരകന്റെ അഭിപ്രായം അടിച്ചേല്‍പ്പിക്കാനുള്ള വേദിയായി ഇന്നത്തെ ചാനല്‍ ചര്‍ച്ചകള്‍ മാറിയിരിക്കുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും. അതുകൊണ്ട് തന്നെയാണ് ഇത്തരം അവതാരകരോട് ന്യൂസ് റൂമില്‍ നിന്ന് ഇറങ്ങിവന്ന് പരസ്യ സംവാദത്തിന് തയ്യാറാകാന്‍ ആവശ്യപ്പെടേണ്ടി വരുന്നത്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ഇത്തരം പക്ഷപാതങ്ങള്‍ നടപ്പില്ല, അപ്പോള്‍ പിന്നെ നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ക്ക് തടയിടുക എന്നതാണ് ബി ജെ പി കാണുന്ന വഴി.