വിഷം ചീറ്റലിന് കടിഞ്ഞാണ്‍ വേണ്ടേ?

Posted on: March 5, 2016 4:41 am | Last updated: March 4, 2016 at 10:55 pm

അധികാരത്തിന്റെ ഹുങ്കില്‍ വിഷം സ്ഫുരിക്കുന്ന വര്‍ഗീയ പ്രസ്താവനകളിലൂടെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുകയാണ് സംഘ്പരിവാര്‍ നേതാക്കള്‍. രാക്ഷസരായ മുസ്‌ലിംകള്‍ക്കെതിരെ പ്രതികാരത്തിന് സമയമായെന്നും കൊല്ലപ്പെട്ട അരുണ്‍ മഹോറിന് മുസ്‌ലികളുടെ തലയോട്ടികള്‍ കാണിക്ക സമര്‍പ്പിക്കുമെന്നും വി എച്ച് പിയുടെ ഭീഷണിക്ക് പിന്നാലെ, ഇസ്‌ലാമുള്ള കാലത്തോളം ലോകത്ത് തീവ്രവാദമില്ലാതാക്കാന്‍ കഴിയില്ലെന്ന പ്രകോപന പ്രസ്താവനയുമായി ഉത്തര കന്നഡയിലെ ബി ജെ പി. എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ രംഗത്ത് വന്നു. ഭട്കലിലെ മുസ്‌ലിം സമുദായംഗങ്ങളാണ് രാജ്യത്ത് തീവ്രവാദം പ്രചരിപ്പിക്കുന്നതെന്നും ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപിതമായത് ഭട്കലിലാണെന്നും അയാള്‍ തട്ടിവിടുകയുണ്ടായി. ആഗ്രയില്‍ കൊല്ലപ്പെട്ട വി എച്ച് പി പ്രവര്‍ത്തകന്‍ അരുണ്‍ മഹോറിന്റെ അനുസ്മരണ ചടങ്ങില്‍, കേന്ദ്രമന്ത്രി രാംശങ്കര്‍ കത്തേരി, ഫത്തേഹ്പുര്‍ സിക്രി എം പി ബാബുലാല്‍, ബി ജെ പി. എം എല്‍ എ ജഗന്‍ പ്രസാദ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അനുശോചന യോഗത്തില്‍ വി എച്ച് പി നേതാവ് രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്തത്.
സംഘ്പരിവാര്‍ നേതാക്കളുടെ പ്രകോപന പ്രസ്താവനകള്‍ രാജ്യത്തിന് അപരിചിതമല്ലെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് ഇത് ശക്തിപ്പെട്ടതും വ്യാപകമായതും. കേന്ദ്രമന്ത്രി നിരഞ്ജന്‍ ജ്യോതി, ബി ജെ പി. എം പി ആദിത്യനാഥ് യോഗി ബി ജെ പി നേതാക്കളായ ഗിരിരാജ് സിംഗ്, ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത്, ഹിന്ദുമഹാസഭ ഉപാധ്യക്ഷ സാധ്വി ദേവ ഠാക്കൂര്‍, ഉദ്ദവ് താക്കര്‍, സഞ്ജയ് റാവത്ത് എം പി തുടങ്ങി ഒട്ടേറെ സംഘ്പരിവാര്‍ നേതാക്കള്‍ തുടരെത്തുടരെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നു. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയുമെല്ലാം ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും അവര്‍ക്ക് അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യേണ്ടതും ഫാസിസ്റ്റ് ശക്തികളാണെന്ന മട്ടിലാണ് ഈ പ്രസ്താവനകള്‍. നേരത്തെ വാജപേയിയുടെ നേതൃത്വത്തില്‍ ബി ജെ പി രാജ്യഭരണം കൈയാളിയിട്ടുണ്ട്. അന്നൊന്നും ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ സംഘ്പരിവാര്‍ പ്രഭൃതികള്‍, പ്രത്യേകിച്ചു ബി ജെ പി നേതാക്കള്‍ ഒരുമ്പെട്ടിരുന്നില്ല. മോദി അധികാരത്തിലേറിയതോടെ രാജ്യം ഹിന്ദുത്വ രാഷ്ട്രമായിക്കഴിഞ്ഞ മട്ടിലാണ് പലരുടെയും സമീപനം.
ആകസ്മികമായ അനിഷ്ട സംഭവങ്ങളെ പര്‍വതീകരിച്ചു, അതിന് പുതിയ മാനവും വ്യാഖ്യാനവും നല്‍കി വര്‍ഗീയ കലാപങ്ങള്‍ കുത്തിപ്പൊക്കാനാണ് സംഘ്പരിവാര്‍ നീക്കം. ആഗ്രയിലെ വിശ്വഹിന്ദു പരിഷത്ത് പ്രാദേശിക നേതാവ് അരുണ്‍ മഹോറിന്റെ വധവുമായി ബന്ധപ്പെട്ട തീതുപ്പുന്ന പ്രസ്താവനകളുടെ താത്പര്യമിതാണ്. സംഭവത്തിനുത്തരവാദികളെന്ന് കരുതുന്ന അഞ്ച് പേരെ യു പി പോലീസ് അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ കൊലക്കുറ്റത്തിനും കലാപശ്രമത്തിനും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മഹോറിന്റെ കുടുംബത്തിന് 15 ലക്ഷം സഹായവും പ്രഖ്യാപിച്ചു. ഇതോടെ സമാധാനനില പുനഃസ്ഥാപിക്കപ്പെട്ടു കൊണ്ടിരിക്കെയാണ് മഹോറിന്റെ അനുസ്മരണ ചടങ്ങില്‍ മന്ത്രിയും പരിവാരങ്ങളും അന്തരീക്ഷം വീണ്ടും കലുഷിതമാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടത്.
കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നാലെ യു പിയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടം പിന്നീട് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലോ ഉപതിരഞ്ഞെടുപ്പികളിലോ ബി ജെ പിക്ക് ആവര്‍ത്തിക്കാനായിട്ടില്ല. കേന്ദ്ര ഭരണം രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും നരേന്ദ്രമോദിയുടെയും ബി ജെ പിയുടെയും ജനപിന്തുണ കുത്തനെ ഇടിഞ്ഞു വരികയാണെന്നാണ് ഡല്‍ഹി, ബീഹാര്‍ ഫലങ്ങളും മറ്റും ബോധ്യപ്പെടുത്തുന്നത്. കാര്‍ഷിക മേഖലയിലെ മുരടിപ്പ്, സാമ്പത്തിക മാന്ദ്യം, ഹൈദരാബാദ് യൂനിവേഴസിറ്റിയിലെയും ജെ എന്‍ യുവിലെയും അനിഷ്ട സംഭവങ്ങള്‍ തുടങ്ങയവ പാര്‍ട്ടിക്ക് കനത്ത തിരച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദര്‍ശ രാഷ്ട്രീയത്തിന്റെ പരിവേഷവും പാര്‍ട്ടിക്കില്ല. ആശയപരമായ സംവാദങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനും അവരുടെ കൈയില്‍ സൂക്ഷിപ്പൊന്നുമില്ല. മതസ്പര്‍ധ സൃഷ്ടിച്ചു വോട്ടുകള്‍ വര്‍ഗീയമായി ധ്രുവീകരിക്കുകയാണ് ഇനി അവരുടെ മുമ്പിലുള്ള ഏക മാര്‍ഗം. അതാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
സംഘ്പരിവാര്‍ വക്താവെങ്കിലും മതേതര ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രസ്തവാനകളെ നിയന്ത്രിക്കാനുള്ള ബാധ്യത നരേന്ദ്ര മോദിക്കുണ്ട്. ഭരണഘടനാ പരമായ ആ ഉത്തരവാദിത്തം നിറവേറ്റുന്നതിന് പകരം അത്തരം ചെയ്തികളെ അദ്ദേഹം മൗനം അനുഗ്രഹിച്ചു കൊണ്ടിരിക്കുകയാണെന്നതാണ് ആശങ്കാജനകം.